3 കാരണം, നാമും ഒരുകാലത്ത് അജ്ഞരും അനുസരണകെട്ടവരും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടവരും പലതരം പാപമോഹങ്ങൾക്കും സുഖഭോഗങ്ങൾക്കും അടിമകളും വെറുപ്പിലും അസൂയയിലും ജീവിച്ചവരും പരസ്പരം ഏറ്റവും വെറുക്കുന്നവരും ആയിരുന്നു. 4 എന്നാൽ, നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യരോടുള്ള സ്നേഹവും പ്രത്യക്ഷമായപ്പോൾ, 5 നാം ചെയ്ത നീതികർമങ്ങളാലല്ല, മറിച്ച് അവിടത്തെ കരുണയാൽത്തന്നെ, പുതിയ ജന്മം നൽകുന്ന ശുദ്ധീകരണത്താലും പരിശുദ്ധാത്മാവിലൂടെയുള്ള നവീകരണത്താലും അവിടന്ന് നമ്മെ രക്ഷിച്ചിരിക്കുന്നു. 6 നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് ദൈവം പരിശുദ്ധാത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി ചൊരിഞ്ഞത്. 7 യേശുവിന്റെ കൃപയാൽ നാം നീതീകരിക്കപ്പെടാനും പ്രത്യാശയായ നിത്യജീവന്റെ അവകാശികൾ ആകാനും ആണ് ഇങ്ങനെ ചെയ്തത്. 8 ഇത് വിശ്വാസയോഗ്യമായ വചനമാണ്. ദൈവത്തിൽ വിശ്വസിച്ചവർ ഊർജസ്വലതയോടെ സൽപ്രവൃത്തികളിൽ വ്യാപൃതരാകാനായി ഇക്കാര്യങ്ങൾക്കെല്ലാം നീ പ്രാധാന്യം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് നല്ലതും മനുഷ്യർക്കെല്ലാം ഉപകാരപ്രദവുമാണ്.
9 നേരേമറിച്ച്, അർഥശൂന്യമായ തർക്കങ്ങൾ, കുടുംബശ്രേഷ്ഠതയെപ്പറ്റിയുള്ള സംസാരം, ലഹളകൾ, ന്യായപ്രമാണസംബന്ധമായ തർക്കവിതർക്കങ്ങൾ എന്നിവയിൽനിന്നു പിന്മാറുക. ഇവ വ്യർഥവും നിഷ്ഫലവുമാണ്. 10 അന്തഃഛിദ്രം ഉണ്ടാക്കുന്ന വ്യക്തിയെ ഒന്നുരണ്ടുതവണ ഗുണദോഷിച്ചശേഷം ഒഴിവാക്കുക. 11 വഴിതെറ്റിക്കുന്നവനും പാപത്തിൽ ആണ്ടുപോയവനും എന്ന് അയാൾ സ്വയം വിധിച്ചിരിക്കുന്നതായി നിനക്കറിയാമല്ലോ.