6 അങ്ങനെ മോശ ഇസ്രായേല്യരോടു സംസാരിച്ചു; അവരുടെ ഓരോ പിതൃഭവനത്തലവനുംവേണ്ടി ഓരോന്നു വീതം പന്ത്രണ്ടു വടികൾ അവരുടെ പ്രഭുക്കന്മാർ അദ്ദേഹത്തിനു നൽകി. അതിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു. 7 മോശ ഉടമ്പടിയുടെ കൂടാരത്തിൽ യഹോവയുടെമുമ്പാകെ വടികൾ വെച്ചു.
8 അടുത്തദിവസം മോശ ഉടമ്പടിയുടെ കൂടാരത്തിൽ കടന്ന് ലേവിഗൃഹത്തെ പ്രതിനിധാനം ചെയ്യുന്ന അഹരോന്റെ വടി നോക്കി; അതു മുളയ്ക്കുകമാത്രമല്ല, തളിർത്ത്, പൂത്ത്, ബദാംഫലം കായ്ച്ചിരിക്കുന്നതായി കണ്ടു. 9 ഇതിനുശേഷം മോശ യഹോവയുടെ സന്നിധിയിൽനിന്ന് വടികൾ ഇസ്രായേല്യരുടെ അടുക്കൽ പുറത്തുകൊണ്ടുവന്നു. ഓരോരുത്തരും അവരവരുടെ വടി നോക്കിയെടുത്തു.
10 യഹോവ മോശയോടു പറഞ്ഞു: “മത്സരികൾക്ക് ഒരു ചിഹ്നമായി സൂക്ഷിക്കേണ്ടതിന് അഹരോന്റെ വടി തിരികെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ വെക്കുക. ഇത് എനിക്കെതിരേയുള്ള അവരുടെ പിറുപിറുപ്പിന് അറുതിവരുത്തും, അങ്ങനെ അവർ മരിക്കാതെയിരിക്കും.” 11 യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ മോശ ചെയ്തു.
12 ഇസ്രായേല്യർ മോശയോടു പറഞ്ഞു: “ഞങ്ങൾ മരിച്ചുപോകും, ഞങ്ങൾ നശിക്കുന്നു, ഞങ്ങളെല്ലാം നശിച്ചുപോകുന്നു! 13 യഹോവയുടെ കൂടാരത്തിന്റെ സമീപത്ത് വരുന്നവർപോലും മരിക്കും. ഞങ്ങളെല്ലാവരും മരണത്തിനു വിധിക്കപ്പെട്ടവരോ?”
<- സംഖ്യ 16സംഖ്യ 18 ->