വിള്ളൽവീണ് പുറത്തേക്കു തള്ളിനിൽക്കുന്ന ഉയരമുള്ള ഒരു കോട്ടപോലെ ആയിത്തീരും.
14 അടുപ്പിൽനിന്ന് തീ കോരിയെടുക്കാനോ
ജലസംഭരണിയിൽനിന്ന് വെള്ളം മുക്കിയെടുക്കാനോ
കൊള്ളാവുന്ന ഒരു കഷണംപോലും അവശേഷിക്കാതെ
നിർദയം ഉടച്ചുതകർക്കപ്പെട്ട
കുശവന്റെ ഒരു കലംപോലെയാകും അതിന്റെ തകർച്ചയും.”
15 ഇസ്രായേലിന്റെ പരിശുദ്ധനായ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“പശ്ചാത്തപിച്ച് എന്നിൽ ആശ്രയംവെച്ചാൽ[d] നിങ്ങൾ രക്ഷപ്രാപിക്കും.
ശാന്തതയിലും ആശ്രയത്തിലുമാണ് നിങ്ങളുടെ ശക്തി,
എങ്കിലും ഇതു ചെയ്യാൻ നിങ്ങൾക്കു മനസ്സുണ്ടായില്ല.
16 ‘ഇല്ല, ഞങ്ങൾ കുതിരപ്പുറത്തുകയറി ഓടിപ്പോകും,’ എന്നു നിങ്ങൾ പറഞ്ഞു.
അതിനാൽ നിങ്ങൾ ഓടിപ്പോകും!
‘വേഗമുള്ള കുതിരകളിന്മേൽ ഞങ്ങൾ കയറി ഓടിച്ചുപോകും,’ എന്നും നിങ്ങൾ പറഞ്ഞു.
അതിനാൽ നിങ്ങളെ പിൻതുടരുന്നവരും വേഗമുള്ളവരായിരിക്കും!
17 പർവതശൃംഗത്തിൽ ഒരു കൊടിമരംപോലെയും
മലമുകളിൽ ഒരു കൊടിപോലെയും
നിങ്ങൾ ശേഷിക്കുന്നതുവരെ
ഒരുവന്റെ ഭീഷണിക്കു മുന്നിൽ
ആയിരംപേരും
അഞ്ചുപേരുടെ ഭീഷണിയാൽ
നിങ്ങൾ മുഴുവൻ പേരും ഓടിപ്പോകും.”
18 എന്നിട്ടും യഹോവ നിങ്ങളോടു കൃപ കാണിക്കാൻ ആശിച്ചിരിക്കുന്നു;
അതുകൊണ്ട് നിങ്ങളോടു കരുണകാട്ടാൻ അവിടന്ന് എഴുന്നേൽക്കും.
കാരണം യഹോവ ന്യായത്തിന്റെ ദൈവമാകുന്നു.
അവിടത്തേക്കുവേണ്ടി കാത്തിരിക്കുന്നവർ അനുഗൃഹീതർ.
19 ജെറുശലേമിൽ വസിക്കുന്ന സീയോൻജനമേ, ഇനിയൊരിക്കലും നിങ്ങൾ കരയുകയില്ല. നിങ്ങൾ സഹായത്തിനായി നിലവിളിക്കുമ്പോൾ അവിടത്തേക്ക് നിങ്ങളോടു കരുണയുണ്ടാകും! അതു കേൾക്കുമ്പോൾത്തന്നെ അവിടന്ന് ഉത്തരമരുളും. 20 കർത്താവ് നിങ്ങൾക്ക് അപ്പത്തിന്റെ സ്ഥാനത്തു കഷ്ടതയും ജലത്തിനു പകരം പീഡനവുമാണ് തന്നതെങ്കിലും നിന്റെ ഗുരുക്കന്മാർ ഇനി അദൃശ്യരായിരിക്കുകയില്ല; നിന്റെ കണ്ണുകൾ നിന്റെ ഗുരുക്കന്മാരെ കാണും. 21 നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ, “വഴി ഇതാകുന്നു, ഇതിലെ നടന്നുകൊൾക” എന്നൊരു വാക്ക് നിന്റെ പിന്നിൽ നിന്റെ കാതുകൾതന്നെ കേൾക്കും. 22 വെള്ളി പൊതിഞ്ഞ വിഗ്രഹങ്ങളെയും സ്വർണം പൂശിയ വാർപ്പുരൂപങ്ങളെയും നിങ്ങൾ അശുദ്ധമാക്കും. ആർത്തവരക്തം പുരണ്ട തുണി എന്നപോലെ നിങ്ങൾ, “ദൂരെ പൊയ്ക്കൊള്ളൂ!” എന്നു പറഞ്ഞ് അവയെ എറിഞ്ഞുകളയും.
23 അപ്പോൾ അവിടന്ന് നിങ്ങൾ നിലത്തു വിതയ്ക്കുന്ന വിത്തിനു മഴയും നിലത്തെ വിളവിൽനിന്ന് നിങ്ങൾക്ക് ആഹാരവും നൽകും. അതു പൗഷ്ടികവും സമൃദ്ധവുമാകും. ആ ദിവസത്തിൽ നിങ്ങളുടെ കന്നുകാലികൾ വിസ്തൃതമായൊരു മേച്ചിൽസ്ഥലത്ത് മേയും. 24 നിലം ഉഴുന്ന കാളകളും കഴുതകളും, കവരത്തടിയും[e] തൂമ്പയുംകൊണ്ടു വിരിച്ചിട്ട കാലിത്തീറ്റയും പതിരുനീക്കപ്പട്ട ധാന്യവും തിന്നും. 25 ആ മഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ നിലംപൊത്തുമ്പോൾ ഉന്നതമായ എല്ലാ പർവതങ്ങളിലും ഉയരമുള്ള എല്ലാ കുന്നുകളിലും അരുവികൾ ഒഴുകിത്തുടങ്ങും. 26 യഹോവ തന്റെ ജനത്തിന്റെ മുറിവുകെട്ടുകയും താൻ വരുത്തിയ മുറിവു ഭേദമാക്കുകയും ചെയ്യുന്ന ദിവസത്തിൽ ചന്ദ്രന്റെ പ്രകാശം സൂര്യന്റെ പ്രകാശംപോലെയാകുകയും സൂര്യന്റെ പ്രകാശം ഏഴുപകലിന്റെ പ്രകാശം ചേർന്നതുപോലെ ഏഴുമടങ്ങ് ദീപ്തമായിരിക്കുകയും ചെയ്യും.
27 ഇതാ, കോപംകൊണ്ടു ജ്വലിച്ചും കനത്ത പുകകൊണ്ട് ഇരുണ്ടും
യഹോവയുടെ നാമം വിദൂരസ്ഥലത്തുനിന്നും വരുന്നു;
അവിടത്തെ അധരങ്ങൾ ക്രോധപൂർണമായും
അവിടത്തെ നാവ് ജ്വലിക്കുന്ന അഗ്നിനാളംപോലെയും ഇരിക്കുന്നു.
28 അവിടത്തെ ശ്വാസം കഴുത്തോളം ഉയരുന്ന,
കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിൽ പോലെയാണ്.
അത് ജനതകളെ നാശമാകുന്ന അരിപ്പയിൽ അരിക്കുന്നു;
അത് ജനങ്ങളുടെ താടിയെല്ലിൽ അവരെ വഴിതെറ്റിക്കുന്ന
ഒരു കടിഞ്ഞാൺ കോർക്കുകയും ചെയ്യുന്നു.
29 വിശുദ്ധോത്സവം ആഘോഷിക്കുന്ന രാത്രിയിലെന്നപോലെ
നിങ്ങൾ ഗാനമാലപിക്കും;
യഹോവയുടെ പർവതത്തിലേക്ക്,
ഇസ്രായേലിന്റെ പാറയായവന്റെ അടുക്കലേക്ക്,
കുഴൽനാദത്തോടൊപ്പം ജനം പോകുമ്പോഴുണ്ടാകുംപോലുള്ള
ആനന്ദം നിങ്ങളുടെ ഹൃദയങ്ങൾക്കുണ്ടാകും.
30 യഹോവ തന്റെ മഹത്ത്വമുള്ള അധികാരസ്വരം കേൾപ്പിക്കും,