5 “ഇസ്രായേല്യരുടെമേൽ യഹോവയുടെ ക്രോധം വീണ്ടും വരാതിരിക്കേണ്ടതിനു നിങ്ങൾ വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും പരിചരണത്തിന്റെ ഉത്തരവാദികളായിരിക്കണം. 6 ഇസ്രായേല്യരുടെ ഇടയിൽനിന്നും നിങ്ങളുടെ സഹോദരന്മാരായ ലേവ്യരെ ഞാൻതന്നെ തെരഞ്ഞെടുത്തിരിക്കുന്നു. സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി യഹോവ അവരെ നിങ്ങൾക്കൊരു ദാനമായി നൽകിയിരിക്കുന്നു. 7 എന്നാൽ യാഗപീഠത്തിലും തിരശ്ശീലയ്ക്കകത്തും ഉള്ള പൗരോഹിത്യശുശ്രൂഷകൾ എല്ലാം നീയും നിന്റെ പുത്രന്മാരുംമാത്രമേ ചെയ്യാൻ പാടുള്ളൂ. പൗരോഹിത്യശുശ്രൂഷ ഞാൻ നിങ്ങൾക്ക് ഒരു ദാനമായി നൽകിയിരിക്കുന്നു. വിശുദ്ധമന്ദിരത്തോടടുക്കുന്ന മറ്റേതൊരുമനുഷ്യനും മരണശിക്ഷനൽകണം.”
11 “ഇതുംകൂടെ നിനക്കുള്ളതായിരിക്കും: ഇസ്രായേല്യരുടെ സകലവിശിഷ്ടയാഗാർപ്പണങ്ങളുടെയും കാഴ്ചകളിൽനിന്ന് മാറ്റിവെക്കുന്നതെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും നിങ്ങളുടെ നിത്യേനയുള്ള ഓഹരിയായിത്തന്നിരിക്കുന്നു. നിന്റെ ഭവനത്തിൽ ആചാരപരമായി വിശുദ്ധിയുള്ളവർക്കെല്ലാം അതു ഭക്ഷിക്കാം.
12 “അവർ യഹോവയ്ക്ക് ആദ്യഫലമായി കൊടുക്കുന്ന ഏറ്റവും വിശിഷ്ടമായ ഒലിവെണ്ണ മുഴുവനും ഏറ്റവും വിശിഷ്ടമായ പുതുവീഞ്ഞു മുഴുവനും ധാന്യവും ഞാൻ നിനക്കു തരുന്നു. 13 അവർ യഹോവയ്ക്കു കൊണ്ടുവരുന്ന നിലത്തിന്റെ ആദ്യഫലം സകലതും നിന്റേതായിരിക്കും. നിന്റെ ഭവനത്തിൽ വിശുദ്ധിയുള്ള എല്ലാവർക്കും അതു ഭക്ഷിക്കാം.
14 “ഇസ്രായേലിൽ യഹോവയ്ക്ക് അർപ്പിച്ചിരിക്കുന്ന സകലതും നിന്റേതാണ്. 15 മനുഷ്യനിലും മൃഗങ്ങളിലും യഹോവയ്ക്ക് അർപ്പിതമായ കടിഞ്ഞൂലായ ആണൊക്കെയും നിനക്കുള്ളതാണ്. എന്നാൽ മനുഷ്യന്റെ ആദ്യജാതന്മാരൊക്കെയും അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലായ ആണിനെ ഒക്കെയും നീ വീണ്ടെടുക്കണം. 16 അവയ്ക്ക് ഒരുമാസം പ്രായമുള്ളപ്പോൾ, അവയുടെ വീണ്ടെടുപ്പുവിലയായ ഇരുപതു ഗേരയ്ക്കു സമമായ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരമുള്ള അഞ്ചുശേക്കേൽ*ഏക. 58 ഗ്രാം. വെള്ളികൊണ്ട് അവയെ വീണ്ടെടുക്കണം.
17 “എന്നാൽ പശുവിന്റെയോ ആടിന്റെയോ കോലാടിന്റെയോ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്; അവ വിശുദ്ധമാകുന്നു. അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിക്കുകയും മേദസ്സ് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി ദഹിപ്പിക്കുകയും വേണം. 18 വിശിഷ്ടയാഗാർപ്പണത്തിന്റെ നെഞ്ചും വലതുതുടയും നിന്റേതായിരിക്കുന്നതുപോലെതന്നെ അവയുടെ മാംസവും നിനക്കായിരിക്കണം. 19 ഇസ്രായേല്യർ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധയാഗങ്ങളിൽനിന്നു മാറ്റിവെക്കുന്നതൊക്കെയും ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും നിങ്ങളുടെ ശാശ്വതാവകാശമായിത്തരുന്നു. ഇതു നിനക്കും നിന്റെ സന്തതിക്കും യഹോവയുടെമുമ്പാകെ ശാശ്വതമായ ലവണയുടമ്പടി†എല്ലാ ഭക്ഷ്യവസ്തുക്കളിലും ഉപ്പ് അവിഭാജ്യഘടകമായിരിക്കുന്നതുപോലെ മാറ്റം വരുത്തിക്കൂടാത്ത നിയമം ആയിരിക്കും.”
20 യഹോവ അഹരോനോട് അരുളിച്ചെയ്തു: “നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും അവരുടെ ഇടയിൽ യാതൊരു ഓഹരിയും ഉണ്ടായിരിക്കുകയില്ല. ഇസ്രായേൽമക്കളുടെ ഇടയിൽ ഞാൻ ആകുന്നു നിന്റെ അവകാശവും നിന്റെ ഓഹരിയും.
21 “സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുമ്പോൾ ചെയ്യുന്ന വേലയ്ക്കു പകരമായി ഞാൻ ലേവ്യർക്ക് ഇസ്രായേലിലെ ദശാംശം മുഴുവനും അവകാശമായി നൽകുന്നു. 22 ഇനിമുതൽ പുരോഹിതന്മാരും ലേവ്യരുമൊഴികെ ഇസ്രായേൽമക്കളിൽ ആരുംതന്നെ സമാഗമകൂടാരത്തിന്റെ അടുക്കൽ ചെല്ലരുത്. മറിച്ചായാൽ അവരെ കുറ്റക്കാരായി വിധിക്കുകയും മരണശിക്ഷയേൽക്കുകയും വേണം. 23 സമാഗമകൂടാരത്തിൽ വേല ചെയ്യേണ്ടതും അതിനെതിരേ ചെയ്യുന്ന നിയമലംഘനത്തിന് അകൃത്യം വഹിക്കേണ്ടതും ലേവ്യരാണ്. ഇതു വരാനുള്ള തലമുറകൾക്ക് ഒരു ശാശ്വതനിയമമായിരിക്കും. അവർക്ക് ഇസ്രായേൽമക്കളുടെ ഇടയിൽ ഒരവകാശവും ഉണ്ടായിരിക്കുകയില്ല. 24 എന്നാൽ ഇസ്രായേൽമക്കൾ യഹോവയ്ക്കു യാഗമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്ക് അവകാശമായി നൽകുന്നു. അതുകൊണ്ടാണ് ‘അവർക്ക് ഇസ്രായേല്യരുടെ ഇടയിൽ ഒരവകാശവും ഉണ്ടായിരിക്കുകയില്ല,’ എന്നു ഞാൻ കൽപ്പിച്ചത്.”
25 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: 26 “ലേവ്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദശാംശം ഇസ്രായേൽമക്കളിൽനിന്നു ലഭിക്കുമ്പോൾ, ആ ദശാംശത്തിന്റെ പത്തിലൊന്ന് യഹോവയ്ക്കു യാഗമായി അർപ്പിക്കുക. 27 നിങ്ങളുടെ യാഗം മെതിക്കളത്തിൽനിന്നുള്ള ധാന്യംപോലെയും മുന്തിരിച്ചക്കിൽനിന്നുള്ള മുന്തിരിച്ചാർപോലെയും നിങ്ങൾക്കു കണക്കാക്കും. 28 നിങ്ങൾക്ക് ഇസ്രായേല്യരിൽനിന്നു ലഭിക്കുന്ന ദശാംശത്തിൽനിന്നെല്ലാം ഇപ്രകാരം നിങ്ങളും യഹോവയ്ക്ക് ഒരു യാഗം അർപ്പിക്കണം. ഈ ദശാംശങ്ങളിൽനിന്നുള്ള യഹോവയുടെ പങ്ക് നിങ്ങൾ പുരോഹിതനായ അഹരോനു കൊടുക്കണം. 29 നിങ്ങൾക്കു നൽകപ്പെട്ട സകലത്തിൽനിന്നും ഉത്തമവും വിശുദ്ധവുമായ ഭാഗം വേണം യഹോവയ്ക്കുള്ള പങ്കായി അർപ്പിക്കേണ്ടത്.’
30 “ലേവ്യരോടു പറയുക: ‘ഉത്തമഭാഗം നിങ്ങൾ അർപ്പിക്കുമ്പോൾ, അതു മെതിക്കളത്തിന്റെയോ മുന്തിരിച്ചക്കിന്റെയോ ഫലംപോലെ നിങ്ങളുടെപേരിൽ കണക്കാക്കും. 31 അതിന്റെ ബാക്കിഭാഗം നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എവിടെവെച്ചും ഭക്ഷിക്കാം; കാരണം അതു സമാഗമകൂടാരത്തിലെ നിങ്ങളുടെ വേലയ്ക്കുള്ള കൂലിയാണ്. 32 അതിന്റെ ഉത്തമഭാഗം അർപ്പിക്കുന്നതിനാൽ ഇക്കാര്യത്തിൽ നിങ്ങൾ കുറ്റമില്ലാത്തവരായിരിക്കും. അങ്ങനെ നിങ്ങൾ ഇസ്രായേല്യരുടെ വിശുദ്ധാർപ്പണങ്ങൾ മലിനപ്പെടുത്താതിരിക്കുകയും നിങ്ങൾ മരിക്കാതിരിക്കുകയും ചെയ്യും.’ ”
<- സംഖ്യ 17സംഖ്യ 19 ->