1 കെംക്രയാപ്പട്ടണത്തിലുള്ള സഭയിലെ ശുശ്രൂഷക്കാരിയായ നമ്മുടെ സഹോദരി ഫേബയെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്. 2 ദൈവജനത്തിന്റെ മധ്യേ ആദരണീയർക്ക് അനുയോജ്യമായവിധം കർത്താവിന്റെ നാമത്തിൽ നിങ്ങൾ അവളെ സ്വീകരിക്കുകയും നിങ്ങളുടെ സഹായം ആവശ്യമുള്ള ഏതുകാര്യത്തിലും സഹായിക്കുകയുംചെയ്യുക. കാരണം, അവൾ ഞാൻ ഉൾപ്പെടെ അനേകർക്ക് സഹായിയായിത്തീർന്നിട്ടുണ്ട്.
3 ക്രിസ്തുയേശുവിന്റെ ശുശ്രൂഷയിൽ എന്റെ സഹപ്രവർത്തകരായിരുന്ന പ്രിസ്കില്ലയെയും അക്വിലായെയും വന്ദനം അറിയിക്കുക. 4 എനിക്കുവേണ്ടി സ്വന്തം ജീവനെപ്പോലും അപകടത്തിലാക്കിയവരാണ് അവർ. ഞാൻമാത്രമല്ല, യെഹൂദേതരരുടെ മധ്യേയുള്ള എല്ലാ സഭകളും അവരോട് നന്ദിയുള്ളവരായിരിക്കുന്നു.
5 അവരുടെ വീട്ടിൽ കൂടിവരുന്ന സഭയെ വന്ദനം അറിയിക്കുക.
15 ഫിലോലോഗോസ്, യൂനിയ, നെരെയുസ്, അവന്റെ സഹോദരി, ഒലുമ്പാസ് എന്നിവരെയും അവരുടെ കൂടെയുള്ള എല്ലാ ക്രിസ്തുവിശ്വാസികളെയും വന്ദനം അറിയിക്കുക.
16 ക്രിസ്തീയ സ്നേഹചുംബനത്താൽ എല്ലാവരും പരസ്പരം അഭിവാദനംചെയ്യുക.
ക്രിസ്തുവിന്റെ എല്ലാ സഭയും വന്ദനം അറിയിക്കുന്നു.
17 സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അപേക്ഷിക്കട്ടെ: നിങ്ങൾ പഠിച്ച ഉപദേശസത്യങ്ങൾക്ക് എതിരായുള്ളവ ഉപദേശിച്ച് ഭിന്നതയും വിശ്വാസജീവിതത്തിനു തടസ്സവും സൃഷ്ടിക്കുന്നവരെ സൂക്ഷിക്കുക. അവരുമായുള്ള ബന്ധം ഒഴിവാക്കുക. 18 അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനല്ല, സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നവരാണ്. മധുരഭാഷണത്തിലൂടെയും മുഖസ്തുതിയിലൂടെയും നിഷ്കളങ്കരായവരുടെ ഹൃദയങ്ങളെ അവർ വശീകരിച്ചു വഞ്ചിക്കുന്നു. 19 നിങ്ങളുടെ അനുസരണശീലത്തെക്കുറിച്ച് എല്ലാവരും അറിയുന്നതുകൊണ്ട് ഞാൻ ആനന്ദിക്കുന്നു; എങ്കിലും, നിങ്ങൾ നല്ലതിനെക്കുറിച്ചു ജ്ഞാനമുള്ളവരും തിന്മയായുള്ളതിനെക്കുറിച്ചു നിഷ്കളങ്കരും ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
20 സമാധാനത്തിന്റെ ഉറവിടമായ ദൈവം വളരെവേഗം സാത്താനെ നിങ്ങളുടെ കാൽക്കീഴിൽ തകർക്കും.
കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
21 എന്റെ സഹപ്രവർത്തകനായ തിമോത്തിയോസും എന്റെ ബന്ധുക്കളായ ലൂക്യൊസ്, യാസോൻ, സോസിപത്രോസ് എന്നിവരും നിങ്ങളെ വന്ദനംചെയ്യുന്നു.
22 ഈ ലേഖനം കേട്ടെഴുതിയ തെർതോസ് എന്ന ഞാൻ കർത്താവിലുള്ള കൂട്ടായ്മയിൽ നിങ്ങളെ വന്ദനംചെയ്യുന്നു.
23 എനിക്കും ഇവിടെയുള്ള സഭയ്ക്കുമുഴുവനും ആതിഥ്യം അരുളുന്ന ഗായൊസ് നിങ്ങളെ വന്ദനംചെയ്യുന്നു.
നഗരത്തിലെ ധനകാര്യ ഉദ്യോഗസ്ഥനായ എരസ്തൊസും നമ്മുടെ സഹോദരനായ ക്വർത്തോസും നിങ്ങളെ വന്ദനംചെയ്യുന്നു.