Link to home pageLanguagesLink to all Bible versions on this site
21
സിദെക്കീയാവിന്റെ അഭ്യർഥന ദൈവം നിരസിക്കുന്നു
1 സിദെക്കീയാരാജാവ് മൽക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചപ്പോൾ, യഹോവയിൽനിന്നു യിരെമ്യാവിന് അരുളപ്പാടുണ്ടായി. അവർ പറഞ്ഞത്: 2 “ബാബേൽരാജാവായ നെബൂഖദ്നേസർ[a] നമുക്കെതിരേ യുദ്ധംചെയ്യുന്നതുകൊണ്ടു താങ്കൾ ഞങ്ങൾക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക. അയാൾ ഞങ്ങളെ വിട്ടുപോകേണ്ടതിന് ഒരുപക്ഷേ യഹോവ നമുക്കുവേണ്ടി പണ്ടത്തെപ്പോലെ അത്ഭുതങ്ങൾ പ്രവർത്തിക്കും.”

3 എന്നാൽ യിരെമ്യാവ് അവരോടു പറഞ്ഞത്: “നിങ്ങൾ സിദെക്കീയാവിനോട് ഇപ്രകാരം പറയുക, 4 ‘ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കോട്ടയ്ക്കു പുറമേനിന്നു നിങ്ങളെ ഉപരോധിക്കുന്ന ബാബേൽരാജാവിനും ബാബേല്യർക്കും[b] എതിരേ നിങ്ങൾ പ്രയോഗിക്കുന്ന ആയുധങ്ങൾ ഞാൻ നിങ്ങൾക്കെതിരേ തിരിക്കാൻ പോകുകയാണ്. അങ്ങനെ അവയെല്ലാം ഞാൻ ഈ നഗരത്തിന്റെ മധ്യത്തിൽ കൂട്ടും. 5 ഞാൻതന്നെയും നീട്ടിയ ഭുജംകൊണ്ടും ബലവത്തായ കരംകൊണ്ടും ഉഗ്രകോപത്തോടും മഹാക്രോധത്തോടുംകൂടി നിങ്ങൾക്കെതിരേ യുദ്ധംചെയ്യും. 6 ഈ നഗരത്തിലെ നിവാസികളെ— മനുഷ്യരെയും മൃഗങ്ങളെയും—ഞാൻ സംഹരിക്കും. അവർ ഒരു മഹാമാരിയാൽ മരിക്കും. 7 അതിനുശേഷം, മഹാമാരിയിൽനിന്നും വാളിൽനിന്നും ക്ഷാമത്തിൽനിന്നും രക്ഷപ്പെട്ട് ഈ നഗരത്തിൽ ശേഷിക്കുന്ന യെഹൂദാരാജാവായ സിദെക്കീയാവിനെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്ന ശത്രുക്കളുടെ കൈയിലും ഏൽപ്പിക്കും. അയാൾ അവരോട് കരുണയോ സഹതാപമോ കാണിക്കാതെ വാളിന്റെ വായ്ത്തലയാൽ അവരെ സംഹരിക്കും, എന്ന് യഹോവയുടെ അരുളപ്പാട്.’

8 “നീ ഇതുംകൂടി ഈ ജനത്തോടു പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെമുമ്പിൽ വെക്കുന്നു. 9 ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ പുറത്തുപോയി നിങ്ങളെ ഉപരോധിക്കുന്ന ബാബേല്യർക്കു കീഴ്പ്പെടുന്നവർ ജീവനോടെ ശേഷിക്കും. അവരുടെ ജീവൻ അവർക്കു കൊള്ളകിട്ടിയതുപോലെ ഇരിക്കും. 10 ഞാൻ നന്മയ്ക്കായിട്ടല്ല, ദോഷത്തിനായിത്തന്നെ എന്റെ മുഖം ഈ നഗരത്തിനെതിരേ തിരിച്ചിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതു ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും; അദ്ദേഹം അതിനെ തീവെച്ചു ചുട്ടുകളയും.’

11 “അതിനുശേഷം നീ യെഹൂദയിലെ രാജകുടുംബത്തോട് ഇപ്രകാരം പറയുക: ‘യഹോവയുടെ വചനം കേൾക്കുക. 12 ദാവീദ് ഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ ‘നിങ്ങൾ ചെയ്യുന്ന ദുഷ്ടതനിമിത്തം
ആർക്കും കെടുത്താൻ കഴിയാത്തവിധം
എന്റെ ക്രോധം തീപോലെ പൊട്ടിപ്പുറപ്പെടാതിരിക്കേണ്ടതിന്,
പ്രഭാതംതോറും ന്യായം പരിപാലിക്കുകയും
കവർച്ചയ്ക്കിരയായവരെ
പീഡകരുടെ കൈയിൽനിന്നും വിടുവിക്കുകയുംചെയ്യുക.
13 ഈ താഴ്വരയ്ക്കുമീതേ,
പാറനിറഞ്ഞ പീഠഭൂമിയിൽ പാർക്കുന്ന
ജെറുശലേമേ, ഞാൻ നിനക്കെതിരാണ്—
എന്ന് യഹോവ അരുളിച്ചെയ്യുന്നു—
“ആർ ഞങ്ങളുടെനേരേ വരും?
ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും?” എന്നു പറയുന്നവർക്കെതിരേതന്നെ.
14 നിങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി ഞാൻ നിങ്ങളെ ശിക്ഷിക്കും,
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
നിങ്ങളുടെ വനങ്ങൾക്കു ഞാൻ തീവെക്കും
ആ അഗ്നി നിങ്ങൾക്കു ചുറ്റുമുള്ള എല്ലാറ്റിനെയും ദഹിപ്പിക്കും.’ ”

<- യിരെമ്യാവ് 20യിരെമ്യാവ് 22 ->