8 “അവരോടു പറയുക: ‘ഒരു ഹോമയാഗമോ വഴിപാടോ അർപ്പിക്കുന്ന ഇസ്രായേല്യരോ അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ 9 യഹോവയ്ക്കു യാഗം അർപ്പിക്കാൻ അതു സമാഗമകൂടാരവാതിലിൽ കൊണ്ടുവരുന്നില്ലെങ്കിൽ ആ മനുഷ്യനെ ഇസ്രായേൽജനത്തിൽനിന്ന് ഛേദിച്ചുകളയണം.
10 “ ‘ഇസ്രായേല്യരോ അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ രക്തം കുടിച്ചാൽ ആ മനുഷ്യനു വിരോധമായി ഞാൻ എന്റെ മുഖംതിരിക്കുകയും അവരെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളകയും ചെയ്യും. 11 കാരണം, ശരീരത്തിന്റെ ജീവൻ രക്തത്തിലാണ്. യാഗപീഠത്തിൽ നിങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്താൻ ഞാൻ അതു നിങ്ങൾക്കു നൽകിയിരിക്കുന്നു; രക്തമാണ് ഒരാളുടെ ജീവനുവേണ്ടി പാപപരിഹാരം വരുത്തുന്നത്. 12 അതുകൊണ്ട് ഞാൻ ഇസ്രായേല്യരോടു പറയുന്നു, “നിങ്ങളിലാരും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയും രക്തം കുടിക്കരുത്.”
13 “ ‘ഇസ്രായേല്യരോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ ഭക്ഷിക്കാവുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിച്ചാൽ രക്തം ഊറ്റിക്കളഞ്ഞ് മണ്ണിട്ടു മൂടണം. 14 കാരണം, സർവജീവജാലങ്ങളുടെയും ജീവൻ അതിന്റെ ജീവാധാരമായ രക്തംതന്നെ. അതുകൊണ്ടാണ് ഞാൻ ഇസ്രായേൽമക്കളോട്: “നിങ്ങൾ യാതൊരു ജീവിയുടെയും രക്തം കുടിക്കരുത്, എന്തെന്നാൽ സർവജീവികളുടെയും ജീവൻ അതിന്റെ രക്തത്തിലാണ്, അത് ഭക്ഷിക്കുന്നവനെ ഛേദിച്ചുകളയണം” എന്നു കൽപ്പിച്ചത്.
15 “ ‘ചത്തതിനെയോ വന്യമൃഗങ്ങൾ കടിച്ചുകീറിയതിനെയോ ഭക്ഷിക്കുന്ന സ്വദേശിയോ പ്രവാസിയോ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ ആചാരപരമായി അശുദ്ധരായിരിക്കും; പിന്നെ അയാൾ ശുദ്ധിയുള്ളവനാകും. 16 വസ്ത്രം കഴുകാതെയും കുളിക്കാതെയുമിരുന്നാൽ, അയാൾ ആ കുറ്റം വഹിക്കണം.’ ”
<- ലേവ്യ 16ലേവ്യ 18 ->