Link to home pageLanguagesLink to all Bible versions on this site
2
യേശു പക്ഷാഘാതരോഗിയെ സൗഖ്യമാക്കുന്നു
1 ചില ദിവസത്തിനുശേഷം യേശു പിന്നെയും കഫാർനഹൂമിൽ വന്നു. അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു എന്ന വാർത്ത പ്രചരിച്ചു. 2 വീടിനകത്തും വാതിൽക്കൽപോലും നിൽക്കാൻ ഇടമില്ലാത്തവിധം അനവധിയാളുകൾ തിങ്ങിക്കൂടി. യേശു അവരോടു തിരുവചനം പ്രസംഗിച്ചു. 3 ഇതിനിടയിൽ നാലുപേർ ഒരു പക്ഷാഘാതരോഗിയെ എടുത്തുകൊണ്ട് അവിടെയെത്തി. 4 ജനത്തിരക്കു നിമിത്തം അയാളെ യേശുവിന്റെ അടുത്തെത്തിക്കാൻ അവർക്കു കഴിഞ്ഞില്ല. അതുകൊണ്ട് അവർ യേശു ഇരുന്ന സ്ഥലത്തിനുമീതേയുള്ള മേൽക്കൂര ഇളക്കിമാറ്റി പക്ഷാഘാതരോഗിയെ അയാൾ കിടന്നിരുന്ന കിടക്കയോടെ താഴെയിറക്കി. 5 യേശു അവരുടെ വിശ്വാസം കണ്ടിട്ട് പക്ഷാഘാതരോഗിയോട്, “മകനേ, നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

6 അവിടെ ചില വേദജ്ഞർ ഇരിക്കുന്നുണ്ടായിരുന്നു; അവർ അവരുടെ ഹൃദയത്തിൽ ഇങ്ങനെ ചിന്തിച്ചു: 7 “ഈ മനുഷ്യൻ എന്താണിങ്ങനെ സംസാരിക്കുന്നത്? ഇത് ദൈവനിന്ദയാണ്! പാപങ്ങൾ ക്ഷമിക്കാൻ ദൈവത്തിനല്ലാതെ മറ്റാർക്കു കഴിയും!”

8 അപ്പോൾ അവർ ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്ന ഇക്കാര്യം യേശു ആത്മാവിൽ ഗ്രഹിച്ചിട്ട് അവരോട് “നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നതെന്ത്?” 9 പക്ഷാഘാതരോഗിയോട്, “ ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു,’ എന്നു പറയുന്നതോ, ‘എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്കുക,’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?” എന്നു ചോദിച്ചു. 10 എന്നാൽ, മനുഷ്യപുത്രനു[a] ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. 11 തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു. 12 ഉടനെ അയാൾ എഴുന്നേറ്റു, കിടക്ക എടുത്തു, എല്ലാവരും കാൺകെ നടന്നു പുറത്തേക്കുപോയി. സകലരും ഇതിൽ ആശ്ചര്യചകിതരായി. “ഇങ്ങനെയുള്ള സംഭവങ്ങൾ ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല,” എന്നു പറഞ്ഞ് അവർ ദൈവത്തെ മഹത്ത്വപ്പെടുത്തി.

യേശു ലേവിയെ വിളിക്കുന്നു
13 യേശു പിന്നെയും ഗലീലാതടാകതീരത്തേക്കു പോയി. ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ അടുത്ത് വന്നുചേർന്നു. അദ്ദേഹം അവരെ ഉപദേശിച്ചുതുടങ്ങി. 14 പിന്നീട് അദ്ദേഹം നടന്നുപോകുമ്പോൾ അല്‌ഫായിയുടെ മകനായ ലേവി നികുതിപിരിവു നടത്താനിരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. ലേവി എഴുന്നേറ്റ് അദ്ദേഹത്തെ അനുഗമിച്ചു.

15 പിന്നീടൊരിക്കൽ യേശു ലേവിയുടെ ഭവനത്തിൽ വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. അന്ന് വിരുന്നിന് അദ്ദേഹത്തോടും ശിഷ്യന്മാരോടുമൊപ്പം അനേകം നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും ഉണ്ടായിരുന്നു; കാരണം, അദ്ദേഹത്തിന്റെ അനുഗാമികളിൽ ഒട്ടേറെപ്പേർ ഇങ്ങനെയുള്ളവർ ആയിരുന്നു. 16 അദ്ദേഹം പാപികളോടും നികുതിപിരിവുകാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ടിട്ടു പരീശന്മാരുടെ കൂട്ടത്തിലുള്ള വേദജ്ഞർ യേശുവിന്റെ ശിഷ്യന്മാരോട്, “അദ്ദേഹം നികുതിപിരിവുകാരോടും പാപികളോടുമൊപ്പം ഭക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു.

17 യേശു ഇതു കേട്ടിട്ട് അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.

ഉപവാസത്തെപ്പറ്റിയുള്ള ചോദ്യം
18 ഒരിക്കൽ, യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവാസം അനുഷ്ഠിച്ചിരുന്നപ്പോൾ, ചിലർ യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോടു ചോദിച്ചു: “യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരുടെ ശിഷ്യന്മാരും ഉപവസിക്കുന്നു; എന്നാൽ അങ്ങയുടെ ശിഷ്യന്മാർ അങ്ങനെ ചെയ്യാതിരിക്കുന്നത് എന്തുകൊണ്ട്?”

19 യേശു മറുപടി പറഞ്ഞു: “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് ഉപവസിക്കാൻ കഴിയുന്നതെങ്ങനെ? മണവാളൻ കൂടെയുള്ളേടത്തോളം അവർക്ക് അത് സാധ്യമല്ല. 20 എന്നാൽ മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അന്ന് അവർ ഉപവസിക്കും.

21 “ആരും പുതിയ തുണിക്കഷണം പഴയ വസ്ത്രത്തോടു തുന്നിച്ചേർക്കാറില്ല. അങ്ങനെചെയ്താൽ പുതിയ തുണി ചുരുങ്ങുകയും കീറൽ ഏറെ വഷളാകുകയും ചെയ്യും. 22 ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല; അങ്ങനെചെയ്താൽ വീഞ്ഞ്, കുടങ്ങളെ പിളർക്കുകയും വീഞ്ഞും കുടങ്ങളും നശിക്കുകയും ചെയ്യും. പുതിയ വീഞ്ഞു പുതിയ തുകൽക്കുടങ്ങളിലാണ് പകർന്നുവെക്കേണ്ടത്.”

ശബ്ബത്തിന്റെ കർത്താവ്
23 ഒരു ശബ്ബത്തുനാളിൽ യേശു ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടയിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചുതുടങ്ങി. 24 പരീശന്മാർ യേശുവിനോട്, “നോക്കൂ! ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തത് ഇവർ ചെയ്യുന്നതെന്ത്?” എന്നു ചോദിച്ചു.

25 അതിനുത്തരമായി യേശു: “ദാവീദും സഹയാത്രികരും തങ്ങൾക്കു ഭക്ഷണമൊന്നുമില്ലാതെ വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? 26 അബ്യാഥാർ മഹാപുരോഹിതന്റെ കാലത്ത് ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു.”[b]

27 തുടർന്ന് യേശു, “മനുഷ്യനുവേണ്ടിയാണ് ശബ്ബത്ത് ഉണ്ടാക്കപ്പെട്ടത്; മറിച്ച് മനുഷ്യൻ ശബ്ബത്തിനുവേണ്ടിയല്ല; 28 മനുഷ്യപുത്രൻ ശബ്ബത്തിന്റെയും അധിപതിയാണ്” എന്നു പറഞ്ഞു.

<- മർക്കോസ് 1മർക്കോസ് 3 ->