Link to home pageLanguagesLink to all Bible versions on this site
19
ലേവ്യനും അദ്ദേഹത്തിന്റെ വെപ്പാട്ടിയും
1 ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു.
എഫ്രയീം മലനാടിന്റെ ഉൾപ്രദേശത്ത് പാർത്തിരുന്ന ഒരു ലേവ്യൻ യെഹൂദ്യയിലെ ബേത്ലഹേമിൽനിന്ന് ഒരു വെപ്പാട്ടിയെ എടുത്തു. 2 എന്നാൽ അവൾ അദ്ദേഹത്തോട് അവിശ്വസ്തയായി, അദ്ദേഹത്തെ ഉപേക്ഷിച്ച് യെഹൂദയിലെ ബേത്ലഹേമിൽ, തന്റെ പിതാവിന്റെ വീട്ടിലേക്കു പോയി. അവൾ അവിടെ എത്തി നാലുമാസം കഴിഞ്ഞ് 3 അവളുടെ ഭർത്താവ് അവളെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവരാൻ പോയി. അദ്ദേഹത്തോടുകൂടെ അദ്ദേഹത്തിന്റെ ഭൃത്യനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവൾ അദ്ദേഹത്തെ തന്റെ പിതാവിന്റെ വീട്ടിൽ സ്വീകരിച്ചു; യുവതിയുടെ പിതാവ് അദ്ദേഹത്തെ കണ്ടപ്പോൾ സന്തോഷപൂർവം സ്വാഗതംചെയ്തു. 4 അദ്ദേഹത്തിന്റെ അമ്മായിയപ്പൻ—ആ യുവതിയുടെ പിതാവ്—അവിടെ താമസിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. അങ്ങനെ അദ്ദേഹം മൂന്നുദിവസം അവരോടൊപ്പം തിന്നുകുടിച്ചു പാർത്തു.

5 നാലാംദിവസം അതിരാവിലെ അദ്ദേഹം എഴുന്നേറ്റ് യാത്ര പുറപ്പെടാൻ ഭാവിച്ചപ്പോൾ യുവതിയുടെ പിതാവ് മരുമകനോടു പറഞ്ഞു: “അൽപ്പം വല്ലതും കഴിച്ചു വിശപ്പടക്കിയശേഷം പോകുക.” 6 അങ്ങനെ അവർ ഇരുവരും ഇരുന്ന് ഭക്ഷിച്ചു, പാനംചെയ്തു. പിന്നീട് യുവതിയുടെ പിതാവ് പറഞ്ഞു: “ദയവുചെയ്ത് ഇന്നുരാത്രിയും ഇവിടെ താമസിച്ച് ആനന്ദിക്കുക.” 7 അദ്ദേഹം പോകാനൊരുങ്ങിയപ്പോൾ അമ്മായിയപ്പൻ അദ്ദേഹത്തെ പിന്നെയും നിർബന്ധിച്ചു. ആ രാത്രിയും അദ്ദേഹം അവിടെ താമസിച്ചു. 8 അഞ്ചാംദിവസം രാവിലെ അദ്ദേഹം പോകാൻ എഴുന്നേറ്റു. അപ്പോൾ യുവതിയുടെ പിതാവ് പറഞ്ഞു: “ഉച്ചകഴിഞ്ഞ് വെയിലാറിയിട്ട് പോകാം. അതുവരെ ഇവിടെ താമസിക്കുക!” പിന്നെ അവർ ഇരുവരും ഭക്ഷണം കഴിച്ചു.

9 ഭക്ഷണത്തിനുശേഷം ഉച്ചകഴിഞ്ഞ് ആ മനുഷ്യനും അദ്ദേഹത്തിന്റെ വെപ്പാട്ടിയും ഭൃത്യനും പോകാൻ എഴുന്നേറ്റപ്പോൾ യുവതിയുടെ പിതാവായ അദ്ദേഹത്തിന്റെ അമ്മായിയപ്പൻ അദ്ദേഹത്തോടു പറഞ്ഞു: “ഇതാ, വൈകുന്നേരമായല്ലോ, നേരവും വൈകി, ഈ രാത്രിയും ഇവിടെ താമസിച്ച് ആനന്ദിക്കുക. നാളെ അതിരാവിലെ എഴുന്നേറ്റ് വീട്ടിലേക്കുപോകാം.” 10 എന്നാൽ ഒരു രാത്രികൂടി അവിടെ താമസിക്കാൻ മനസ്സില്ലാതെ അദ്ദേഹം എഴുന്നേറ്റ് ജെറുശലേം എന്ന യെബൂസിലേക്കു യാത്രപുറപ്പെട്ടു. അദ്ദേഹത്തോടൊപ്പം കോപ്പിട്ട രണ്ടു കഴുതയും അദ്ദേഹത്തിന്റെ വെപ്പാട്ടിയും ഉണ്ടായിരുന്നു.

11 അങ്ങനെ അവർ യെബൂസിൽ എത്താറായപ്പോൾ പകൽ കഴിഞ്ഞിരുന്നു. ഭൃത്യൻ യജമാനനോടു പറഞ്ഞു: “വരിക, നമുക്ക് ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കാം.”

12 യജമാനൻ അവനോട്, “ഇസ്രായേൽമക്കളുടേതല്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുത്. നമുക്കു ഗിബെയയിലേക്കു പോകാം” 13 അദ്ദേഹം തുടർന്നു: “നമുക്കു ഗിബെയയിലോ രാമായിലോ എത്തി രാത്രികഴിക്കാം.” 14 അവർ യാത്രതുടർന്നു. ബെന്യാമീൻഗോത്രക്കാരുടെ പട്ടണമായ ഗിബെയയിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു. 15 അവർ ഗിബെയയിൽ രാത്രി വിശ്രമിക്കാൻ ചെന്നു. അവൻ നഗരത്തിലെ ചത്വരങ്ങളിൽ ഇരുന്നു; രാത്രി താമസിക്കുന്നതിന് ആരും അവരെ വീട്ടിലേക്കു സ്വാഗതം ചെയ്തില്ല.

16 അപ്പോൾ അതാ, ഒരു വൃദ്ധൻ വയലിലെ വേല കഴിഞ്ഞ് മടങ്ങിവരുന്നു. അദ്ദേഹം എഫ്രയീം മലനാട്ടുകാരനും ഗിബെയയിൽ വന്നു താമസിക്കുന്നവനും ആയിരുന്നു—സ്ഥലവാസികൾ ബെന്യാമീൻഗോത്രക്കാർ ആയിരുന്നു. 17 വൃദ്ധൻ തലയുയർത്തിനോക്കിയപ്പോൾ പട്ടണത്തിലെ ചത്വരത്തിൽ ഇരിക്കുന്ന വഴിയാത്രക്കാരനെ കണ്ടു. അദ്ദേഹം ചോദിച്ചു: “താങ്കൾ എവിടെനിന്നു വരുന്നു? എവിടേക്ക് പോകുന്നു?”

18 അദ്ദേഹം മറുപടിയായി, “ഞങ്ങൾ യെഹൂദ്യയിലെ ബേത്ലഹേമിൽനിന്നു എഫ്രയീംമലനാട്ടിലെ ഉൾപ്രദേശത്തിലേക്കു പോകുകയാണ്. ഞാൻ ആ ദേശക്കാരനാണ്. യെഹൂദ്യയിലെ ബേത്ലഹേമിൽ പോയതാണ്. ഇപ്പോൾ ഞാൻ യഹോവയുടെ ആലയത്തിലേക്കു[a] പോകുന്നു; ഇവിടെ എന്നെ വീട്ടിൽ സ്വീകരിക്കാൻ ആരുമില്ല. 19 കഴുതകൾക്കുവേണ്ടതായ പുല്ലും വൈക്കോലും അടിയനും അങ്ങയുടെ ദാസിക്കും അടിയനോടുകൂടെയുള്ള ഈ ഭൃത്യനും വേണ്ട അപ്പവും വീഞ്ഞും ഞങ്ങളുടെ കൈവശമുണ്ട്. ഒന്നിനും കുറവില്ല.”

20 വൃദ്ധൻ പറഞ്ഞു: “താങ്കൾക്ക് എന്റെ വീട്ടിലേക്കു സ്വാഗതം. വേണ്ടതൊക്കെ ഞാൻ ചെയ്തുതരാം. ഈ പൊതുസ്ഥലത്ത് രാത്രി കഴിക്കരുത്.” 21 അങ്ങനെ വൃദ്ധൻ അദ്ദേഹത്തെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. കഴുതകൾക്കു തീറ്റികൊടുത്ത് അവർ കാൽകഴുകി; ഭക്ഷണപാനീയങ്ങൾ കഴിച്ചു.

22 അങ്ങനെ അവർ ആനന്ദിച്ചിരിക്കുമ്പോൾ, നഗരത്തിലെ ചില നീചന്മാർ വീടുവളഞ്ഞ് വാതിലിൽ ഇടിച്ചു. അവർ വീട്ടുടമസ്ഥനായ വൃദ്ധനോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “നിന്റെ വീട്ടിൽ വന്നിരിക്കുന്ന ആ മനുഷ്യനെ പുറത്തുകൊണ്ടുവരിക. ഞങ്ങൾ അവനുമായി രമിക്കട്ടെ.”

23 വീട്ടുടമസ്ഥൻ പുറത്തുവന്ന് അവരോട്, “അരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ മനുഷ്യൻ എന്റെ അതിഥിയാണല്ലോ? ഈ വഷളത്തം നിങ്ങൾ ചെയ്യരുതേ. 24 നോക്കൂ, എനിക്ക് കന്യകയായ ഒരു പുത്രിയും ഈ മനുഷ്യന് ഒരു വെപ്പാട്ടിയും ഉണ്ട്. ഞാൻ അവരെ ഇപ്പോൾത്തന്നെ നിങ്ങൾക്കു വിട്ടുതരാം. ഇഷ്ടംപോലെ അവരോടു പ്രവർത്തിച്ചുകൊൾക. എന്നാൽ ഈ മനുഷ്യനോട് ഇത്തരം വഷളത്തം കാണിക്കരുതേ” എന്നു പറഞ്ഞു.

25 എന്നാൽ അവർ അദ്ദേഹത്തെ കൂട്ടാക്കിയില്ല. അതുകൊണ്ട് ആ മനുഷ്യൻ തന്റെ വെപ്പാട്ടിയെ പിടിച്ച് അവളെ അവരുടെ അടുക്കൽ പുറത്താക്കി കൊടുത്തു. അവർ അവളെ രാത്രിമുഴുവനും ബലാൽക്കാരംചെയ്തു; നേരം വെളുക്കാറായപ്പോൾ അവളെ വിട്ടുപോയി. 26 പ്രഭാതത്തിൽ ആ സ്ത്രീ, മടങ്ങിവന്ന് തന്റെ യജമാനൻ പാർത്തിരുന്ന വീടിന്റെ വാതിൽക്കൽ തളർന്നുവീണു. നല്ല വെളിച്ചം വരുന്നതുവരെ അവൾ അവിടെത്തന്നെ കിടന്നു.

27 അവളുടെ യജമാനൻ രാവിലെ എഴുന്നേറ്റ് വാതിൽ തുറന്ന് യാത്രതുടരാൻ പുറത്തിറങ്ങി. അപ്പോൾ അദ്ദേഹത്തിന്റെ വെപ്പാട്ടി കൈകൾ കട്ടിളപ്പടിമേൽവെച്ചു വാതിൽക്കൽ വീണുകിടക്കുന്നത് കണ്ടു. 28 അദ്ദേഹം അവളെ വിളിച്ചു; “എഴുന്നേൽക്കുക, നമുക്കു പോകാം.” എന്നാൽ ഒരു മറുപടിയും ഉണ്ടായില്ല. അദ്ദേഹം അവളെ എടുത്ത് കഴുതപ്പുറത്തുവെച്ച് തന്റെ വീട്ടിലേക്കു പോയി.

29 വീട്ടിലെത്തിയശേഷം അദ്ദേഹം ഒരു കത്തിയെടുത്ത് തന്റെ വെപ്പാട്ടിയെ അവയവങ്ങൾ ഛേദിച്ച് പന്ത്രണ്ടു കഷണങ്ങളാക്കി ഇസ്രായേലിൽ എല്ലായിടത്തേക്കും കൊടുത്തയച്ചു. 30 അതു കണ്ടവർ എല്ലാം പറഞ്ഞു, “ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്നു വന്നതിനുശേഷം ഇന്നുവരെ ഇപ്രകാരം ഒന്നു സംഭവിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. ഇതിനെപ്പറ്റി ചിന്തിക്കുക! നമുക്കെന്തെങ്കിലും ചെയ്യണം! ആലോചിച്ച് അഭിപ്രായം പറയുക!”

<- ന്യായാധിപന്മാർ 18ന്യായാധിപന്മാർ 20 ->