Link to home pageLanguagesLink to all Bible versions on this site
7
1 “മനുഷ്യനു ഭൂമിയിൽ വിധിച്ചിട്ടുള്ളത് കഠിനാധ്വാനമല്ലേ?
അവരുടെ ദിവസങ്ങൾ കൂലിക്കാരുടെ ദിവസങ്ങൾപോലെയല്ലേ?
2 ഒരു അടിമ അന്തിവെയിൽ ആഗ്രഹിക്കുന്നതുപോലെയും
തൊഴിലാളികൾ തങ്ങളുടെ കൂലിക്കായി കാത്തിരിക്കുന്നതുപോലെയും
3 വ്യർഥമാസങ്ങൾ എനിക്ക് ഓഹരിയായി ലഭിച്ചിരിക്കുന്നു;
കഷ്ടതയുടെ രാത്രികൾ എനിക്കു നിയമിക്കപ്പെട്ടിരിക്കുന്നു.
4 കിടക്കുമ്പോൾ, ‘എനിക്ക് ഉണരാൻ എത്ര നേരമുണ്ട്?’ എന്നതാണ് എന്റെ ചിന്ത.
എന്നാൽ രാത്രി നിരങ്ങിനീങ്ങുന്നു, അരുണോദയംവരെയും ഞാൻ കിടന്നുരുളുന്നു.
5 എന്റെ ശരീരം പുഴുവും പൊറ്റനും പൊതിഞ്ഞിരിക്കുന്നു;
എന്റെ ത്വക്കു വരണ്ടുപൊട്ടുകയും പഴുത്തൊലിക്കുകയും ചെയ്യുന്നു.
 
6 “എന്റെ ദിവസങ്ങൾ നെയ്ത്തുകാരന്റെ ഓടത്തെക്കാൾ വേഗമുള്ളത്;
പ്രതീക്ഷയ്ക്കു വകയില്ലാതെ അവ നിലയ്ക്കുന്നു.
7 ദൈവമേ, എന്റെ ജീവൻ ഒരു ശ്വാസംമാത്രമെന്ന് ഓർക്കണമേ;
എന്റെ കണ്ണുകൾ ഇനിയൊരിക്കലും ആനന്ദം കാണുകയില്ല.
8 എന്നെ ഇപ്പോൾ കാണുന്നവരുടെ കണ്ണുകൾ മേലിൽ എന്നെ കാണുകയില്ല;
നിങ്ങൾ എന്നെ അന്വേഷിക്കും; എന്നാൽ ഞാൻ ഉണ്ടായിരിക്കുകയില്ല.
9 ഒരു മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ
ശവക്കുഴിയിലേക്കിറങ്ങുന്നവനും തിരികെ വരുന്നില്ല.
10 അവർ തങ്ങളുടെ വസതികളിലേക്കു തിരിച്ചെത്തുന്നില്ല;
അവരുടെ സ്ഥലം ഇനിമേൽ അവരെ അറിയുകയുമില്ല.
 
11 “അതിനാൽ ഞാനിനി നിശ്ശബ്ദനായിരിക്കുകയില്ല;
ആത്മവ്യഥയോടുകൂടിത്തന്നെ ഞാൻ സംസാരിക്കും,
മനോവേദനയാൽ ഞാൻ ആവലാതിപ്പെടും.
12 അവിടന്ന് എനിക്കൊരു കാവൽ നിർത്താൻ
ഞാൻ കടലോ കടലിലെ ഭീകരസത്വമോ?
13 എന്റെ കിടക്ക എന്നെ ആശ്വസിപ്പിക്കും;
എന്റെ കട്ടിൽ എന്റെ ആവലാതികൾക്കു പരിഹാരം നൽകും എന്നു ഞാൻ പറഞ്ഞാൽ,
14 അവിടന്ന് സ്വപ്നങ്ങളാൽ എന്നെ ഭയപ്പെടുത്തുകയും
ദർശനങ്ങളാൽ എന്നെ സംഭ്രാന്തിയിലാഴ്ത്തുകയും ചെയ്യുന്നു.
15 എന്നെ കഴുത്തുഞെരിച്ചു കൊല്ലുന്നത് എനിക്ക് അധികം ആശ്വാസകരം;
ജീവിതത്തെക്കാൾ മരണം എനിക്ക് അഭികാമ്യം.
16 എന്റെ ജീവിതത്തെ ഞാൻ വെറുക്കുന്നു; ഞാൻ എന്നേക്കും ജീവിച്ചിരിക്കുകയില്ലല്ലോ.
എന്നെ വെറുതേവിടുക; എന്റെ ദിവസങ്ങൾ ഒരർഥവും ഇല്ലാത്തതാണല്ലോ.
 
17 “അവിടത്തെ ആദരവു ലഭിക്കാൻ മനുഷ്യർക്ക് എന്തു യോഗ്യത?
അവരുടെമേൽ അതീവ ശ്രദ്ധചെലുത്തുന്നതിനും.
18 പ്രഭാതംതോറും അവരെ പരിശോധിക്കുന്നതിനും
നിമിഷംതോറും പരീക്ഷിക്കുന്നതിനും അവർ എന്തുള്ളൂ?
19 അവിടത്തെ നോട്ടം എന്നിൽനിന്ന് ഒരിക്കലും പിൻവലിക്കുകയില്ലേ?
ഞാൻ ഉമിനീർ ഇറക്കുന്ന സമയംവരെപ്പോലും എന്നെ വെറുതേ വിടുകയില്ലേ?
20 മനുഷ്യരുടെ കാവൽക്കാരാ, ഞാൻ പാപം ചെയ്തുവോ?
എന്ത് അവിഹിതമാണ് ഞാൻ അങ്ങേക്കെതിരേ ചെയ്തത്?
അങ്ങ് എന്നെ ലക്ഷ്യം വെക്കുന്നതെന്തിന്?
ഞാൻ അങ്ങേക്ക് ഒരു ഭാരമായിമാറിയിട്ടുണ്ടോ[a]?
21 അങ്ങനെയെങ്കിൽ എന്തുകൊണ്ട് എന്റെ ലംഘനം പൊറുക്കുകയും
എന്റെ പാപം ക്ഷമിക്കുകയും ചെയ്യുന്നില്ല?
ഞാൻ ഇപ്പോൾത്തന്നെ പൊടിയിൽ കിടക്കും;
അങ്ങ് എന്നെ അന്വേഷിക്കും, എന്നാൽ ഞാൻ ജീവനോടെ ഉണ്ടായിരിക്കുകയില്ല.”

<- ഇയ്യോബ് 6ഇയ്യോബ് 8 ->