6 നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു. 7 നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്. 8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.
9 ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്! 10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം! 11 ഇതുമാത്രമല്ല, നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമാക്കിയ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖേന ദൈവത്തിൽ നാം ആഹ്ലാദിക്കുന്നു.
13 ന്യായപ്രമാണം നൽകപ്പെടുന്നതിനുമുമ്പുതന്നെ ലോകത്തിൽ പാപം ഉണ്ടായിരുന്നു. പക്ഷേ, ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപം എങ്ങനെ നിർവചിക്കപ്പെടും? 14 ആദാംമുതൽ മോശവരെ ജീവിച്ചിരുന്നവർ ആദാം അനുസരണക്കേടുചെയ്ത അതേവിധത്തിൽ പാപംചെയ്തവർ അല്ലായിരുന്നു. എങ്കിലും മരണം അവരിലും ആധിപത്യം നടത്തി. ഈ ആദാം വരാനിരുന്നയാളിന്റെ[a] പ്രതിച്ഛായയായിരുന്നു.
15 എന്നാൽ ദൈവത്തിന്റെ ദാനവും നിയമലംഘനവും ഒരുപോലെയല്ല. ആദാം എന്ന ഏകമനുഷ്യന്റെ ലംഘനത്താൽ അനേകർ മരിച്ചുവെങ്കിൽ ഏറ്റവും അധികമായി ദൈവകൃപയും യേശുക്രിസ്തു എന്ന ഏകമനുഷ്യന്റെ കൃപയാലുള്ള ദാനവും അനേകർക്ക് സമൃദ്ധമായി വന്നിരിക്കുന്നു. 16 ആദാം എന്ന ഏകമനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലംപോലെയല്ല ദൈവത്തിന്റെ ദാനം; കാരണം, ആ ഏകപാപത്തിന്റെ ഫലമായി ശിക്ഷാവിധിക്കുള്ള ന്യായവിധി ഉണ്ടായി. എന്നാൽ, അനവധി ലംഘനങ്ങൾക്കു ശേഷമുള്ള കൃപാവരമാകട്ടെ, നീതീകരണത്തിനു കാരണമായി. 17 ആദാം എന്ന ഒരു മനുഷ്യന്റെ നിയമലംഘനത്താൽ, ആ മനുഷ്യനിലൂടെ, മരണം വാഴ്ച നടത്തി. എന്നാൽ, ദൈവം സമൃദ്ധമായി നൽകുന്ന കൃപയും നീതീകരണം എന്ന ദാനവും പ്രാപിക്കുന്നവർ യേശുക്രിസ്തുവെന്ന ഏകമനുഷ്യൻമുഖേന എത്രയോ അധികമായി ജീവനിൽ വാഴും!
18 അങ്ങനെ ഒരു ലംഘനംമൂലം എല്ലാ മനുഷ്യരും ശിക്ഷാവിധിയിൽ ആയതുപോലെ, ഒരു നീതിപ്രവൃത്തി എല്ലാ മനുഷ്യരെയും ജീവദായകമായ നീതീകരണത്തിലേക്കു നയിക്കുന്നു. 19 ആദാം എന്ന ഏകമനുഷ്യന്റെ അനുസരണക്കേടിലൂടെ അനേകർ പാപികളായിത്തീർന്നതുപോലെ, ക്രിസ്തു എന്ന ഏകമനുഷ്യന്റെ അനുസരണത്തിലൂടെ അനേകർ നീതിമാന്മാരായിത്തീരും.
20 എങ്കിലും, ന്യായപ്രമാണം വന്നുചേർന്നതിനാൽ ലംഘനത്തിന്റെ ബാഹുല്യം വ്യക്തമായി. എന്നാൽ പാപം വർധിച്ച സ്ഥാനത്ത് കൃപ അതിലുമധികം വർധിച്ചു. 21 ഇത്, മരണംമുഖേന പാപം ഭരണം നടത്തിയതുപോലെ, ദൈവത്തിന്റെ കൃപ നീതിയിലൂടെ ഭരണം നടത്തേണ്ടതിനാണ്. ഇതിന്റെ ഫലമാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരമുള്ള നിത്യജീവൻ.
<- റോമർ 4റോമർ 6 ->- a വരാനിരുന്നയാളിന്റെ, വിവക്ഷിക്കുന്നത് ക്രിസ്തുവിന്റെ