Link to home pageLanguagesLink to all Bible versions on this site
സങ്കീർത്തനം 66
ഒരു ഗീതം; ഒരു സങ്കീർത്തനം.
1 സർവഭൂമിയുമേ, ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുക!
2 അവിടത്തെ നാമത്തിന്റെ മഹത്ത്വം ആലപിക്കുക;
അവിടത്തെ സ്തുതി തേജസ്സേറിയതാക്കുക.
3 ദൈവത്തോടു പറയുക: “അവിടത്തെ പ്രവൃത്തികൾ എത്ര ഭീതിജനകം!
അവിടത്തെ ശക്തി അതിമഹത്തായതാണ്
അതുകൊണ്ട് അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ കാൽക്കൽവീഴുന്നു.
4 സർവഭൂമിയും തിരുമുമ്പിൽ താണുവണങ്ങുന്നു;
അവർ അവിടത്തേക്ക് സ്തുതിപാടുന്നു,
അവിടത്തെ നാമത്തിന് സ്തുതിഗീതം ആലപിക്കുന്നു.”
സേലാ.
 
5 ദൈവത്തിന്റെ പ്രവൃത്തികളെ വന്നു കാണുക,
മനുഷ്യപുത്രന്മാർക്കുവേണ്ടി അവിടന്ന് വിസ്മയാവഹമായ കാര്യങ്ങൾ ചെയ്യുന്നു!
6 അവിടന്ന് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി,
അവർ നദിയുടെ അടിത്തട്ടിലൂടെ കാൽനടയായി പോയി—
വരിക, നമുക്ക് ദൈവത്തിൽ ആനന്ദിക്കാം.
7 അവിടന്ന് തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു,
അവിടത്തെ കണ്ണുകൾ രാഷ്ട്രങ്ങളെ വീക്ഷിക്കുന്നു—
മത്സരിക്കുന്നവർ അവിടത്തേക്കെതിരേ തങ്ങളെത്തന്നെ ഉയർത്താതിരിക്കട്ടെ.
സേലാ.
 
8 സകലജനതകളുമേ, നമ്മുടെ ദൈവത്തെ വാഴ്ത്തുക,
അവിടത്തേക്കുള്ള സ്തുതിനാദമെങ്ങും മുഴങ്ങട്ടെ;
9 അവിടന്ന് നമ്മുടെ ജീവനെ സംരക്ഷിച്ചു
നമ്മുടെ കാലടികൾ വഴുതാൻ സമ്മതിച്ചതുമില്ല.
10 ദൈവമേ, അവിടന്ന് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;
വെള്ളി ഊതിക്കഴിക്കുന്നതുപോലെ അങ്ങു ഞങ്ങളെ സ്‌ഫുടംചെയ്തിരിക്കുന്നു.
11 അവിടന്ന് ഞങ്ങളെ തടവിലാക്കുകയും
ഞങ്ങളുടെ മുതുകിൽ വലിയ ഭാരം ചുമത്തുകയും ചെയ്തിരിക്കുന്നു.
12 അവിടന്ന് മനുഷ്യരെ ഞങ്ങളുടെ തലയ്ക്കുമീതേ ഓടുമാറാക്കി;
ഞങ്ങൾ തീയിലും വെള്ളത്തിലുംകൂടി കടന്നുപോയി,
എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു.
 
13 ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ മന്ദിരത്തിൽ പ്രവേശിച്ച്,
അങ്ങയോടുള്ള എന്റെ നേർച്ചകൾ നിറവേറ്റും—
14 ഞാൻ ദുരിതത്തിലായിരുന്നപ്പോൾ
എന്റെ അധരങ്ങൾ ഉച്ചരിച്ചതും എന്റെ വായ് സംസാരിച്ചതുമായ നേർച്ചകൾതന്നെ.
15 ഞാൻ അങ്ങേക്ക് തടിച്ചുകൊഴുത്ത മൃഗങ്ങൾ ഹോമയാഗമായി അർപ്പിക്കും
ഹൃദ്യസുഗന്ധമായി ആട്ടുകൊറ്റനെയും;
ഞാൻ കാളകളെയും ആടുകളെയും അർപ്പിക്കും.
സേലാ.
 
16 ദൈവത്തെ ഭയപ്പെടുന്ന സകലരുമേ, വന്നു കേൾക്കുക;
അവിടന്ന് എനിക്കുവേണ്ടി ചെയ്തത് ഞാൻ നിങ്ങളെ അറിയിക്കാം.
17 ഞാൻ എന്റെ വാകൊണ്ട് അവിടത്തോട് നിലവിളിച്ചു;
അവിടത്തെ സ്തുതി എന്റെ നാവിന്മേൽ ഉണ്ടായിരുന്നു.
18 ഞാൻ എന്റെ ഹൃദയത്തിൽ പാപം പരിപോഷിപ്പിച്ചിരുന്നെങ്കിൽ,
കർത്താവ് ശ്രദ്ധിക്കുകയില്ലായിരുന്നു.
19 എന്നാൽ ദൈവം ശ്രദ്ധിച്ചിരിക്കുന്നു, നിശ്ചയം
എന്റെ പ്രാർഥന കേട്ടുമിരിക്കുന്നു.
20 എന്റെ പ്രാർഥന നിരസിക്കാതെയും
അവിടത്തെ സ്നേഹം തടഞ്ഞുവെക്കാതെയുമിരുന്ന
ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.[a]