Link to home pageLanguagesLink to all Bible versions on this site
34
കനാന്റെ അതിരുകൾ
1 യഹോവ മോശയോട് അരുളിച്ചെയ്തു: 2 “ഇസ്രായേല്യരോടു കൽപ്പിക്കണം. അവരോട് ഇപ്രകാരം പറയുക: നിങ്ങൾ കനാനിൽ പ്രവേശിക്കുമ്പോൾ, നിങ്ങൾ അവകാശമാക്കുന്ന ദേശത്തിന്റെ അതിരുകൾ ഇവയായിരിക്കും:
 
3 “ ‘ഏദോമിന്റെ അതിരിനു നെടുകെ സീൻ മരുഭൂമിയുടെ കുറെ ഭാഗം നിങ്ങളുടെ തെക്കുഭാഗത്ത് ഉൾപ്പെടും. നിങ്ങളുടെ തെക്കേ അതിര് കിഴക്ക് ഉപ്പുകടലിന്റെ[a] അതിരുമുതൽ, 4 അക്രബീംകയറ്റത്തിൽനിന്ന് തെക്കോട്ടു തിരിഞ്ഞ് സീനിലേക്കു തുടർന്ന് കാദേശ്-ബർന്നേയയുടെ തെക്കുഭാഗത്തേക്കു നീളും. പിന്നെ ഹസർ-അദ്ദാറിലേക്കും തുടർന്ന് അസ്മോനിലേക്കും നീണ്ട് 5 അവിടെവെച്ച് അതു തിരിഞ്ഞ് ഈജിപ്റ്റിലെ തോടുമായിച്ചേർന്ന് മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കും.
6 പടിഞ്ഞാറേ അതിര് മെഡിറ്ററേനിയൻ മഹാസമുദ്രതീരം ആയിരിക്കും. ഇതാണ് നിങ്ങളുടെ പടിഞ്ഞാറേ അതിര്.
7 വടക്കേ അതിർ മെഡിറ്ററേനിയൻ മഹാസമുദ്രം തുടങ്ങി ഹോർ പർവതംവരെ ആയിരിക്കും. 8 അവിടെനിന്ന് ലെബോ-ഹമാത്തുവരെയും അതിർത്തിയാകും. പിന്നെ ആ അതിർത്തി സെദാദിലേക്കു പോയി, 9 സിഫ്രോനിലേക്കു തുടർന്ന് ഹസർ-ഏനാനിൽ അവസാനിക്കും. ഇതായിരിക്കും നിങ്ങളുടെ വടക്കുള്ള അതിർത്തി.
10 കിഴക്ക്, ഹസർ-ഏനാനിൽനിന്നും ശെഫാംവരെ നിങ്ങളുടെ അതിരാകും. 11 ആ അതിർത്തി ശെഫാമിൽനിന്ന് അയീന്റെ കിഴക്കുഭാഗത്തുള്ള രിബ്ലയിലേക്ക് ഇറങ്ങിച്ചെന്ന് കിന്നെരെത്തുതടാകത്തിന്റെ[b] കിഴക്കുള്ള ചരിവുകളിൽക്കൂടി നെടുകെ തുടർന്നുപോകും. 12 പിന്നെ ആ അതിർത്തി യോർദാനു സമാന്തരമായി താഴോട്ടുപോയി ഉപ്പുകടലിൽ അവസാനിക്കും.
 
“ ‘നിങ്ങളുടെ ദേശത്തിന്റെ ചുറ്റുമുള്ള അതിരുകൾ ഇവയായിരിക്കും.’ ”
 
13 മോശ ഇസ്രായേല്യരോടു കൽപ്പിച്ചു: “ഈ ദേശം നറുക്കിലൂടെ അവകാശമായി ഭാഗിച്ചെടുക്കണം. ഒൻപതരഗോത്രങ്ങൾക്ക് അതുകൊടുക്കണമെന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു. 14 എന്തെന്നാൽ, രൂബേൻഗോത്രത്തിലെയും ഗാദ്ഗോത്രത്തിലെയും മനശ്ശെയുടെ പാതിഗോത്രത്തിലെയും കുടുംബങ്ങൾക്ക് അവരുടെ ഓഹരി ലഭിച്ചുകഴിഞ്ഞിരിക്കുന്നു. 15 ഈ രണ്ടരഗോത്രങ്ങൾ അവരുടെ ഓഹരി യോർദാന് അക്കരെ യെരീഹോവിന് കിഴക്കുഭാഗത്ത് സൂര്യോദയത്തിനുനേരേ സ്വീകരിച്ചിരിക്കുന്നു.”

16 യഹോവ മോശയോട് അരുളിച്ചെയ്തു: 17 “ദേശം നിങ്ങൾക്ക് അവകാശമായി ഭാഗിക്കേണ്ട പുരുഷന്മാരുടെ പേരുകൾ ഇവയാണ്: പുരോഹിതനായ എലെയാസാരും നൂന്റെ പുത്രനായ യോശുവയും. 18 കൂടാതെ ഓരോ ഗോത്രത്തിൽനിന്നും ഓരോ പ്രഭുവിനെ ദേശം ഭാഗിക്കേണ്ടതിന് സഹായിയായി നിയമിക്കുക.

 
19 “ഇവയാണ് അവരുടെ പേരുകൾ:
 
“യെഹൂദാഗോത്രത്തിൽനിന്ന് യെഫുന്നെയുടെ മകൻ കാലേബ്.
20 ശിമെയോൻഗോത്രത്തിൽനിന്ന് അമ്മീഹൂദിന്റെ മകൻ ശെമൂവേൽ.
21 ബെന്യാമീൻഗോത്രത്തിൽനിന്ന് കിസ്ളോന്റെ മകൻ എലീദാദ്.
22 ദാൻഗോത്രത്തിൽനിന്നുള്ള പ്രഭു യൊഗ്ലിയുടെ മകൻ ബുക്കി.
23 യോസേഫിന്റെ പുത്രന്മാരിൽ, മനശ്ശെയുടെ ഗോത്രത്തിൽനിന്നുള്ള പ്രഭു ഏഫോദിന്റെ മകൻ ഹന്നീയേൽ.
24 എഫ്രയീമിന്റെ ഗോത്രത്തിൽനിന്നുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ.
25 സെബൂലൂൻ ഗോത്രത്തിൽനിന്നുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ.
26 യിസ്സാഖാർഗോത്രത്തിൽനിന്നുള്ള പ്രഭു അസ്സാന്റെ മകൻ ഫല്തിയേൽ.
27 ആശേർഗോത്രത്തിൽനിന്നുള്ള പ്രഭു ശെലോമിയുടെ മകൻ അഹീഹൂദ്.
28 നഫ്താലിഗോത്രത്തിൽനിന്നുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ.”
 
29 കനാൻദേശത്ത് ഓഹരി വിഭജിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ച ഇസ്രായേല്യ പുരുഷന്മാർ ഇവരാണ്.

<- സംഖ്യ 33സംഖ്യ 35 ->