1 പിന്നീട് ഒരു ദിവസം ദൈവദൂതന്മാർ[a] യഹോവയുടെ സന്നിധിയിൽ മുഖം കാണിക്കാൻ ചെന്നു. അവരുടെ കൂട്ടത്തിൽ സാത്താനും യഹോവയുടെ സന്നിധിയിൽ മുഖം കാണിക്കാൻ എത്തിയിരുന്നു. 2 യഹോവ സാത്താനോട്: “നീ എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു.
3 യഹോവ സാത്താനോട് പറഞ്ഞു: “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനുമായി ഭൂമിയിൽ ആരുംതന്നെ ഇല്ലല്ലോ. അവൻ ഇപ്പോഴും തന്റെ വിശ്വസ്തത മുറുകെപ്പിടിച്ചിരിക്കുന്നു; യാതൊരു കാരണവുംകൂടാതെ അവനെ നശിപ്പിക്കുന്നതിനു നീ എന്നെ അവനെതിരായി പ്രകോപിപ്പിച്ചല്ലോ.”
4 സാത്താൻ യഹോവയോടു മറുപടി പറഞ്ഞു: “ത്വക്കിനുപകരം ത്വക്കുമാത്രം; ഒരു മനുഷ്യൻ തന്റെ ജീവനുവേണ്ടി തനിക്കുള്ളതൊക്കെയും ത്യജിച്ചുകളയും. 5 ഇപ്പോൾ അങ്ങ് കൈനീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക. അവൻ മുഖത്തുനോക്കി അങ്ങയെ ദുഷിച്ചു പറയും.”
6 യഹോവ സാത്താനോട്: “അങ്ങനെയെങ്കിൽ ഇതാ, അവനെ നിന്റെ ഇഷ്ടത്തിനു വിട്ടുതരുന്നു; അവന്റെ ജീവനെമാത്രം തൊടരുത്” എന്നു പറഞ്ഞു.
7 അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടുപോയി. അവൻ ഇയ്യോബിനെ ഉള്ളംകാൽമുതൽ ഉച്ചിവരെ കഠിനമായ പരുക്കളാൽ ബാധിച്ചു. 8 അദ്ദേഹം ചാരത്തിലിരുന്ന് ഒരു ഓട്ടുകഷണംകൊണ്ടു തന്നത്താൻ ചുരണ്ടിക്കൊണ്ടിരുന്നു.
9 അവന്റെ ഭാര്യ അവനോട്: “നീ ഇപ്പോഴും ദൈവത്തോടു വിശ്വസ്തനായി കഴിയുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക!” എന്നു പറഞ്ഞു.
10 അതിന് ഇയ്യോബ്, “ഒരു ബുദ്ധികെട്ട[b] സ്ത്രീ സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു. നാം ദൈവത്തിൽനിന്ന് നന്മമാത്രമാണോ സ്വീകരിക്കേണ്ടത്; തിന്മയും സ്വീകരിക്കേണ്ടതല്ലേ?” എന്നു പറഞ്ഞു.