Link to home pageLanguagesLink to all Bible versions on this site
8
സേബഹും സൽമുന്നയും
1 എന്നാൽ എഫ്രയീമ്യർ ഗിദെയോനോട് ചോദിച്ചു: “നീ ഞങ്ങളോട് എന്താണിങ്ങനെ ചെയ്തത്? നീ മിദ്യാന്യരോട് യുദ്ധത്തിനു പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്?” അവർ അദ്ദേഹത്തെ നിശിതമായി വിമർശിച്ചു.

2 അദ്ദേഹം അവരോട്, “നിങ്ങൾ നേടിയതിനോടു തുലനംചെയ്താൽ ഞാൻ ഈ ചെയ്തത് എത്ര നിസ്സാരം! അബിയേസെരിന്റെ മുന്തിരിക്കൊയ്ത്തിനെക്കാൾ എഫ്രയീമിന്റെ കാലാപെറുക്കുകയല്ലയോ നല്ലത്? 3 ദൈവം മിദ്യാന്യപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും ഏൽപ്പിച്ചുതന്നത് നിങ്ങളുടെ കരങ്ങളിലല്ലയോ? നിങ്ങളോട് താരതമ്യംചെയ്താൽ എന്നെക്കൊണ്ടു സാധിച്ചത് എത്ര നിസ്സാരം!” ഈ മറുപടിയിൽ അവർക്ക് അദ്ദേഹത്തോടുള്ള കോപം ശമിച്ചു.

4 ഗിദെയോനും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നെങ്കിലും ശത്രുക്കളെ പിൻതുടർന്നുകൊണ്ട് അവർ യോർദാന്റെ അക്കരെ കടന്നു. 5 അദ്ദേഹം സൂക്കോത്ത് നിവാസികളോടു പറഞ്ഞു: “എന്റെ കൂടെയുള്ള സൈന്യത്തിന് അൽപ്പം ഭക്ഷണം കൊടുക്കണമേ. അവർ ക്ഷീണിച്ചിരിക്കുന്നു. ഞാൻ മിദ്യാന്യ രാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിൻതുടരുകയാണ്.”

6 എന്നാൽ സൂക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു: “സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കൈവശമായിക്കഴിഞ്ഞില്ലല്ലോ? അങ്ങനെയെങ്കിൽ ഞങ്ങൾ നിന്റെ സൈന്യത്തിന് ഭക്ഷണം കൊടുക്കേണ്ട കാര്യമെന്ത്?”

7 അപ്പോൾ ഗിദെയോൻ: “ആകട്ടെ; സേബഹിനെയും സൽമുന്നയെയും യഹോവ എന്റെ കൈയിൽ ഏൽപ്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം മരുഭൂമിയിലെ മുള്ളുകൊണ്ടും പറക്കാരകൊണ്ടും കീറിമുറിക്കും” എന്നു പറഞ്ഞു.

8 അവിടെനിന്ന് അദ്ദേഹം പെനീയേലിലേക്ക്*മൂ.ഭാ. പെനുവേൽ, പെനീയേൽ എന്നതിന്റെ മറ്റൊരുരൂപം. പോയി. അവരോടും അദ്ദേഹം ഭക്ഷണത്തിനായി അപേക്ഷിച്ചു. സൂക്കോത്ത് നിവാസികൾ പറഞ്ഞതുപോലെതന്നെ പെനീയേൽ നിവാസികളും ഉത്തരം പറഞ്ഞു. 9 അദ്ദേഹം പെനീയേൽ നിവാസികളോട്, “ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും” എന്നു പറഞ്ഞു.

10 സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കു ദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരും കർക്കോരിൽ ആയിരുന്നു; പടയാളികളിൽ ഒരുലക്ഷത്തി ഇരുപതിനായിരം പേർ വധിക്കപ്പെട്ടിരുന്നു. 11 ഗിദെയോൻ നോബഹിനും യൊഗ്ബെഹെക്കും കിഴക്കുള്ള ദേശാന്തരികളുടെ വഴിയായി ചെന്ന് യുദ്ധം പ്രതീക്ഷിക്കാതിരുന്ന ആ സൈന്യത്തെ തോൽപ്പിച്ചു. 12 മിദ്യാന്യ രാജാക്കന്മാരായിരുന്ന സേബഹും സൽമുന്നയും ഓടിപ്പോയി. ഗിദെയോൻ അവരെ പിൻതുടർന്നുപിടിച്ചു. സൈന്യത്തെ ഒക്കെയും ചിതറിച്ചുകളഞ്ഞു.

13 യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധംകഴിഞ്ഞ് ഹേരെസ് ചുരംവഴി മടങ്ങി. 14 വഴിയിൽ അദ്ദേഹം സൂക്കോത്ത് നിവാസികളിൽ ഒരു യുവാവിനെ പിടിച്ച് അവനെ ചോദ്യംചെയ്തു. അവൻ സൂക്കോത്തിലെ പ്രഭുക്കന്മാരും പട്ടണത്തലവന്മാരുമായ എഴുപത്തേഴ് ആളുകളുടെ പേര് അദ്ദേഹത്തിന് എഴുതിക്കൊടുത്തു. 15 പിന്നെ ഗിദെയോൻ സൂക്കോത്ത് നിവാസിളുടെ അടുക്കൽവന്ന്, “ ‘സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നീ കൈവശപ്പെടുത്തിക്കഴിഞ്ഞില്ലല്ലോ?’ അങ്ങനെയെങ്കിൽ ഞങ്ങൾ തളർന്നിരിക്കുന്ന നിന്റെ സൈന്യത്തിന് ഭക്ഷണം കൊടുക്കേണ്ട കാര്യം എന്തെന്നു നിങ്ങൾ എന്നെ ധിക്കരിച്ചു പറഞ്ഞ സേബഹും സൽമുന്നയും ഇതാ” എന്നു പറഞ്ഞു. 16 അവർ പട്ടണത്തലവന്മാരെ പിടിച്ച് കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ട് ശിക്ഷിച്ച് സൂക്കോത്ത് നിവാസികളെ ഒരു പാഠം പഠിപ്പിച്ചു. 17 അതിനുശേഷം അദ്ദേഹം പെനീയേലിലെ ഗോപുരം ഇടിച്ച് പട്ടണനിവാസികളെ കൊന്നുകളഞ്ഞു.

18 പിന്നെ ഗിദെയോൻ സേബഹിനോടും സൽമുന്നയോടും: “നിങ്ങൾ താബോരിൽവെച്ചു വധിച്ച പുരുഷന്മാർ എങ്ങനെയുള്ളവരായിരുന്നു” എന്നു ചോദിച്ചു.

“അവർ താങ്കളെപ്പോലെയുള്ളവർ; ഓരോരുത്തനും രാജകുമാരനു തുല്യർ ആയിരുന്നു,” എന്ന് അവർ ഉത്തരം പറഞ്ഞു.

19 അതിനു ഗിദെയോൻ: “അവർ എന്റെ സഹോദരന്മാർ ആയിരുന്നു; എന്റെ അമ്മയുടെ പുത്രന്മാർ. നിങ്ങൾ അവരെ ജീവനോടെ ശേഷിപ്പിച്ചിരുന്നു എങ്കിൽ, ജീവനുള്ള യഹോവയാണെ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു” എന്നു പറഞ്ഞു. 20 പിന്നെ അയാൾ തന്റെ ആദ്യജാതനായ യേഥെരിനോട്, “അവരെ കൊല്ലുക!” എന്നു പറഞ്ഞു; എന്നാൽ യേഥെർ നന്നേ ചെറുപ്പമായിരുന്നതുകൊണ്ടും ഭയപ്പെട്ടിരുന്നതുകൊണ്ടും വാൾ ഊരിയില്ല.

21 അപ്പോൾ സേബഹും സൽമുന്നയും, “താങ്കൾതന്നെ അതു ചെയ്യുക; ‘ആളിനെ കാണുന്നതുപോലുള്ള ബലമല്ലേ അയാൾക്കുള്ളൂ’ ” എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് അവരെ കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ആഭരണങ്ങൾ എടുത്തു.

ഗിദെയോന്റെ ഏഫോദ്
22 ഇസ്രായേല്യർ ഗിദെയോനോട്: “താങ്കൾ ഞങ്ങളെ ഭരിക്കുക, അങ്ങനെതന്നെ താങ്കളുടെ മകനും താങ്കളുടെ പൗത്രനും—മിദ്യാന്യരുടെ കൈയിൽനിന്നു താങ്കൾ ഞങ്ങളെ രക്ഷിച്ചല്ലോ!”

23 എന്നാൽ ഗിദെയോൻ അവരോട്; “ഞാൻ നിങ്ങളെ ഭരിക്കുകയില്ല; എന്റെ മകനും ഭരിക്കുകയില്ല. യഹോവ നിങ്ങളെ ഭരിക്കും” എന്നു പറഞ്ഞു. 24 പിന്നെ ഗിദെയോൻ അവരോടു പറഞ്ഞു: “എനിക്ക് ഒരു അപേക്ഷയേയുള്ളൂ; കൊള്ളയിൽ കിട്ടിയ കർണാഭരണങ്ങൾ നിങ്ങൾ ഓരോരുത്തരും എനിക്കു നൽകണം.” (അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ട് സ്വർണംകൊണ്ടുള്ള കർണാഭരണം ധരിച്ചിരുന്നു.)

25 “ഞങ്ങൾ സന്തോഷത്തോടെ തരാം,” അവർ പറഞ്ഞു. ഒരു വസ്ത്രം വിരിച്ച് ഓരോരുത്തന് കൊള്ളയിൽ കിട്ടിയ ഓരോ സ്വർണക്കടുക്കൻ അതിലിട്ടു. 26 അവൻ ചോദിച്ചുവാങ്ങിയ സ്വർണക്കടുക്കന്റെ തൂക്കം ആയിരത്തിയെഴുനൂറു ശേക്കേൽഏക. 20 കി.ഗ്രാം. ആയിരുന്നു; വസ്ത്രത്തിന്റെ എണ്ണം എടുത്തിരുന്നില്ല. ഇതു കൂടാതെ ആഭരണങ്ങളും കുണ്ഡലങ്ങളും മിദ്യാന്യ രാജാക്കന്മാർ ധരിച്ചിരുന്ന ഊതവർണ വസ്ത്രങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു. 27 ഗിദെയോൻ ആ സ്വർണംകൊണ്ട് ഒരു ഏഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; ഇസ്രായേലെല്ലാം അതിനെ ആരാധിച്ചുകൊണ്ട് പരസംഗംചെയ്തു. അതു ഗിദെയോനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒരു കെണിയായിത്തീർന്നു.

ഗിദെയോന്റെ മരണം
28 മിദ്യാൻ ഇസ്രായേൽജനത്തിനു കീഴടങ്ങി, പിന്നെ തലപൊക്കിയതുമില്ല, ഗിദെയോന്റെ ജീവിതകാലത്തു നാൽപ്പതുവർഷം ദേശത്തു സ്വസ്ഥതയുണ്ടായി.

29 യോവാശിന്റെ മകനായ യെരൂ-ബാൽ തന്റെ വീട്ടിൽ മടങ്ങിവന്നു. 30 ഗിദെയോന് നിരവധി ഭാര്യമാർ ഉണ്ടായിരുന്നു. സ്വന്തം മക്കളായിട്ടുതന്നെ എഴുപതു പുത്രന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു. 31 ശേഖേമിലുള്ള അദ്ദേഹത്തിന്റെ വെപ്പാട്ടിയും അദ്ദേഹത്തിനൊരു മകനെ പ്രസവിച്ചു. അബീമെലെക്ക് എന്ന് അവനു പേരിട്ടു. 32 യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർധക്യത്തിൽ മരിച്ചു; അദ്ദേഹത്തെ അബിയേസ്രിയർക്കുള്ള ഒഫ്രയിൽ അദ്ദേഹത്തിന്റെ പിതാവായ യോവാശിന്റെ കല്ലറയിൽ അടക്കംചെയ്തു.

33 ഗിദെയോൻ മരിച്ചയുടനെ, ഇസ്രായേൽമക്കൾ വീണ്ടും ബാൽവിഗ്രഹങ്ങളെ വണങ്ങുന്നതിലൂടെ പരസംഗംചെയ്തു. ബാൽ-ബെരീത്തിനെ തങ്ങളുടെ ദേവനായി പ്രതിഷ്ഠിച്ചു. 34 ചുറ്റുമുള്ള സകലശത്രുക്കളുടെയും കൈയിൽനിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ അവർ ഓർത്തില്ല. 35 ഗിദെയോൻ എന്ന യെരൂ-ബാൽ ഇസ്രായേലിനു ചെയ്ത സകലനന്മയ്ക്കും തക്കവണ്ണം അദ്ദേഹത്തിന്റെ കുടുംബത്തോട് അവർ കരുണ കാണിച്ചതുമില്ല.

<- ന്യായാധിപന്മാർ 7ന്യായാധിപന്മാർ 9 ->