Link to home pageLanguagesLink to all Bible versions on this site
12
ഇയ്യോബ്
1 അപ്പോൾ ഇയ്യോബ് ഉത്തരം പറഞ്ഞു:
2 “നിങ്ങൾമാത്രമാണ് ജ്ഞാനികൾ;
നിങ്ങളോടൊപ്പംതന്നെ ജ്ഞാനവും മരിക്കും.
3 എന്നാൽ നിങ്ങളെപ്പോലെതന്നെ എനിക്കും ബുദ്ധിയുണ്ട്;
ഞാൻ നിങ്ങളെക്കാൾ ഒട്ടും മോശവുമല്ല.
ഈ കാര്യങ്ങൾ ആർക്കാണ് അറിഞ്ഞുകൂടാത്തത്?
 
4 “ഞാൻ ദൈവത്തെ വിളിച്ചു, അവിടന്ന് ഉത്തരമരുളുകയും ചെയ്തു,
എന്നാൽ ഞാൻ എന്റെ സ്നേഹിതന്മാർക്ക് ഒരു പരിഹാസപാത്രമാണ്;
നീതിനിഷ്ഠനും നിഷ്കളങ്കനുമെങ്കിലും ഒരു പരിഹാസവിഷയംതന്നെ!
5 സുഖലോലുപൻ ആപത്തു വെറുക്കുന്നു;
കാലിടറുന്നവരെയാണ് വിനാശം കാത്തിരിക്കുന്നത്.
6 കവർച്ചക്കാരുടെ കൂടാരങ്ങൾ സ്വസ്ഥമായിരിക്കുന്നു,
ദൈവത്തെ പ്രകോപിപ്പിക്കുന്നവർ സുരക്ഷിതരായും ഇരിക്കുന്നു—
അവരുടെ കരങ്ങളിലാണ് ദൈവം എന്ന് അവർ ചിന്തിക്കുന്നു!
 
7 “എന്നാൽ മൃഗങ്ങളോടു ചോദിക്കുക, അവ നിന്നെ പഠിപ്പിക്കും
അല്ലെങ്കിൽ ആകാശത്തിലെ പക്ഷികളോടു ചോദിക്കുക, അവ നിന്നോടു സംസാരിക്കും;
8 നീ ഭൂമിയോടു സംസാരിക്കുക, അതു നിനക്ക് ആലോചന പറഞ്ഞുതരും
അതുമല്ലെങ്കിൽ സമുദ്രത്തിലെ മത്സ്യങ്ങൾ നിനക്ക് അറിവു തരട്ടെ.
9 യഹോവയുടെ കൈ ഇതു ചെയ്തുവെന്ന്
ഇവയിൽ ഏതിനാണ് അറിവില്ലാത്തത്?
10 എല്ലാ ജീവജാലങ്ങളുടെയും ജീവൻ നിലനിൽക്കുന്നത് അവിടത്തെ കരങ്ങളിൽ ആണല്ലോ,
സകലമനുഷ്യരുടെയും ശ്വാസം നിയന്ത്രിക്കുന്നതും അവിടന്നാണ്.
11 നാവ് ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിയുന്നതുപോലെ,
ചെവി വാക്കുകൾ വിവേചിക്കുന്നില്ലേ?
12 വയോധികരിൽ ജ്ഞാനം കാണാതിരിക്കുമോ?
ആയുർദൈർഘ്യത്തോടൊപ്പം വിവേകം ആർജിക്കാതിരിക്കുമോ?
 
13 “ജ്ഞാനവും ശക്തിയും ദൈവത്തിനുള്ളത്;
ആലോചനയും വിവേകവും അവിടത്തേക്കുള്ളത്.
14 അവിടന്ന് തകർക്കുന്നതിനെ പുനരുദ്ധരിക്കാൻ സാധ്യമല്ല;
അവിടന്ന് തടവിലാക്കുന്നവരെ മോചിപ്പിക്കുക അസാധ്യം.
15 അവിടന്നു മഴ മുടക്കിയാൽ, വരൾച്ചയുണ്ടാകുന്നു;
അവിടന്ന് അതിനെ തുറന്നുവിട്ടാൽ അതു ഭൂമിയെ മുക്കിക്കളയുന്നു.
16 ശക്തിയും ജ്ഞാനവും അവിടത്തേക്കുള്ളത്;
വഞ്ചിതരും വഞ്ചകരും അവിടത്തേക്കുള്ളവർതന്നെ.
17 അവിടന്ന് ഭരണാധിപരെ നഗ്നരാക്കി കൊണ്ടുപോകുന്നു,
ന്യായാധിപരെ വിഡ്ഢിവേഷംകെട്ടിക്കുന്നു.
18 രാജാക്കന്മാർ ബന്ധിച്ച വിലങ്ങുകൾ അവിടന്ന് അഴിക്കുന്നു;
അവിടന്നു രാജാക്കന്മാരെ കൗപീനധാരികളാക്കുന്നു.
19 അവിടന്നു പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു;
നാളുകളായി അജയ്യരായിരുന്ന ഭരണാധിപരെ അവിടന്ന് അട്ടിമറിക്കുന്നു.
20 അവിടന്നു വിശ്വസ്ത ഉപദേശകരെ മൂകരാക്കുകയും
വയോധികരുടെ വിവേകം എടുത്തുകളയുകയും ചെയ്യുന്നു.
21 അവിടന്നു പ്രഭുക്കന്മാരെ നിന്ദ്യരാക്കുന്നു;
ബലശാലികളുടെ അരക്കച്ച അഴിച്ചുകളയുന്നു.
22 അവിടന്ന് അന്ധകാരത്തിന്റെ അഗാധത വെളിപ്പെടുത്തുന്നു;
കൂരിരുട്ടിനെ പ്രകാശമായി മാറ്റുന്നു.
23 അവിടന്നു രാഷ്ട്രങ്ങളെ പണിതുയർത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു;
അവിടന്നു രാഷ്ട്രങ്ങളെ വിസ്തൃതമാക്കുകയും ചിതറിക്കുകയും ചെയ്യുന്നു.
24 അവിടന്നു ഭൂമിയിലെ നേതാക്കന്മാരുടെ വിവേകം ക്ഷയിപ്പിക്കുന്നു;
വഴിയില്ലാത്ത ഊഷരഭൂമിയിൽ അവരെ ഉഴലുമാറാക്കുന്നു.
25 അവർ വെളിച്ചമില്ലാതെ ഇരുളിൽ തപ്പിത്തടയുന്നു;
അവിടന്ന് അവരെ മദോന്മത്തരെപ്പോലെ ചാഞ്ചാടി നടക്കുമാറാക്കുന്നു.