Link to home pageLanguagesLink to all Bible versions on this site
സങ്കീർത്തനം 68
ദാവീദിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
1 ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ;
അവിടത്തെ എതിരാളികൾ അങ്ങയുടെമുമ്പിൽനിന്ന് പലായനംചെയ്യട്ടെ.
2 പുക പാറുംപോലെ അങ്ങ് അവരെ പാറിക്കണമേ—
അഗ്നിയിൽ മെഴുക് ഉരുകുന്നതുപോലെ
ദൈവത്തിന്റെ മുമ്പിൽ ദുഷ്ടർ നശിച്ചുപോകട്ടെ.
3 എന്നാൽ നീതിനിഷ്ഠർ ആഹ്ലാദിക്കുകയും
ദൈവമുമ്പാകെ ഉല്ലസിക്കുകയും ചെയ്യട്ടെ;
അവർ സന്തുഷ്ടരും ആനന്ദഭരിതരുമാകട്ടെ.
 
4 ദൈവത്തിനു പാടുക, തിരുനാമത്തിന് സ്തുതിപാടുക,
മേഘപാളികളിൽ*അഥവാ, മരുഭൂമിയിൽക്കൂടി യാത്രചെയ്യുന്നവനെ പുകഴ്ത്തുക;
അവിടത്തെ സന്നിധിയിൽ ആനന്ദിക്കുക—യഹോവ എന്നാകുന്നു അവിടത്തെ നാമം.
5 ദൈവം തന്റെ വിശുദ്ധനിവാസത്തിൽ
അനാഥർക്കു പിതാവും വിധവകൾക്കു പരിപാലകനും ആകുന്നു.
6 ദൈവം ആലംബഹീനരെ കുടുംബത്തിൽഅഥവാ, സ്വദേശത്ത് വസിക്കുമാറാക്കുന്നു,
അവിടന്ന് തടവുകാരെ സമൃദ്ധിയിലേക്ക് ആനയിക്കുന്നു;
എന്നാൽ മത്സരികൾ വരണ്ടുണങ്ങിയ ദേശത്തു പാർക്കുന്നു.
 
7 ദൈവമേ, അങ്ങയുടെ ജനത്തിന്റെ മുമ്പിൽക്കൂടെ അങ്ങ് കടന്നുപോയപ്പോൾ,
അവിടന്ന് മരുഭൂമിയിൽക്കൂടി മുന്നേറിയപ്പോൾ,
സേലാ.
8 സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയ ദൈവത്തിന്റെ മുമ്പാകെ
അതേ, ഇസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പാകെ
ഭൂമി പ്രകമ്പനംകൊണ്ടു, ആകാശം മഴ ചൊരിഞ്ഞു.
9 ദൈവമേ, അങ്ങ് സമൃദ്ധമായി മഴ പെയ്യിച്ചു;
വാടിത്തളർന്ന അങ്ങയുടെ അവകാശത്തെ ഉന്മേഷപൂർണമാക്കി.
10 അതിൽ അങ്ങയുടെ ജനം വാസമുറപ്പിച്ചു,
ദൈവമേ, അവിടത്തെ സമൃദ്ധിയിൽനിന്ന് അങ്ങ് ദരിദ്രർക്കു വേണ്ടതെല്ലാം നൽകി.
 
11 കർത്താവ് തന്റെ വചനം പ്രഖ്യാപിക്കുന്നു,
അത് വിളംബരംചെയ്യുന്ന സുവാർത്താദൂതികൾ ഒരു വൻ സമൂഹംതന്നെയുണ്ട്:
12 “രാജാക്കന്മാരും സൈനികരും അതിവേഗത്തിൽ പലായനംചെയ്യുന്നു;
വീട്ടിൽ പാർത്തിരുന്ന സ്ത്രീകൾ കൊള്ള പങ്കിട്ടെടുക്കുന്നു.
13 നിങ്ങൾ ആട്ടിൻതൊഴുത്തുകൾക്കിടയിൽ പാർക്കുമ്പോൾ,
എന്റെ പ്രാവിന്റെ ചിറകുകൾ വെള്ളികൊണ്ടും
തൂവലുകൾ മിന്നുന്ന സ്വർണംകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെയാകുന്നു.”
14 സർവശക്തൻ ശത്രുരാജാക്കന്മാരെ ചിതറിച്ചപ്പോൾ
അതു സൽമോൻ പർവതത്തിൽ മഞ്ഞുപൊഴിയുന്നതുപോലെ ആയിരുന്നു.
 
15 ബാശാൻ പർവതമേ, പ്രൗഢിയുള്ള പർവതമേ,
ബാശാൻ പർവതമേ, അനേകം കൊടുമുടികളുള്ള പർവതമേ,
16 ദൈവം വാഴുന്നതിനായി തെരഞ്ഞെടുത്ത പർവതശിഖരത്തെ,
അതേ, യഹോവ എന്നേക്കും അധിവസിക്കുന്ന
പർവതത്തെ, അസൂയാപൂർവം നോക്കുന്നതെന്തേ?
17 ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും
കോടിക്കോടിയും ആകുന്നു;
യഹോവ സീനായിയിൽനിന്ന് അവിടത്തെ വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളിയിരിക്കുന്നു.
18 യഹോവയായ ദൈവമേ, അങ്ങ് എന്നേക്കും വാഴേണ്ടതിനായി
ആരോഹണംചെയ്തപ്പോൾ,
അനേകം ബന്ധനസ്ഥരെ ഉയരത്തിലേക്കു കൊണ്ടുപോയി;
അങ്ങ് മനുഷ്യരിൽനിന്ന്,
മത്സരികളിൽനിന്നുപോലും
കാഴ്ചദ്രവ്യങ്ങൾ സ്വീകരിച്ചിരിക്കുന്നു.
 
19 അനുദിനം നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന,
നമ്മുടെ രക്ഷകനായ ദൈവമായ കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ.
സേലാ.
20 നമ്മുടെ ദൈവം രക്ഷിക്കുന്ന ദൈവം ആകുന്നു;
മരണത്തിൽനിന്നുള്ള വിടുതൽ കർത്താവായ യഹോവയിൽനിന്നു വരുന്നു.
21 തന്റെ ശത്രുക്കളുടെ ശിരസ്സ്,
സ്വന്തം പാപത്തിൽ തുടരുന്നവരുടെ കേശസമൃദ്ധമായ നെറുകതന്നെ, ദൈവം തകർക്കും, നിശ്ചയം.
22 കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാനവരെ ബാശാനിൽനിന്ന് മടക്കിവരുത്തും;
ആഴിയുടെ ആഴങ്ങളിൽനിന്നും ഞാനവരെ കൊണ്ടുവരും,
23 നിങ്ങൾ നിങ്ങളുടെ എതിരാളികളുടെ രക്തത്തിൽ കാലുകൾ മുക്കിവെക്കേണ്ടതിനും
നിങ്ങളുടെ നായ്ക്കൾക്ക് അവയുടെ ഓഹരി ലഭിക്കേണ്ടതിനുംതന്നെ.”
 
24 ദൈവമേ, അങ്ങയുടെ എഴുന്നള്ളത്ത് ജനം കണ്ടിരിക്കുന്നു,
എന്റെ ദൈവവും രാജാവുമായ അങ്ങ് വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളുന്നതുതന്നെ.
25 മുമ്പിൽ ഗായകർ, അവർക്കുപിന്നിൽ വാദ്യക്കാർ;
അവരോടൊപ്പം തപ്പുകൊട്ടുന്ന കന്യകമാരുമുണ്ട്.
26 മഹാസഭയിൽ ദൈവത്തെ സ്തുതിക്കുക;
ഇസ്രായേലിന്റെ സഭയിൽ യഹോവയെ വാഴ്ത്തുക.
27 ഇതാ, ചെറിയ ബെന്യാമീൻഗോത്രം അവരെ നയിക്കുന്നു,
അവിടെ യെഹൂദാപ്രഭുക്കന്മാരുടെ വലിയ കൂട്ടമുണ്ട്,
അവരോടൊപ്പം സെബൂലൂന്റെയും നഫ്താലിയുടെയും പ്രഭുക്കന്മാരുമുണ്ട്.
 
28 ദൈവമേ, അങ്ങയുടെ ശക്തി വിളിച്ചുവരുത്തണമേ;
ഞങ്ങളുടെ ദൈവമേ, പൂർവകാലങ്ങളിലേതുപോലെ അവിടത്തെ ശക്തി ഞങ്ങൾക്കു വെളിപ്പെടുത്തണമേ.
29 ജെറുശലേമിലെ അങ്ങയുടെ ആലയം നിമിത്തം
രാജാക്കന്മാർ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരും.
30 ഞാങ്ങണകൾക്കിടയിലുള്ള മൃഗത്തെ,
അതേ, രാഷ്ട്രങ്ങളുടെ കാളക്കിടാങ്ങൾക്കൊപ്പമുള്ള കാളക്കൂറ്റന്മാരെ ശാസിക്കണമേ.
അവർ താഴ്ത്തപ്പെട്ട്, വെള്ളിക്കട്ടികൾ കപ്പമായി കൊണ്ടുവരട്ടെ.
യുദ്ധത്തിൽ അഭിരമിക്കുന്ന രാഷ്ട്രങ്ങളെ അങ്ങ് ചിതറിക്കണമേ.
31 ഈജിപ്റ്റിൽനിന്ന് നയതന്ത്രപ്രതിനിധികൾ വന്നുചേരും;
കൂശ്ഈ പ്രദേശം, തെക്കുകിഴക്കൻ മെസൊപ്പൊത്താമിയ ആണെന്നു കണക്കാക്കപ്പെടുന്നു. ദൈവസന്നിധിയിൽ തന്നെത്താൻ താഴ്ത്തട്ടെ.
 
32 ഭൂമിയിലെ സകലരാജ്യങ്ങളുമേ, ദൈവത്തിനു പാടുക,
കർത്താവിന് സ്തോത്രഗാനം ആലപിക്കുക,
സേലാ.
33 ആകാശോന്നതങ്ങളിൽ, പുരാതനമായ ആകാശങ്ങളിൽ നെടുകെയും കുറുകെയും സഞ്ചരിക്കുന്നവന്,
തന്റെ അത്യുച്ചനാദത്താൽ മേഘഗർജനം നടത്തുന്നവനുതന്നെ.
34 ദൈവത്തിന്റെ ശക്തി വിളംബരംചെയ്യുക,
അവിടത്തെ മഹിമ ഇസ്രായേലിന്മേലും
അവിടത്തെ ശക്തി ആകാശങ്ങളിലും വിളങ്ങുന്നു.
35 ദൈവമേ, അങ്ങയുടെ വിശുദ്ധമന്ദിരത്തിൽ അങ്ങ് വിസ്മയാവഹനാണ്;
ഇസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് അധികാരവും ശക്തിയും നൽകുന്നു.
 
ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ!
സംഗീതസംവിധായകന്. “സാരസരാഗത്തിൽ.”§സങ്കീ. 3:8-ലെ കുറിപ്പ് കാണുക.