Link to home pageLanguagesLink to all Bible versions on this site
സങ്കീർത്തനം 50
ആസാഫിന്റെ ഒരു സങ്കീർത്തനം.
1 ശക്തനായ ദൈവം, യഹോവ, അരുളിച്ചെയ്യുന്നു,
അവിടന്ന് ഭൂമിയെ വിളിക്കുന്നു
സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള സകലരെയും.
2 ദൈവം പ്രകാശിക്കുന്നു,
സൗന്ദര്യത്തിന്റെ സമ്പൂർണതയായ സീയോനിൽനിന്നുതന്നെ.
3 നമ്മുടെ ദൈവം വരുന്നു
അവിടന്നു മൗനമായിരിക്കുകയില്ല;
ദഹിപ്പിക്കുന്ന അഗ്നി തിരുമുമ്പിലുണ്ട്
അവിടത്തെ ചുറ്റും കൊടുങ്കാറ്റ് ആഞ്ഞുവീശുന്നു.
4 അവിടന്ന് തന്റെ ജനത്തിന്റെ ന്യായവിധിക്കു സാക്ഷികളായി
മീതേയുള്ള ആകാശത്തെയും താഴെയുള്ള ഭൂമിയെയും വിളിക്കുന്നു:
5 “ഈ സമർപ്പിക്കപ്പെട്ട ജനത്തെ എന്റെ അടുക്കൽ കൂട്ടിവരുത്തുക,
യാഗാർപ്പണത്താൽ എന്നോട് ഉടമ്പടിചെയ്തവരെത്തന്നെ.”
6 അപ്പോൾ ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കട്ടെ,
കാരണം ദൈവംതന്നെ ന്യായാധിപതി ആയിരിക്കും.
സേലാ.
 
7 “എന്റെ ജനമേ, കേൾക്കുക. ഇതാ ഞാൻ അരുളിച്ചെയ്യുന്നു;
ഇസ്രായേലേ, ഞാൻ നിനക്കെതിരായി സാക്ഷ്യംപറയും:
ഞാൻ ആകുന്നു ദൈവം, നിങ്ങളുടെ ദൈവംതന്നെ!
8 നിങ്ങളുടെ യാഗങ്ങൾനിമിത്തമോ
നിങ്ങൾ നിരന്തരം അർപ്പിക്കുന്ന ഹോമയാഗങ്ങൾനിമിത്തമോ ഞാൻ നിങ്ങളെ ശാസിക്കുന്നില്ല.
9 നിങ്ങളുടെ തൊഴുത്തിൽനിന്നുള്ള കാളയോ
ആലയിൽനിന്നുള്ള കോലാടോ എനിക്ക് ആവശ്യമില്ല;
10 ആയിരം കുന്നുകളിൽ മേഞ്ഞുകൊണ്ടിരിക്കുന്ന കന്നുകാലികളും
വനത്തിലെ സകലമൃഗങ്ങളും എന്റെ സ്വന്തം.
11 പർവതങ്ങളിലെ എല്ലാ പറവയെയും ഞാൻ അറിയുന്നു,
വയലിലെ സകലജന്തുക്കളും എന്റെ വകയാണ്.
12 എനിക്കു വിശക്കുന്നെങ്കിൽ ഞാൻ നിന്നോടു പറയുകയില്ല,
കാരണം, ലോകവും അതിലുള്ള സമസ്തവും എന്റേതാണ്.
13 ഞാൻ കാളകളുടെ മാംസം ഭുജിക്കുമോ?
കോലാടുകളുടെ രക്തം പാനംചെയ്യുമോ?
 
14 “ദൈവത്തിനു സ്തോത്രയാഗങ്ങൾ അർപ്പിക്കുക,
അത്യുന്നതന് നിന്റെ നേർച്ചകൾ അർപ്പിക്കുക,
15 അനർഥദിനങ്ങളിൽ എന്നെ വിളിച്ചപേക്ഷിക്കുക;
അപ്പോൾ ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.”

16 എന്നാൽ ദുഷ്ടരോട് ദൈവം ആജ്ഞാപിച്ചു:

“എന്റെ നിയമങ്ങൾ ഉരുവിടുന്നതിനോ
എന്റെ ഉടമ്പടിയെപ്പറ്റി ഉച്ചരിക്കുന്നതിനോ നിനക്കെന്തവകാശം?
17 നീ എന്റെ ഉപദേശം വെറുക്കുകയും
എന്റെ ആജ്ഞകൾ നിന്റെ പിന്നിൽ എറിഞ്ഞുകളയുകയുംചെയ്യുന്നു.
18 ഒരു കള്ളനെക്കാണുമ്പോൾ നീ അയാളുമായി ചങ്ങാത്തംകൂടുന്നു;
വ്യഭിചാരികളുമായി നീ ഭാഗധേയം പങ്കിടുന്നു.
19 നിന്റെ വായ് അധർമത്തിനായി ഉപയോഗിക്കുന്നു
വഞ്ചനയ്ക്കായി നിന്റെ നാവു നീ ഒരുക്കുന്നു.
20 നീ നിരന്തരം നിന്റെ സഹോദരനെതിരേ സംസാരിക്കുന്നു
നിന്റെ അമ്മയുടെ മകനെപ്പറ്റി അപവാദം പരത്തുന്നു.
21 ഈ കാര്യങ്ങളൊക്കെ നീ ചെയ്തിട്ടും ഞാൻ മൗനംപാലിച്ചു,
ഞാനും നിന്നെപ്പോലെയുള്ള ഒരാളെന്നു നീ നിരൂപിച്ചു.
എന്നാൽ ഞാൻ ഇപ്പോൾ നിന്നെ ശാസിക്കും
നിനക്കെതിരേ ഞാൻ അവ നിരത്തിവെക്കും.
 
22 “ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊൾക,
അല്ലെങ്കിൽ ഞാൻ നിങ്ങളെ ഛിന്നഭിന്നമാക്കും, നിങ്ങളുടെ മോചനത്തിന് ആരും ഉണ്ടാകുകയില്ല:
23 സ്തോത്രയാഗങ്ങൾ അർപ്പിക്കുന്നവർ എന്നെ ആദരിക്കുന്നു,
നിഷ്കളങ്കർക്ക്[a] ഞാൻ എന്റെ ദൈവത്തിന്റെ രക്ഷയെ വെളിപ്പെടുത്തും.”
സംഗീതസംവിധായകന്.[b]