5 എന്നാൽ, ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന ക്രോധദിവസത്തേക്കു, നിന്റെ ശാഠ്യവും അനുതാപമില്ലാത്ത ഹൃദയവും നിമിത്തം നിനക്കുതന്നെ ദൈവക്രോധം ശേഖരിച്ചുവെക്കുകയാണ്. 6 ദൈവം “ഓരോ വ്യക്തിക്കും അവനവന്റെ പ്രവൃത്തിക്കനുസരിച്ചു പകരംചെയ്യും.”*സങ്കീ. 62:12; സദൃ. 24:12 7 നിരന്തരം നന്മപ്രവൃത്തികൾ ചെയ്തുകൊണ്ടു മഹത്ത്വവും മാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ നൽകും. 8 എന്നാൽ, സത്യം അനുസരിക്കാതെ സ്വാർഥചിന്തയോടുകൂടി ദുഷ്ടതയെ അനുസരിക്കുന്നവരുടെമേൽ കോപവും ക്രോധവും വർഷിക്കും. 9 തിന്മചെയ്യുന്ന ഏതു മനുഷ്യജീവിക്കും ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും പീഡയും സങ്കടവും ഉണ്ടാകും. 10 എന്നാൽ, നന്മ പ്രവർത്തിക്കുന്നവർക്കെല്ലാം, ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും മഹത്ത്വവും ബഹുമാനവും സമാധാനവും ലഭിക്കും; 11 കാരണം, ദൈവം പക്ഷഭേദം ഇല്ലാത്തവനാണ്.
12 ന്യായപ്രമാണം ലഭിക്കാതെ പാപംചെയ്ത യെഹൂദേതരരെല്ലാം ന്യായപ്രമാണംകൂടാതെതന്നെ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ടും പാപംചെയ്ത യെഹൂദരെല്ലാം ന്യായപ്രമാണത്താൽ ശിക്ഷവിധിക്കപ്പെടും. 13 ന്യായപ്രമാണം വെറുതേ കേൾക്കുന്നവരല്ല, ദൈവസന്നിധിയിൽ നീതിനിഷ്ഠർ; ന്യായപ്രമാണം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്. 14 ന്യായപ്രമാണം ഇല്ലാത്ത യെഹൂദേതരർ അവ കേൾക്കാതെ സ്വാഭാവികമായിത്തന്നെ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നു. ഇങ്ങനെ അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണമായിത്തീരുന്നു.†എഴുതപ്പെട്ട ന്യായപ്രമാണം ലഭിച്ചിട്ടില്ലെങ്കിലും യെഹൂദേതരരുടെയും മനസ്സാക്ഷിക്കുള്ളിൽ നന്മയേത് തിന്മയേത് എന്ന വിവേചനശക്തിയുണ്ട്. ഇത് ഒരു അലിഖിത നിയമസംഹിതയാണ്. 15 അവരുടെ ചിന്തകൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്തും അവരുടെ മനസ്സാക്ഷികൂടെ അതിനു സാക്ഷ്യംവഹിച്ചും ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അവരുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു. 16 ഞാൻ പ്രസംഗിക്കുന്ന സുവിശേഷം അനുസരിച്ച് ഒരു ദിവസം ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കും.
25 നീ ന്യായപ്രമാണം അനുസരിക്കുന്നെങ്കിൽ പരിച്ഛേദനം പ്രയോജനമുള്ളതാകും; എന്നാൽ ന്യായപ്രമാണം ലംഘിച്ചാലോ നീ പരിച്ഛേദനം സ്വീകരിക്കാത്തതിനു തുല്യമായിത്തീരുന്നു. 26 പരിച്ഛേദനം സ്വീകരിച്ചിട്ടില്ലാത്തവർ ന്യായപ്രമാണത്തിലെ വിധികളനുസരിച്ചാൽ പരിച്ഛേദനമുള്ളവരെപ്പോലെ അവരും പരിഗണിക്കപ്പെടുകയില്ലേ? 27 ശരീരത്തിൽ പരിച്ഛേദനം ഏൽക്കാതെതന്നെ ന്യായപ്രമാണം അനുസരിക്കുന്ന യെഹൂദേതരൻ, ലിഖിതനിയമസംഹിതയും പരിച്ഛേദനവും ഉണ്ടായിരുന്നിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റംവിധിക്കും.
28 കാരണം, പുറമേ യെഹൂദനായിരിക്കുന്നവനല്ല യഥാർഥ യെഹൂദൻ; അതുപോലെ, യഥാർഥ പരിച്ഛേദനം, ശരീരത്തിൽ ചെയ്യുന്ന ബാഹ്യമായ ഒന്നല്ല. 29 പിന്നെയോ, അകമേ യെഹൂദനായിരിക്കുന്നവനാണ് യഥാർഥ യെഹൂദൻ; ന്യായപ്രമാണത്തിലെ അക്ഷരപ്രകാരമുള്ളതല്ല, ആത്മാവിനാൽ ഹൃദയത്തിൽ ഉള്ളതാണ് ശരിയായ പരിച്ഛേദനം. ഇങ്ങനെയുള്ളവർക്ക് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്നുതന്നെ പ്രശംസ ലഭിക്കും.
<- റോമർ 1റോമർ 3 ->