Link to home pageLanguagesLink to all Bible versions on this site
16
ദൈവത്തിലുള്ള വിശ്വാസവും സുരക്ഷിതത്വവും
ദാവീദിന്‍റെ സ്വർണ്ണഗീതം.
 
1 ദൈവമേ, ഞാൻ അങ്ങയെ ശരണം ആക്കിയിരിക്കുകയാൽ
എന്നെ കാത്തുകൊള്ളേണമേ,
2 ഞാൻ യഹോവയോട് പറഞ്ഞത്: “അവിടുന്നാണ് എന്‍റെ കർത്താവ്;
അങ്ങയെ കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല.“
 
3 ഭൂമിയിലെ വിശുദ്ധന്മാരോ,
അവർ, എനിക്ക് ഏറ്റവും പ്രമോദം നൽകുന്ന ശ്രേഷ്ഠന്മാർ തന്നെ.
 
4 അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും;
അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കുകയില്ല;
അവരുടെ നാമങ്ങളെ എന്‍റെ നാവിന്മേൽ എടുക്കുകയുമില്ല.
 
5 എന്‍റെ അവകാശത്തിന്‍റെയും പാനപാത്രത്തിന്‍റെയും പങ്ക് യഹോവ ആകുന്നു;
അവിടുന്ന് എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.
6 അളവുനൂൽ എനിക്കായി മനോഹരദേശത്ത് വീണിരിക്കുന്നു;
അതേ, എനിക്ക് നല്ല ഒരു അവകാശം ലഭിച്ചിരിക്കുന്നു.
 
7 എനിക്ക് ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും;
രാത്രികാലങ്ങളിലും എന്‍റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
8 ഞാൻ യഹോവയെ എപ്പോഴും എന്‍റെ മുമ്പിൽ വച്ചിരിക്കുന്നു;
അവിടുന്ന് എന്‍റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
 
9 അതുകൊണ്ട് എന്‍റെ ഹൃദയം സന്തോഷിച്ച് എന്‍റെ മനസ്സ് ആനന്ദിക്കുന്നു;
എന്‍റെ ശരീരം നിർഭയമായി വസിക്കും.
10 അവിടുന്ന് എന്‍റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല.
അങ്ങേയുടെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല.
 
11 ജീവന്‍റെ വഴി അങ്ങ് എനിക്ക് കാണിച്ചുതരും;
അങ്ങേയുടെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും
അങ്ങേയുടെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.

<- സങ്കീർത്തനങ്ങൾ 15സങ്കീർത്തനങ്ങൾ 17 ->