13
ഇനിയും പിടിച്ചടക്കാനുള്ള ഭൂപ്രദേശങ്ങൾ
1 യോശുവ വൃദ്ധനായപ്പോൾ യഹോവ അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ വൃദ്ധനായിരിക്കുന്നു. ഇനിയും വളരെയധികം ദേശം കൈവശമാക്കാനുമുണ്ട്.
2-3 “ഇനിയും ശേഷിച്ചിരിക്കുന്ന ഭൂപ്രദേശം ഇവയാണ്:
“ഈജിപ്റ്റിനു കിഴക്ക് സീഹോർനദിമുതൽ വടക്ക് എക്രോൻദേശംവരെ കനാന്യരുടേതെന്നു കരുതപ്പെട്ടിരുന്ന ഫെലിസ്ത്യരുടെയും ഗെശൂര്യരുടെയും ദേശം; ഗസ്സാ, അശ്ദോദ്യ, അസ്കലോന്യ, ഗാത്, അവ്വ്യരുടെ എക്രോൻ
എന്നീ അഞ്ച് ഫെലിസ്ത്യപ്രഭുക്കന്മാരുടെ ദേശം; 4 തെക്ക്;
സീദോന്യരുടെ ആരമുതൽ*ചി.കൈ.പ്ര. മെയാരാമുതൽ അഫേക്കുവരെയും അമോര്യരുടെ അതിരുവരെയുമുള്ള കനാന്യദേശം;
5 ഗിബാല്യരുടെ മേഖലയും ലെബാനോൻ മുഴുവനും കിഴക്ക്;
ഹെർമോൻപർവതത്തിന്റെ അടിവാരത്തുള്ള ബാൽ-ഗാദുമുതൽ ലെബോ-ഹമാത്തുവരെയുള്ള ദേശം ഈ ഭൂപ്രദേശമാകുന്നു.
6 “ലെബാനോൻമുതൽ മിസ്രെഫോത്ത്-മയീംവരെയുള്ള പർവതമേഖലകളിലെ നിവാസികളായ സീദോന്യരെ മുഴുവൻ ഞാൻതന്നെ ഇസ്രായേലിന്റെ മുമ്പിൽനിന്ന് നീക്കിക്കളയും. ഞാൻ നിന്നോടു നിർദേശിച്ചതുപോലെ ഈ ഭൂപ്രദേശം മുഴുവൻ ഇസ്രായേലിന് അവകാശമായിക്കൊടുക്കണം. 7 ഒൻപതു ഗോത്രങ്ങൾക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി അതു ഭാഗിച്ചുകൊടുക്കണം.”
യോർദാന്റെ കിഴക്കുള്ള ദേശത്തിന്റെ വിഭജനം
8 മനശ്ശെയുടെ മറ്റേപകുതിക്കും രൂബേന്യർക്കും ഗാദ്യർക്കും യഹോവയുടെ ദാസനായ മോശ വിഭജിച്ചുകൊടുത്തതനുസരിച്ച് യോർദാന് കിഴക്കുള്ള ഭൂപ്രദേശത്ത് ഓഹരി ലഭിച്ചു.
9 അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേരും മലയിടുക്കിന്റെ മധ്യത്തിലുള്ള പട്ടണവുംമുതൽ ദീബോൻവരെയുള്ള മെദേബാപീഠഭൂമി മുഴുവനും, 10 അമ്മോന്യരുടെ അതിരുവരെ ഹെശ്ബോനിൽ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ എല്ലാ പട്ടണങ്ങളും;
11 ഗിലെയാദ്, ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശം, ഹെർമോൻപർവതം മുഴുവനും, സൽക്കാവരെയുള്ള ബാശാൻമുഴുവനും— 12 അസ്തരോത്തിലും എദ്രെയിലും ഭരിച്ചിരുന്നവനും മല്ലന്മാരിൽ അവസാനത്തെ ആളായി ശേഷിച്ചവരിൽ ഒരുത്തനുമായ ബാശാനിലെ ഓഗിന്റെ രാജ്യംമുഴുവനും ഉൾപ്പെട്ടിരുന്നു. മോശ ഇവരെ തോൽപ്പിച്ചു ദേശം കൈവശമാക്കിയിരുന്നു. 13 എന്നാൽ ഇസ്രായേൽമക്കൾ ഗെശൂര്യരെയും മയഖാത്യരെയും ഓടിച്ചുകളഞ്ഞില്ല. അവർ തുടർന്നും ഇന്നുവരെ ഇസ്രായേല്യരുടെ ഇടയിൽ താമസിച്ചുവരുന്നു.
14 മോശ ലേവിഗോത്രത്തിന് ഒരു അവകാശവും കൊടുത്തില്ല; ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കുള്ള ദഹനയാഗങ്ങൾ, താൻ അവരോടു വാഗ്ദാനംചെയ്തതുപോലെ അവർക്കുള്ള ഓഹരി ആകുന്നു.
15 മോശ രൂബേൻഗോത്രത്തിനു കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്:
16 അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേരും മലയിടുക്കിന്റെ മധ്യഭാഗത്തുള്ള പട്ടണവുംമുതൽ മെദേബയ്ക്ക് അപ്പുറമുള്ള പീഠഭൂമിമുഴുവൻ; 17 ഹെശ്ബോനും അതിന്റെ പീഠഭൂമിയിലുള്ള എല്ലാ പട്ടണങ്ങളും ദീബോൻ, ബാമോത്ത്-ബാൽ, ബേത്-ബാൽ-മെയോൻ, 18 യാഹാസ്, കെദേമോത്ത്, മേഫാത്ത്, 19 കിര്യാത്തയീം, സിബ്മ, താഴ്വരയിലെ കുന്നിലുള്ള സേരത്ത്-ശഹർ, 20 ബേത്-പെയോർ, പിസ്ഗാചെരിവുകൾ, ബേത്-യെശീമോത്ത്, 21 ഇങ്ങനെ പീഠഭൂമിയിലെ എല്ലാ പട്ടണങ്ങളും, ഹെശ്ബോനിൽ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യം മുഴുവനുംതന്നെ. മോശ സീഹോനെയും അവനുമായി സഖ്യമുള്ള പ്രഭുക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നിങ്ങനെ അവിടെ താമസിച്ച മിദ്യാന്യപ്രമാണികളെയും പരാജയപ്പെടുത്തിയിരുന്നു. 22 യുദ്ധത്തിൽ കൊന്നവരെക്കൂടാതെ ഇസ്രായേൽമക്കൾ ബെയോരിന്റെ മകനായ ബിലെയാം എന്ന ദേവപ്രശ്നംവെക്കുന്നവനെയും വാൾകൊണ്ടു കൊന്നു.
23 രൂബേന്യരുടെ അതിര് യോർദാന്റെ തീരമായിരുന്നു. ഈ പട്ടണങ്ങളും അവയിലെ ഗ്രാമങ്ങളും ആയിരുന്നു രൂബേന്യർക്കു കുലംകുലമായി കിട്ടിയ ഓഹരി.
24 മോശ ഗാദ്ഗോത്രത്തിനു കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്:
25 യാസേർപട്ടണം ഉൾപ്പെടുന്ന ഭൂപ്രദേശം, ഗിലെയാദിലെ എല്ലാ പട്ടണങ്ങളും രബ്ബയുടെ സമീപം അരോയേർവരെയുള്ള അമ്മോന്യരാജ്യത്തിന്റെ പകുതിയും; 26 ഹെശ്ബോൻമുതൽ രാമാത്ത്-മിസ്പായും ബെതോനീമുംവരെയും, മഹനയീംമുതൽ ദെബീർവരെയും, 27 താഴ്വരയിൽ ഹെശ്ബോൻരാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിച്ച പ്രദേശവും ബേത്-ഹാരാം, ബേത്-നിമ്രാ, സൂക്കോത്ത്, സാഫോൺ എന്നീ പട്ടണങ്ങളും ആയിരുന്നു. ഇതിനോടുചേർന്ന് യോർദാന്റെ കിഴക്കുവശം, കിന്നെരെത്തുതടാകംവരെയുമുള്ള ഭൂപ്രദേശവും അവർക്ക് അവകാശപ്പെട്ടതായിരുന്നു.
28 ഈ പട്ടണങ്ങളും അവയിലെ ഗ്രാമങ്ങളും ആയിരുന്നു ഗാദ്യർക്കു കുലംകുലമായി ലഭിച്ച ഓഹരി.
29 മോശ മനശ്ശെഗോത്രത്തിന്റെ പകുതിക്ക്, മനശ്ശെയുടെ പിൻഗാമികളുടെ കുടുംബത്തിന്റെ പകുതിക്ക്, കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്:
30 മഹനയീംമുതൽ ബാശാൻമുഴുവനും ഉൾപ്പെടുന്ന ഭൂപ്രദേശം, ബാശാൻരാജാവായ ഓഗിന്റെ രാജ്യം മുഴുവൻ, ബാശാനിൽ യായീരിന്റെ സ്ഥലങ്ങളായ അറുപതു പട്ടണങ്ങൾ; 31 ഗിലെയാദിന്റെ പകുതി, ബാശാനിലെ ഓഗിന്റെ രാജകീയ പട്ടണങ്ങളായ അസ്തരോത്തും എദ്രെയിയും.
ഇവയായിരുന്നു മനശ്ശെയുടെ മകനായ മാഖീരിന്റെ പിൻഗാമികൾക്ക്—മാഖീരിന്റെ പിൻഗാമികളിൽ പകുതിപേർക്കുതന്നെ—കുലംകുലമായി ലഭിച്ച ഓഹരി.
32 മോശ യെരീഹോവിനു കിഴക്ക് യോർദാനക്കരെ മോവാബ് സമതലപ്രദേശങ്ങളിൽവെച്ചു ഭാഗിച്ചുകൊടുത്ത ഓഹരി ഇവയായിരുന്നു. 33 എന്നാൽ ലേവിഗോത്രത്തിന് മോശ ഒരു അവകാശവും കൊടുത്തില്ല. ഇസ്രായേലിന്റെ ദൈവമായ യഹോവതന്നെ, താൻ അവരോടു കൽപ്പിച്ചതുപോലെ, അവരുടെ ഓഹരി ആകുന്നു.
<- യോശുവ 12യോശുവ 14 ->
- a ചി.കൈ.പ്ര. മെയാരാമുതൽ