Link to home pageLanguagesLink to all Bible versions on this site
17
മൃഗത്തിന്മേൽ ഇരിക്കുന്ന സ്ത്രീ
1 ഏഴു കുംഭങ്ങൾ കൈവശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ എന്നോടു സംസാരിച്ചത്: “വരിക, ഭൂമിയിലെ രാജാക്കന്മാരുമായി വ്യഭിചാരത്തിലേർപ്പെട്ട് തന്റെ വേശ്യാവൃത്തിയുടെ വീഞ്ഞുകൊണ്ട് ഭൂവാസികളെ ലഹരിപിടിപ്പിച്ചവളും, 2 പെരുവെള്ളത്തിന്മേൽ ഇരിക്കുന്നവളുമായ മഹാവേശ്യയുടെ ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം.”

3 ദൂതൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. ഏഴു തലയും പത്തു കൊമ്പും ഉള്ളതും ദൈവത്തെ ദുഷിക്കുന്ന നാമങ്ങൾകൊണ്ടു നിറഞ്ഞതും കടുംചെമപ്പുമായ മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു. 4 അവൾ ഊതവും കടുംചെമപ്പുമായ വസ്ത്രങ്ങൾ ധരിച്ചും സ്വർണം, വിലയേറിയ കല്ലുകൾ, മുത്തുകൾ എന്നിവയണിഞ്ഞും ഇരുന്നു. തന്റെ വേശ്യാവൃത്തിയുടെ മ്ലേച്ഛതകളും അശുദ്ധികളും നിറഞ്ഞ ഒരു സ്വർണചഷകം അവൾ കൈയിൽ പിടിച്ചിരുന്നു.

5 രഹസ്യം: മഹതിയാം ബാബേൽ,
ഭൂമിയിലെ വേശ്യകളുടെയും
മ്ലേച്ഛതകളുടെയും മാതാവ്.
ഇങ്ങനെ നിഗൂഢമായ ഒരു പേരും അവളുടെ നെറ്റിയിൽ എഴുതിയിരുന്നു. 6 വിശുദ്ധരുടെയും യേശുവിന്റെ സാക്ഷ്യംവഹിച്ചവരുടെയും രക്തം കുടിച്ച് അവൾ ലഹരിപിടിച്ചിരിക്കുന്നതു ഞാൻ കണ്ടു.
അവളെ കണ്ടപ്പോൾ ഞാൻ അത്യന്തം അതിശയിച്ചു. 7 ദൂതൻ എന്നോടു പറഞ്ഞത്: “നീ അതിശയിക്കുന്നതെന്തിന്? ഏഴു തലയും പത്തു കൊമ്പുള്ളതുമായ മൃഗത്തിന്റെയും അതിന്മേൽ ഇരിക്കുന്ന സ്ത്രീയുടെയും രഹസ്യം ഞാൻ നിനക്കു പറഞ്ഞുതരാം. 8 മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും, അഗാധഗർത്തത്തിൽനിന്ന് കയറിവന്ന് നാശത്തിലേക്കു പോകാനുള്ളതുമായ മൃഗത്തെയാണ് നീ കണ്ടത്. ലോകസൃഷ്ടിമുതൽ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികൾ—മുമ്പേ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാതായതും ഇനി വെളിപ്പെടാനിരിക്കുന്നതുമായ—ആ മൃഗത്തെക്കണ്ടു വിസ്മയിക്കും.

9 “വിവേകത്തോടുകൂടിയ ജ്ഞാനമാണ് ഇവിടെ അത്യാവശ്യമായിരിക്കുന്നത്. ഏഴു തല സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു; 10 അവ ഏഴു രാജാക്കന്മാരുമാകുന്നു. അവരിൽ അഞ്ചുപേർ നിപതിച്ചുപോയി. ഒരാൾ ഇപ്പോൾ ഉണ്ട്. മറ്റേയാൾ ഇതുവരെയും വന്നിട്ടില്ല. അയാൾ വന്നിട്ട് അൽപ്പകാലം വാഴേണ്ടതാണ്. 11 മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ മൃഗം ഏഴുപേരുടെ ഗണത്തിൽ ഉൾപ്പെട്ടവനും എട്ടാമനായി വരുന്നവനുമാണ്.[a] അവന്റെ നാശം ആസന്നമായിരിക്കുന്നു.

12 “നീ കണ്ട പത്തു കൊമ്പുകൾ ഇതുവരെയും രാജത്വം ഏറ്റെടുത്തിട്ടില്ലാത്ത പത്തു രാജാക്കന്മാരാണ്. അവർക്ക് ഒരു മണിക്കൂർ സമയത്തേക്കു രാജാക്കന്മാരെപ്പോലെ മൃഗത്തോടൊപ്പം അധികാരം ലഭിക്കും. 13 ഇവരുടെ ലക്ഷ്യം ഒന്നായിരിക്കുകയാൽ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നൽകുന്നു. 14 ഇവർ കുഞ്ഞാടിനോടു യുദ്ധംചെയ്യും. കുഞ്ഞാട് കർത്താധികർത്താവും രാജാധിരാജാവുമാകുകയാൽ അവരുടെമേൽ ജയം നേടും. വിളിക്കപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട വിശ്വസ്തഅനുയായികൾ കുഞ്ഞാടിനോടൊപ്പം ഉണ്ടായിരിക്കും.”

15 ദൂതൻ പിന്നെയും എന്നോടു പറഞ്ഞത്: “വേശ്യ ഇരിക്കുന്നതായി നീ കണ്ട പെരുവെള്ളം ജനതകളും സമൂഹങ്ങളും രാജ്യങ്ങളും ഭാഷകളുമാകുന്നു. 16 നീ ദർശിച്ച പത്തു കൊമ്പുകളും മൃഗവുംചേർന്ന് വേശ്യയെ വെറുത്ത് അവളെ ശൂന്യയും വിവസ്ത്രയുമാക്കി അവളുടെ മാംസം തിന്നുകയും അവളെ അഗ്നിയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും. 17 ദൈവത്തിന്റെ വചനം നിവൃത്തിയാകുന്നതുവരെയും തങ്ങളുടെ രാജകീയ അധികാരം ഇവർ മൃഗത്തിനു സമർപ്പിക്കുന്നതിന് ഏകാഭിപ്രായമുള്ളവരായിത്തീരാൻ ദൈവം അവരുടെ ഹൃദയങ്ങളിൽ തോന്നിച്ചു. ഇത് ദൈവികപദ്ധതിയുടെ നിർവഹണമായിരുന്നു. 18 നീ കണ്ട സ്ത്രീയോ ഭൂമിയിലെ രാജാക്കന്മാരുടെമേൽ ഭരണംനടത്തുന്ന മഹാനഗരമാണ്.”

<- വെളിപ്പാട് 16വെളിപ്പാട് 18 ->