Link to home pageLanguagesLink to all Bible versions on this site
സങ്കീർത്തനം 132
ആരോഹണഗീതം.
1 യഹോവേ, ദാവീദിനെയും
അദ്ദേഹം അനുഭവിച്ച എല്ലാ കഷ്ടതകളും ഓർക്കണമേ.
 
2 അദ്ദേഹം യഹോവയോട് ഒരു ശപഥംചെയ്തിരിക്കുന്നു,
യാക്കോബിന്റെ ശക്തനായവനോട് ഒരു നേർച്ച നേർന്നിരിക്കുന്നു:
3 “യഹോവയ്ക്കു ഞാൻ ഒരു നിവാസസ്ഥാനം ഒരുക്കുംവരെ,
യാക്കോബിന്റെ ശക്തനായവന് ഒരു വാസസ്ഥാനം കണ്ടെത്തുന്നതുവരെ,
4 ഞാൻ എന്റെ ഭവനത്തിൽ പ്രവേശിക്കുകയോ
എന്റെ കിടക്കയിൽ വിശ്രമിക്കുകയോ ചെയ്യുകയില്ല;
5 ഞാൻ എന്റെ കണ്ണുകൾക്ക് ഉറക്കം കൊടുക്കുകയോ
കൺപോളകളെ മയങ്ങാൻ അനുവദിക്കുകയോ ചെയ്യുകയില്ല.”
 
6 എഫ്രാത്തയിൽ നാം അതേപ്പറ്റി കേട്ടു,[a]
യായീരിന്റെ വയലുകളിൽ നാം അതിനെ കണ്ടെത്തി:[b]
7 “നമുക്കു തിരുനിവാസത്തിലേക്കു പോകാം
അവിടത്തെ പാദപീഠത്തിൽ നമുക്ക് ആരാധിക്കാം,
8 ‘യഹോവേ, എഴുന്നേൽക്കണമേ! അവിടത്തെ വിശ്രമസ്ഥാനത്തേക്ക് എഴുന്നള്ളണമേ,
അങ്ങും അങ്ങയുടെ ശക്തിയുടെ പ്രതീകമായ ഉടമ്പടിയുടെ പേടകവും.
9 അങ്ങയുടെ പുരോഹിതവൃന്ദം നീതിയിൻവസ്ത്രം അണിയട്ടെ;
അങ്ങയുടെ വിശ്വസ്തർ ആനന്ദഗാനം ആലപിക്കട്ടെ.’ ”
 
10 അങ്ങയുടെ ദാസനായ ദാവീദിനെയോർത്ത്,
അവിടത്തെ അഭിഷിക്തനെ തിരസ്കരിക്കരുതേ.
 
11 യഹോവ ദാവീദിനോടൊരു ശപഥംചെയ്തു,
അവിടന്ന് അതിൽനിന്നൊരിക്കലും പിന്തിരിയുകയില്ല:
“നിന്റെ പിൻതലമുറക്കാരിൽ ഒരുവനെ
ഞാൻ നിന്റെ സിംഹാസനത്തിൽ അവരോധിക്കും.
12 നിന്റെ മക്കൾ എന്റെ ഉടമ്പടി പാലിക്കുകയും
ഞാൻ അഭ്യസിപ്പിച്ച എന്റെ നിയമം പിൻതുടരുകയും ചെയ്താൽ,
അവരുടെ മക്കളും നിന്റെ സിംഹാസനത്തിൽ
എന്നുമെന്നും വാഴും.”
 
13 കാരണം യഹോവ സീയോനെ തെരഞ്ഞെടുത്തിരിക്കുന്നു,
അതു തന്റെ നിവാസസ്ഥാനമാക്കാൻ അവിടന്ന് ആഗ്രഹിച്ചു,
14 “ഇതാണ് എന്നെന്നേക്കും എന്റെ വിശ്രമസ്ഥാനം;
ഇവിടെ ഞാൻ സിംഹാസനസ്ഥനായിരിക്കും, കാരണം ഞാനതാഗ്രഹിച്ചു.
15 അവൾക്ക് ആവശ്യമായ വിഭവങ്ങളെല്ലാം ഞാൻ സമൃദ്ധമായി നൽകും;
അവളുടെ ദരിദ്രരെ ഞാൻ ഭക്ഷണം നൽകി സംതൃപ്തരാക്കും.
16 അവളുടെ പുരോഹിതവൃന്ദത്തെ ഞാൻ രക്ഷ ധരിപ്പിക്കും,
അവളുടെ വിശ്വസ്തർ സദാ ആനന്ദഗാനം ആലപിക്കും.
 
17 “ഇവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു[c] മുളപ്പിക്കും
എന്റെ അഭിഷിക്തന് ഞാൻ ഒരു വിളക്ക് ഒരുക്കിയിരിക്കുന്നു.
18 അദ്ദേഹത്തിന്റെ ശത്രുക്കളെ ഞാൻ ലജ്ജകൊണ്ടു പൊതിയും,
എന്നാൽ അദ്ദേഹത്തിന്റെ ശിരസ്സ് തേജോമയമായ കിരീടത്താൽ അലംകൃതമായിരിക്കും.”

<- സങ്കീർത്തനങ്ങൾ 131സങ്കീർത്തനങ്ങൾ 133 ->