സെഖര്യാവിന്റെ പ്രവചനം
2 “യഹോവ നിങ്ങളുടെ പിതാക്കന്മാരോട് അത്യധികം കോപിച്ചിരുന്നു. 3 അതിനാൽ ജനത്തോടു പറയുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ അടുക്കൽ മടങ്ങിവരിക, എങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും,’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 4 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്‌പ്രവൃത്തികളെയും വിട്ടുതിരിയുക, എന്നാൽ അവർ ശ്രദ്ധിക്കുകയോ എനിക്കു ചെവിതരുകയോ ചെയ്തിട്ടില്ല,’ എന്നു പൂർവകാല പ്രവാചകന്മാർ നിങ്ങളുടെ പിതാക്കന്മാരോട് സംസാരിച്ചല്ലോ, നിങ്ങൾ അവരെപ്പോലെ ആകരുത്, എന്ന് യഹോവ അരുളിച്ചെയ്യുന്നു. 5 നിങ്ങളുടെ പിതാക്കന്മാർ ഇപ്പോൾ എവിടെ? പ്രവാചകന്മാർ, അവർ എന്നേക്കും ജീവിച്ചിരിക്കുമോ? 6 എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോട് കൽപ്പിച്ച എന്റെ വചനങ്ങളും ഉത്തരവുകളും നിങ്ങളുടെ പിതാക്കന്മാരുടെ കാലശേഷവും നിലനിന്നില്ലയോ?
8 രാത്രിയിൽ എനിക്കൊരു ദർശനമുണ്ടായി—എന്റെ മുന്നിൽ ചെമന്ന കുതിരപ്പുറത്ത് ഒരു പുരുഷൻ കയറിയിരിക്കുന്നത് കണ്ടു. അദ്ദേഹം ഒരു താഴ്വരയിൽ കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽ നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്നിൽ ചെമപ്പ്, തവിട്ട്, വെള്ള എന്നീ നിറങ്ങളിലുള്ള കുതിരകൾ ഉണ്ടായിരുന്നു.
9 ഞാൻ ചോദിച്ചു: “യജമാനനേ, ഇവയെന്ത്?”
10 കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽനിന്ന പുരുഷൻ വിശദീകരിച്ചു: “യഹോവ ഭൂമിയിലെങ്ങും പോകുന്നതിന് അയച്ചിട്ടുള്ളവരാണ് അവർ.”
11 കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽനിൽക്കുന്ന യഹോവയുടെ ദൂതനോട് അവർ വസ്തുത അറിയിച്ചു: “ഞങ്ങൾ ലോകമെങ്ങും സഞ്ചരിച്ചു. ലോകംമുഴുവനും സ്വസ്ഥമായും സമാധാനമായും ഇരിക്കുന്നതു കണ്ടു.”
12 അപ്പോൾ യഹോവയുടെ ദൂതൻ പറഞ്ഞു: “സൈന്യങ്ങളുടെ യഹോവേ, കഴിഞ്ഞ എഴുപതു വർഷങ്ങൾ അങ്ങ് കോപിച്ചിരിക്കുന്ന ജെറുശലേമിനോടും യെഹൂദാനഗരങ്ങളോടും കരുണകാണിക്കാൻ ഇനിയും താമസിക്കുമോ?” 13 എന്നോടു സംസാരിച്ച ദൂതനോട് യഹോവ ദയയോടും ആശ്വാസവാക്കുകളോടും സംസാരിച്ചു.
14 അപ്പോൾ എന്നോടു സംസാരിച്ച ദൂതൻ പറഞ്ഞു, “ഈ വചനം വിളംബരംചെയ്യുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ജെറുശലേമിനെക്കുറിച്ചും സീയോനെക്കുറിച്ചും വളരെ തീക്ഷ്ണതയുള്ളവൻ ആയിരിക്കും. 15 എന്നാൽ സ്വയം സുരക്ഷിതരാണെന്നു കരുതിയിരുന്ന രാജ്യങ്ങളോടു ഞാൻ കോപിച്ചിരിക്കുന്നു. ഞാൻ അൽപ്പമേ കോപിച്ചുള്ളൂ, എന്നാൽ, അവരുടെ ശിക്ഷ വളരെ വലുതായിരുന്നു.’
16 “അതുകൊണ്ട് യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ കരുണയോടെ ജെറുശലേമിലേക്കു മടങ്ങിവരും; അവിടെ എന്റെ ആലയം വീണ്ടും പണിയപ്പെടും. അളവുനൂൽ ജെറുശലേമിൽ വീഴും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
17 “വീണ്ടും വിളംബരംചെയ്യുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ നഗരങ്ങൾ സമൃദ്ധിയാൽ നിറഞ്ഞുകവിയും; യഹോവ വീണ്ടും സീയോനെ ആശ്വസിപ്പിക്കുകയും ജെറുശലേമിനെ തെരഞ്ഞെടുക്കുകയും ചെയ്യും.’ ”
20 പിന്നീട് യഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു. 21 ഞാൻ ചോദിച്ചു: “ഇവർ എന്തുചെയ്യാൻ പോകുന്നു?”