10 “യഹോവ ഇതു മോശയോടു കൽപ്പിച്ചതുമുതൽ ഇപ്പോൾവരെ, ഈ നാൽപ്പത്തിയഞ്ചുവർഷം, മരുഭൂമിയിൽക്കൂടിയുള്ള ഇസ്രായേലിന്റെ പ്രയാണകാലത്ത്, യഹോവ വാഗ്ദാനംചെയ്തതുപോലെ എന്നെ ജീവനോടെ വെച്ചിരിക്കുന്നു. എനിക്കിപ്പോൾ എൺപത്തഞ്ചു വയസ്സായിരിക്കുന്നു. 11 മോശ എന്നെ അയച്ച അന്നത്തെപ്പോലെ ഇന്നും ഞാൻ ആരോഗ്യവാനാണ്. അന്നത്തെപ്പോലെ യുദ്ധംചെയ്യാൻ പോകത്തക്കവണ്ണം ഇന്നും ഞാൻ ഊർജസ്വലനാണ്. 12 അതുകൊണ്ട് യഹോവ അന്നു വാഗ്ദാനംചെയ്ത ഈ മലമ്പ്രദേശം എനിക്കു തരിക. അനാക്യർ അവിടെ ഉണ്ടെന്നും അവരുടെ പട്ടണങ്ങൾ വിസ്തൃതമെന്നും കോട്ടകെട്ടി ബലപ്പെടുത്തിയിട്ടുള്ളവയെന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ, എന്നാൽ, യഹോവയുടെ സഹായത്താൽ അവിടന്നു കൽപ്പിച്ചതുപോലെ ഞാൻ അവരെ തുരത്തും.”
13 അപ്പോൾ യോശുവ യെഫുന്നയുടെ മകനായ കാലേബിനെ അനുഗ്രഹിച്ച് ഹെബ്രോൻ അവന് അവകാശമായി കൊടുത്തു; 14 അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബിന് അവകാശമായിരിക്കുന്നു. അവൻ ഇസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നതുകൊണ്ടുതന്നെ. 15 ഹെബ്രോനു പണ്ടു കിര്യത്ത്-അർബാ എന്നു പേരായിരുന്നു. അനാക്യരിൽ അതിമഹാനായിരുന്നു അർബാ.