Link to home pageLanguagesLink to all Bible versions on this site
20
യിരെമ്യാവും പശ്ഹൂരും
1 യിരെമ്യാവ് ഈ കാര്യങ്ങൾ പ്രവചിക്കുന്നത് ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിലെ പ്രധാന ചുമതലക്കാരനുമായ പശ്ഹൂർപുരോഹിതൻ കേട്ടു. 2 അപ്പോൾ പശ്ഹൂർ യിരെമ്യാപ്രവാചകനെ അടിപ്പിക്കുകയും അദ്ദേഹത്തെ യഹോവയുടെ ആലയത്തിനു സമീപമുള്ള ബെന്യാമീൻകവാടത്തിന്റെ മുകൾഭാഗത്തുള്ള വിലങ്ങിൽ ബന്ധിക്കാൻ ഉത്തരവിടുകയും ചെയ്തു. 3 അടുത്തദിവസം പശ്ഹൂർ യിരെമ്യാവിനെ വിലങ്ങഴിച്ചു വിട്ടപ്പോൾ യിരെമ്യാവ് അയാളോട് ഇപ്രകാരം പറഞ്ഞു, “യഹോവ നിന്നെ വിളിച്ചിരിക്കുന്ന പേര് പശ്ഹൂർ എന്നല്ല, മാഗോർ-മിസ്സാബീബ്[a] എന്നാകുന്നു. 4 കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ നിനക്കും നിന്റെ സകലസ്നേഹിതർക്കും ഒരു ഭീതിയാക്കിത്തീർക്കും; നിന്റെ കണ്ണുകൾ നോക്കിക്കൊണ്ടിരിക്കെ അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും. ഞാൻ യെഹൂദയെ മുഴുവൻ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കും. അദ്ദേഹം അവരെ തടവുകാരാക്കി ബാബേലിലേക്കു കൊണ്ടുപോകുകയോ വാളിനാൽ കൊലപ്പെടുത്തുകയോചെയ്യും. 5 ഈ പട്ടണത്തിലെ സകലസമ്പത്തും— അതിലെ സകല ഉത്പന്നങ്ങളും വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും എല്ലാ നിധികളും യെഹൂദാരാജാക്കന്മാരുടെ സകലനിക്ഷേപങ്ങളും ഞാൻ അവരുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിക്കും. അവർ അവയെ കൊള്ളമുതലായി ബാബേലിലേക്കു കൊണ്ടുപോകും. 6 പശ്ഹൂരേ, നീയും നിന്റെ ഭവനത്തിൽ വസിക്കുന്ന എല്ലാവരും ബാബേലിലേക്ക് പ്രവാസികളായി പോകേണ്ടിവരും. നീയും നീ വ്യാജപ്രവചനം അറിയിച്ച നിന്റെ എല്ലാ സ്നേഹിതരും അവിടെ മരിച്ച് അടക്കപ്പെടും.’ ”
യിരെമ്യാവിന്റെ പരാതി
7 യഹോവേ, അങ്ങ് എന്നെ പ്രലോഭിപ്പിച്ചു;[b] ഞാൻ പ്രലോഭിതനാകുകയും ചെയ്തു.
അങ്ങ് എന്നെ കീഴടക്കിയിരിക്കുന്നു;
ദിവസം മുഴുവൻ ഞാൻ ഒരു പരിഹാസവിഷയമായിരിക്കുന്നു;
എല്ലാവരും എന്നെ പരിഹസിക്കുന്നു.
8 സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ചുകൊണ്ട്,
അതിക്രമത്തെയും നാശത്തെയുംകുറിച്ചു വിളംബരംചെയ്യുന്നു.
അതുകൊണ്ട് യഹോവയുടെ ഈ വചനം ദിവസംമുഴുവനും
എനിക്ക് നിന്ദയും പരിഹാസവും കൊണ്ടുവരുന്നു.
9 “ഞാൻ അവിടത്തെ വചനം ഓർക്കുകയോ
അവിടത്തെ നാമത്തിൽ മേലാൽ സംസാരിക്കുകയോ ഇല്ല,” എന്നു ഞാൻ പറഞ്ഞാൽ,
അവിടത്തെ വചനം എന്റെ അസ്ഥികളിൽ അടക്കപ്പെട്ടിട്ട്,
എന്റെ ഹൃദയത്തിൽ തീ കത്തുന്നതുപോലെ ആയിത്തീരുന്നു.
ഞാൻ തളർന്നു; എനിക്ക് അതു
സഹിക്കാൻ കഴിയാതായിരിക്കുന്നു.
10 “ചുറ്റും കൊടുംഭീതി!
അയാളെ കുറ്റം വിധിക്കൂ! നമുക്ക് അയാളെ കുറ്റം വിധിക്കാം!”
എന്ന് ധാരാളംപേർ അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു.
“ഒരുപക്ഷേ നമുക്ക് അയാളെ തോൽപ്പിച്ച്
അയാളോടു പകരം വീട്ടാൻ തക്കവണ്ണം
അയാൾ വശീകരിക്കപ്പെടാം,”
എന്ന് എന്റെ വീഴ്ചയ്ക്കു കാത്തിരിക്കുന്ന
എന്റെ ഉറ്റ സ്നേഹിതരൊക്കെയും പറയുന്നു.
 
11 എന്നാൽ യഹോവ ഒരു യുദ്ധവീരനെപ്പോലെ എന്നോടൊപ്പമുണ്ട്;
അതിനാൽ എന്റെ പീഡകർ ഇടറിവീഴും, അവർ ജയിക്കുകയില്ല.
അവർ പരാജിതരാകും; പരിപൂർണമായി അപമാനിതരാകും
അവരുടെ അപമാനം അവിസ്മരണീയമായിരിക്കും.
12 നീതിനിഷ്ഠരെ പരിശോധിക്കുകയും അന്തരിന്ദ്രിയത്തെയും ഹൃദയത്തെയും
കാണുകയുംചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ,
അവരുടെമേലുള്ള അങ്ങയുടെ പ്രതികാരം ഞാൻ കാണട്ടെ,
കാരണം എന്റെ വ്യവഹാരം ഞാൻ അങ്ങയുടെമുമ്പിൽ വെച്ചിരിക്കുന്നു.
 
13 യഹോവയ്ക്കു പാടുക!
യഹോവയ്ക്കു സ്തോത്രംചെയ്യുക!
കാരണം അവിടന്ന് ദരിദ്രരുടെ പ്രാണനെ
ദുഷ്ടരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു.
 
14 ഞാൻ പിറന്ന ദിവസം ശപിക്കപ്പെടട്ടെ!
എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ!
15 “നിനക്ക് ഒരു പുരുഷപ്രജ ലഭിച്ചിരിക്കുന്നു!”
എന്ന് എന്റെ പിതാവിന്റെ അടുക്കൽ വാർത്ത കൊണ്ടുവന്ന്
അദ്ദേഹത്തെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവനാകട്ടെ.
16 ഒരു സഹതാപവുംകൂടാതെ യഹോവ നശിപ്പിച്ചുകളഞ്ഞ
പട്ടണങ്ങളെപ്പോലെ ആ മനുഷ്യൻ ആകട്ടെ.
രാവിലെ അയാൾ നിലവിളിയും
ഉച്ചസമയത്തു പോർവിളിയും കേൾക്കാനിടയാകട്ടെ.
17 എന്റെ അമ്മ എനിക്കു ശവക്കുഴിയായി,
അവളുടെ ഉദരം എപ്പോഴും എന്നെക്കൊണ്ടു നിറഞ്ഞിരിക്കുമാറ്,
അയാൾ എന്നെ ഗർഭത്തിൽവെച്ചുതന്നെ കൊന്നുകളഞ്ഞില്ലല്ലോ.
18 കഷ്ടതയും സങ്കടവും അനുഭവിക്കാനും
എന്റെ ജീവിതകാലം ലജ്ജയിൽ കഴിഞ്ഞുകൂടുന്നതിനും
ഞാൻ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതെന്തിന്?

<- യിരെമ്യാവ് 19യിരെമ്യാവ് 21 ->