Link to home pageLanguagesLink to all Bible versions on this site
13
ചണനൂൽകൊണ്ടുള്ള അരപ്പട്ട
1 യഹോവ എന്നോട്, “നീ ചെന്ന് ചണനൂൽകൊണ്ടുള്ള ഒരു അരപ്പട്ട[a] വാങ്ങി അരയിൽ കെട്ടുക, അതു വെള്ളത്തിൽ മുക്കരുത്” എന്നു കൽപ്പിച്ചു. 2 അങ്ങനെ ഞാൻ യഹോവയുടെ കൽപ്പനപ്രകാരം ഒരു അരപ്പട്ട വാങ്ങി അരയിൽ കെട്ടി.

3 അപ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാംപ്രാവശ്യം എനിക്കുണ്ടായത്: 4 “നീ വാങ്ങി അരയിൽ കെട്ടിയ അരപ്പട്ട എടുത്തുകൊണ്ട് ഫ്രാത്തിന്റെ നദിക്കരയിൽ[b] ചെന്ന് ഒരു പാറയുടെ വിള്ളലിൽ ഒളിച്ചുവെക്കുക.” 5 അങ്ങനെ ഞാൻ ചെന്ന് യഹോവ കൽപ്പിച്ചതുപോലെ അതു ഫ്രാത്തിന്റെ കരയിൽ ഒളിച്ചുവെച്ചു.

6 വളരെദിവസം കഴിഞ്ഞ് യഹോവ എന്നോട്: “എഴുന്നേറ്റു ഫ്രാത്തിന്റെ കരയിൽ പോയി അവിടെ ഒളിച്ചുവെക്കാൻ ഞാൻ നിന്നോടു കൽപ്പിച്ച അരപ്പട്ട എടുത്തുകൊണ്ടുവരിക” എന്നു കൽപ്പിച്ചു. 7 അങ്ങനെ ഞാൻ ഫ്രാത്തിന്റെ കരയിൽ ചെന്നു ഞാൻ ഒളിച്ചുവെച്ചിരുന്ന അരപ്പട്ട മാന്തിയെടുത്തു. അരപ്പട്ട ജീർണിച്ച് ഒന്നിനും കൊള്ളരുതാത്തതായിത്തീർന്നിരുന്നു.

8 അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത്: 9 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ വിധത്തിൽ ഞാൻ യെഹൂദയുടെ ഗർവവും ജെറുശലേമിന്റെ മഹാഗർവവും നശിപ്പിച്ചുകളയും. 10 എന്റെ വചനം കേൾക്കാതെ സ്വന്തം ഹൃദയത്തിലെ പിടിവാശിക്കനുസരിച്ചു ജീവിക്കുകയും അന്യദേവതകൾക്കു പിന്നാലെചെന്ന് അവയെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ അരപ്പട്ടപോലെയാകും! 11 അരപ്പട്ട ഒരു മനുഷ്യന്റെ അരയോടു പറ്റിച്ചേർന്നിരിക്കുന്നതുപോലെ ഇസ്രായേൽഗൃഹംമുഴുവനെയും യെഹൂദാഗൃഹംമുഴുവനെയും എന്റെ പ്രശസ്തിയും പ്രശംസയും മഹത്ത്വവുമാകാനായി എന്നോടു ചേർത്തു ബന്ധിച്ചു. എന്നാൽ അവരോ അതിൽ ശ്രദ്ധവെച്ചില്ല,’ എന്ന് യഹോവയുടെ അരുളപ്പാട്.

വീഞ്ഞുതുരുത്തി
12 “അതിനാൽ, ഈ വചനം നീ അവരോടു പറയണം: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എല്ലാ തുരുത്തിയും വീഞ്ഞിനാൽ നിറയ്ക്കപ്പെടും.’ അപ്പോൾ അവർ നിന്നോട്, ‘എല്ലാ തുരുത്തിയും വീഞ്ഞിനാൽ നിറയ്ക്കപ്പെടുമെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടയോ?’ എന്നു ചോദിക്കും. 13 അപ്പോൾ നീ അവരോടു പറയേണ്ടത്, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഈ ദേശത്തിലെ എല്ലാ നിവാസികളെയും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും ജെറുശലേമിലെ എല്ലാ നിവാസികളെയും ഞാൻ മദ്യലഹരിയിൽ ആക്കിത്തീർക്കും. 14 അവർ പരസ്പരം ഏറ്റുമുട്ടാൻ, മാതാപിതാക്കളും മക്കളും ഒരുപോലെ ഏറ്റുമുട്ടി നശിക്കാൻ, ഞാൻ ഇടയാക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു. ഞാൻ സഹതപിക്കുകയോ കരുണകാണിക്കുകയോ ദയകാണിക്കുകയോ ചെയ്യാതെ അവരെ നശിപ്പിച്ചുകളയും.’ ”
നാശം അടുത്തിരിക്കുന്നു
15 കേൾക്കുക, ചെവിതരിക,
നിഗളിക്കരുത്,
കാരണം യഹോവ അരുളിച്ചെയ്തിരിക്കുന്നു.
16 യഹോവ, അന്ധകാരം വരുത്തുന്നതിനും
നിങ്ങളുടെ കാൽ അന്ധകാരപർവതത്തിൽ
ഇടറിപ്പോകുന്നതിനും മുമ്പേ
നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മഹത്ത്വംകൊടുക്കുക.
നിങ്ങൾ വെളിച്ചത്തിനായി കാത്തിരിക്കുന്നു,
എന്നാൽ അവിടന്നതു ഘോരാന്ധകാരമായും
കൂരിരുളായും മാറ്റും.
17 നിങ്ങൾ കേട്ട് അനുസരിക്കുന്നില്ലെങ്കിൽ,
നിങ്ങളുടെ നിഗളം ഓർത്ത്
ഞാൻ രഹസ്യത്തിൽ കരയും;
യഹോവയുടെ ആട്ടിൻപറ്റത്തെ തടവുകാരാക്കി പിടിച്ചുകൊണ്ടുപോയതോർത്ത്
എന്റെ കണ്ണുകൾ അതികഠിനമായി വിലപിച്ച്
കണ്ണീരൊഴുക്കും.
 
18 രാജാവിനോടും രാജമാതാവിനോടും നീ പറയേണ്ടത്,
“നിങ്ങളുടെ സിംഹാസനങ്ങളിൽനിന്ന് താഴെയിറങ്ങുക,
കാരണം നിങ്ങളുടെ മഹത്ത്വകിരീടംതന്നെ
നിങ്ങളുടെ തലയിൽനിന്നു താഴെവീണുപോകും.”
19 തെക്കേദേശത്തിലെ[c] നഗരങ്ങൾ അടയ്ക്കപ്പെടും,
അവ തുറക്കുന്നതിന് ആരുംതന്നെ ഉണ്ടാകുകയില്ല.
എല്ലാ യെഹൂദ്യരെയും തടവുകാരാക്കി പിടിച്ചുകൊണ്ടുപോകും,
അവരെ മുഴുവൻ തടവുകാരാക്കി കൊണ്ടുപോകും.
 
20 നിങ്ങളുടെ കണ്ണുയർത്തി
വടക്കുനിന്നു വരുന്നവരെ നോക്കുക.
നിനക്കു നൽകപ്പെട്ടിരുന്ന ആട്ടിൻപറ്റം എവിടെ,
നിന്റെ അഭിമാനമായ ആട്ടിൻപറ്റംതന്നെ?
21 നിന്റെ സഖ്യകക്ഷികളായി നീ തന്നെ ശീലിപ്പിച്ചിരുന്നവരെ
അവിടന്നു നിന്റെമേൽ അധിപതികളായി നിയമിക്കുമ്പോൾ നീ എന്തുപറയും?
പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ
വേദന നിന്നെ പിടികൂടുകയില്ലേ?
22 “ഈ കാര്യങ്ങൾ എനിക്ക് എന്തുകൊണ്ടു സംഭവിച്ചിരിക്കുന്നു?”
എന്നു നീ ഹൃദയത്തിൽ പറയുമെങ്കിൽ,
നിന്റെ പാപത്തിന്റെ ബാഹുല്യംനിമിത്തം
നിന്റെ വസ്ത്രം ചീന്തപ്പെടുകയും
നിന്റെ ശരീരം അനാവൃതമാകുകയും ചെയ്തിരിക്കുന്നു.
23 ഒരു കൂശ്യന്[d] അവന്റെ ത്വക്കിനെയും
പുള്ളിപ്പുലിക്ക് അതിന്റെ പുള്ളിയെയും മാറ്റാൻ കഴിയുമോ?
എങ്കിൽ തിന്മമാത്രം ചെയ്യാൻ ശീലിച്ചിരിക്കുന്ന
നിങ്ങൾക്ക് നന്മചെയ്യാൻ കഴിയുമോ?
 
24 “മരുഭൂമിയിലെ കാറ്റിനാൽ പാറിപ്പോകുന്ന
പതിരുപോലെ ഞാൻ നിന്നെ ചിതറിച്ചുകളയും.
25 നീ എന്നെ മറന്ന്
വ്യാജദേവതകളിൽ ആശ്രയിക്കുകയാൽ
ഇത് നിന്റെ ഓഹരിയും
ഞാൻ കൽപ്പിച്ചുതന്ന നിന്റെ പങ്കുമാകുന്നു,”
എന്ന് യഹോവയുടെ അരുളപ്പാട്.
26 “അതുകൊണ്ട് നിന്റെ ഗുഹ്യഭാഗം കാണേണ്ടതിന്
ഞാൻ നിന്റെ വസ്ത്രാഗ്രം നിന്റെ മുഖത്തിനുമീതേ പൊക്കും.
27 നിന്റെ വ്യഭിചാരം, ആസക്തിനിറഞ്ഞ ചിനപ്പ്,
ലജ്ജാകരമായ വേശ്യാവൃത്തി
എന്നീ മ്ലേച്ഛതകൾ,
വയലേലകളിലും കുന്നിൻപുറങ്ങളിലും ഞാൻ കണ്ടിരിക്കുന്നു.
ജെറുശലേമേ, നിനക്ക് അയ്യോ കഷ്ടം!
എത്രകാലം നീ അശുദ്ധയായിരിക്കും?”

<- യിരെമ്യാവ് 12യിരെമ്യാവ് 14 ->