Link to home pageLanguagesLink to all Bible versions on this site
50
ഇസ്രായേലിന്റെ പാപവും ദാസന്റെ അനുസരണവും
1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങളുടെ അമ്മയെ ഞാൻ ഉപേക്ഷിച്ചതിന്റെ
ഉപേക്ഷണപത്രം എവിടെ?
എന്റെ കടക്കാരിൽ ആർക്കാണ്
ഞാൻ നിങ്ങളെ വിറ്റുകളഞ്ഞത്?
നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങൾ വിറ്റുകളയപ്പെട്ടു;
നിങ്ങളുടെ ലംഘനങ്ങൾനിമിത്തം നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
2 ഞാൻ വന്നപ്പോൾ, ആരും ഇല്ലാതെവരുന്നതിനും
ഞാൻ വിളിച്ചപ്പോൾ, ആരും ഉത്തരം നൽകാതിരിക്കാനും എന്താണു കാരണം?
വിടുവിക്കാൻ കഴിയാതവണ്ണം എന്റെ കൈകൾ കുറുകിപ്പോയോ?
മോചിപ്പിക്കുന്നതിന് എനിക്കു ശക്തിയില്ലാതായോ?
കേവലം ഒരു ശാസനയാൽ ഞാൻ സമുദ്രത്തെ വറ്റിക്കുന്നു,
നദികളെ ഞാൻ മരുഭൂമിയാക്കി മാറ്റുന്നു;
വെള്ളമില്ലായ്കയാൽ അവയിലെ മത്സ്യങ്ങൾ ചീഞ്ഞുനാറുന്നു,
അവ ദാഹംകൊണ്ട് ചത്തൊടുങ്ങുകയുംചെയ്യുന്നു.
3 ഞാൻ ആകാശത്തെ കറുപ്പ് ഉടുപ്പിക്കുകയും;
ചാക്കുശീല പുതപ്പിക്കുകയും ചെയ്യുന്നു.”
 
4 തളർന്നിരിക്കുന്നവനോട് സമയോചിതമായ ഒരു വാക്കു സംസാരിക്കാൻ
യഹോവയായ കർത്താവ് എനിക്കു പരിശീലനംസിദ്ധിച്ചവരുടെ നാവു തന്നിരിക്കുന്നു.
അവിടന്ന് എന്നെ പ്രഭാതംതോറും ഉണർത്തുന്നു,
പരിശീലനംനേടുന്നവരെപ്പോലെ കേൾക്കേണ്ടതിന് അവിടന്ന് എന്റെ ചെവി ഉണർത്തുന്നു.
5 യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു;
ഞാനോ, എതിർത്തില്ല;
ഒഴിഞ്ഞുമാറിയതുമില്ല.
6 എന്നെ അടിച്ചവർക്ക് ഞാൻ എന്റെ മുതുകും
രോമം പറിച്ചവർക്ക് ഞാൻ കവിളും കാട്ടിക്കൊടുത്തു.
പരിഹാസത്തിൽനിന്നും തുപ്പലിൽനിന്നും
ഞാൻ എന്റെ മുഖം മറച്ചുകളഞ്ഞില്ല.
7 യഹോവയായ കർത്താവ് എന്നെ സഹായിക്കും;
അതിനാൽ ഞാൻ അപമാനിതനാകുകയില്ല.
തന്മൂലം ഞാൻ എന്റെ മുഖം തീക്കല്ലുപോലെയാക്കി,
ഞാൻ ലജ്ജിച്ചുപോകുകയില്ല എന്ന് എനിക്കറിയാം.
8 എന്നെ കുറ്റവിമുക്തനാക്കുന്നവൻ സമീപത്തുണ്ട്.
അപ്പോൾ എനിക്കെതിരേ ആരോപണവുമായി ആർ വരും?
നമുക്ക് പരസ്പരം വാദിക്കാം!
എന്റെ അന്യായക്കാരൻ ആർ?
അയാൾ എന്റെ സമീപത്ത് വരട്ടെ!
9 ഇതാ, യഹോവയായ കർത്താവ് എന്നെ സഹായിക്കും.
എന്നെ ആർ കുറ്റംവിധിക്കും?
അവർ എല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും;
പുഴു അവരെ തിന്നൊടുക്കും.
 
10 നിങ്ങളിൽ ആർ യഹോവയെ ഭയപ്പെടും?
അവിടത്തെ ദാസന്റെ ശബ്ദം ആർ അനുസരിക്കും?
പ്രകാശമില്ലാത്തവർ
ഇരുട്ടിൽ നടന്നുകൊള്ളട്ടെ,
അവൻ യഹോവയുടെ നാമത്തിൽ അഭയം തേടുകയും
തന്റെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യട്ടെ.
11 എന്നാൽ ഇപ്പോൾ തീ കത്തിക്കുന്നവരായ എല്ലാവരുമേ,
സ്വന്തം ആവശ്യത്തിന് പന്തങ്ങൾ കൊളുത്തുന്നവരേ,
നിങ്ങൾ കത്തിച്ച അഗ്നിയുടെ പ്രകാശത്തിലും
നിങ്ങൾ കൊളുത്തിയ പന്തത്തിന്റെ വെളിച്ചത്തിലും നടന്നുകൊള്ളുക.
ഇതാണ് എന്റെ കൈയിൽനിന്ന് നിങ്ങൾക്കു ലഭിക്കാനിരിക്കുന്നത്.
നിങ്ങൾ യാതനയിൽത്തന്നെ കഴിയേണ്ടിവരും.

<- യെശയ്യാവ് 49യെശയ്യാവ് 51 ->