2 യേശു അവനോട്, “ഇത്ര മഹത്തായ പണികൾ നീ കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും” എന്നു പറഞ്ഞു.
3 ഇതിനുശേഷം യേശു ഒലിവുമലയിൽ ദൈവാലയത്തിന് അഭിമുഖമായി ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും സ്വകാര്യമായി അദ്ദേഹത്തോട്, 4 “എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ നിവൃത്തിയാകും എന്നതിന്റെ ലക്ഷണം എന്തായിരിക്കുമെന്ന് ഞങ്ങൾക്കു പറഞ്ഞുതന്നാലും” എന്ന് അഭ്യർഥിച്ചു.
5 യേശു അവരോടു പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. 6 ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും. 7 നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം. 8 ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂകമ്പങ്ങളും ക്ഷാമവും ഉണ്ടാകും. ഇവ പ്രസവവേദനയുടെ ആരംഭംമാത്രം.
9 “ഇനിയാണ് നിങ്ങൾ ഏറ്റവും ജാഗ്രതയുള്ളവരായിരിക്കേണ്ടത്. മനുഷ്യർ നിങ്ങളെ ന്യായാധിപസമിതികൾക്ക്[a] ഏൽപ്പിച്ചുകൊടുക്കുകയും പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്യും. നിങ്ങൾ എന്റെ അനുയായികളായതിനാൽ, അധികാരികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ എന്റെ സാക്ഷികളായി നിർത്തപ്പെടും. 10 എന്നാൽ, അവസാനം വരുന്നതിനുമുമ്പായി സകലജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടതാണ്. 11 അവർ നിങ്ങളെ കൊണ്ടുപോയി കുറ്റവിചാരണയ്ക്ക് ഏൽപ്പിക്കുമ്പോൾ, അവിടെ എന്താണു പറയേണ്ടതെന്നു ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല. ആ സമയത്ത് ദൈവം നിങ്ങളോടു പറയുന്നതെന്തോ അതുമാത്രം പറഞ്ഞാൽ മതി; കാരണം നിങ്ങളല്ല, പരിശുദ്ധാത്മാവാണ് നിങ്ങളിലൂടെ സംസാരിക്കുന്നത്.
12 “സഹോദരൻ സ്വന്തം സഹോദരനെയും പിതാവു സ്വന്തം മക്കളെയും മരണത്തിന് ഒറ്റിക്കൊടുക്കും. മക്കൾ മാതാപിതാക്കളെ എതിർക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും. 13 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും; എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.
14 “എന്നാൽ ‘എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത’[b] നിൽക്കരുതാത്ത സ്ഥാനത്തു നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നയാൾ മനസ്സിലാക്കിക്കൊള്ളട്ടെ—യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. 15 മട്ടുപ്പാവിൽ ഇരിക്കുന്നയാൾ തന്റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാനായി വീടിനുള്ളിൽ കയറരുത്. 16 വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്. 17 ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം! 18 നിങ്ങളുടെ പലായനം ശീതകാലത്ത് ആകരുതേ എന്നു പ്രാർഥിക്കുക. 19 കാരണം, ദൈവം ലോകത്തെ സൃഷ്ടിച്ച നാൾമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ പീഡനത്തിന്റെ നാളുകൾ ആയിരിക്കും അവ.
20 “കർത്താവ് ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു വ്യക്തിപോലും അവശേഷിക്കുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി കർത്താവ് ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു. 21 അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്. 22 കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്ന് ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും! 23 ആകയാൽ ജാഗ്രത പാലിക്കുക; ഞാൻ ഇത് മുൻകൂട്ടിത്തന്നെ സകലതും നിങ്ങളോടു പറഞ്ഞിരിക്കുന്നു.
24 “ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചതിനുശേഷം,
26 “അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും പ്രതാപത്തോടുംകൂടെ മേഘങ്ങളിൽ വരുന്നത് മനുഷ്യർ കാണും. 27 അവിടന്ന് തെരഞ്ഞെടുത്തവർക്കായി അന്നാളിൽ അവിടത്തെ ദൂതന്മാരെ അയയ്ക്കും; ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന്, മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ ദൂതന്മാർ ഒരുമിച്ചുകൂട്ടും.
28 “അത്തിമരത്തിൽനിന്ന് ഈ പാഠം പഠിക്കുക: അതിന്റെ ചില്ലകൾ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങൾ ഗ്രഹിക്കുന്നല്ലോ. 29 അതുപോലെതന്നെ, നിങ്ങൾ ഈ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ (ഞാൻ) അടുത്ത്, വാതിൽക്കൽവരെ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കുക. 30 ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ[d] അവസാനിക്കുകയില്ല നിശ്ചയം. 31 ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
35 “ഭവനത്തിന്റെ യജമാനൻ തിരികെ വരുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാത്തതിനാൽ ജാഗ്രതയോടിരിക്കുക. അത് സന്ധ്യക്കോ അർധരാത്രിയിലോ അതിരാവിലെയോ[f] പുലർച്ചയ്ക്കോ ആയിരിക്കാം. 36 അദ്ദേഹത്തിന്റെ വരവ് അപ്രതീക്ഷിത സമയത്തായിരിക്കുകയാൽ നിങ്ങൾ ഉറങ്ങുന്നവരായി കാണപ്പെടരുത്. 37 ഞാൻ ഇപ്പോൾ നിങ്ങളോടു പറയുന്നതുതന്നെ എല്ലാവരോടുമുള്ള എന്റെ കൽപ്പനയാണ്: ‘ജാഗ്രതയോടെയിരിക്കുക!’ ”
<- മർക്കോസ് 12മർക്കോസ് 14 ->- a മഹാപുരോഹിതന്റെ അധ്യക്ഷതയിൽ യെഹൂദനേതൃത്വനിരയിലെ 70 പേർ അടങ്ങുന്ന സംഘം.
- b ദാനി. 9:27; 11:31; 12:11
- c യെശ. 13:10; 34:4
- d അഥവാ, ജനത
- e ചി.കൈ.പ്ര. ജാഗ്രതയോടെ ഇരുന്നു പ്രാർഥിക്കുക.
- f മൂ.ഭാ. രാത്രി നാലു യാമങ്ങളായി വിഭജിച്ചിരുന്നു. ഒന്നാമത്തേത് സന്ധ്യ 6–9 മണിവരെ, രണ്ടാമത്തേത് അർധരാത്രി 9–12 മണിവരെ, മൂന്നാമത്തേത് കോഴികൂകും സമയം 12–3 മണിവരെ, നാലാമത്തേത് പുലർച്ചെ 3–6 മണിവരെ. (മർക്കോസ് ആറാംഅധ്യായത്തിലെ നാലാംയാമം ഇതാണ്.)