ഈജിപ്റ്റ് തന്റെ എല്ലാ പ്രവൃത്തികളിലും കാലിടറിനടക്കുന്നു.
15 തലയോ വാലോ പനമ്പട്ടയോ ഞാങ്ങണയോ ഉപയോഗിച്ചു ചെയ്യേണ്ട
ഒരു വേലയും ഈജിപ്റ്റിൽ ഉണ്ടാകുകയില്ല.
16 അക്കാലത്ത് ഈജിപ്റ്റുകാർ അശക്തരായ സ്ത്രീകളെപ്പോലെയാകും. സൈന്യങ്ങളുടെ യഹോവ തന്റെ കരം അവരുടെനേരേ ഉയർത്തുമ്പോൾ അവർ ഭയന്നുവിറയ്ക്കും. 17 യെഹൂദാദേശം ഈജിപ്റ്റിന് ഒരു നടുക്കമായിത്തീരും. സൈന്യങ്ങളുടെ യഹോവ ഈജിപ്റ്റിനെതിരേ കരുതിവെച്ചിരിക്കുന്ന കാര്യങ്ങൾനിമിത്തം യെഹൂദയെപ്പറ്റി കേൾക്കുന്ന എല്ലാവരും നടുങ്ങും.
18 ആ കാലത്ത് ഈജിപ്റ്റുദേശത്തിലെ അഞ്ചു പട്ടണങ്ങൾ കനാന്യരുടെ ഭാഷ സംസാരിക്കുകയും സൈന്യങ്ങളുടെ യഹോവയോട് ശപഥംചെയ്യുകയും ചെയ്യും. ആ പട്ടണങ്ങളിൽ ഒന്നിന് സൂര്യനഗരം[b] എന്നു പേരാകും.
19 അന്ന് ഈജിപ്റ്റിന്റെ മധ്യത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്റെ അതിരിനടുത്ത് ഒരു സ്മാരകവും ഉണ്ടാകും. 20 അത് ഈജിപ്റ്റുദേശത്ത്, സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു ചിഹ്നവും സാക്ഷ്യവും ആയിത്തീരും. അവരെ പീഡിപ്പിക്കുന്നവർ നിമിത്തം അവർ യഹോവയോടു നിലവിളിക്കുമ്പോൾ, അവിടന്ന് അവർക്കുവേണ്ടി പോരാടുന്നതിന് ഒരു രക്ഷകനെ, വിമോചകനെ അയയ്ക്കും; അദ്ദേഹം അവരെ വിടുവിക്കും. 21 അങ്ങനെ യഹോവ ഈജിപ്റ്റിനു സ്വയം വെളിപ്പെടുത്തും. ഈജിപ്റ്റുകാർ അന്ന് യഹോവയെ അംഗീകരിക്കും. അവർ യാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ച് അവിടത്തെ ആരാധിക്കും. അവർ യഹോവയ്ക്ക് നേർച്ചനേരുകയും അതു നിറവേറ്റുകയും ചെയ്യും. 22 യഹോവ ഈജിപ്റ്റിനെ ഒരു മഹാമാരിയാൽ ശിക്ഷിക്കും; അവിടന്ന് അവരെ അടിക്കുകയും സൗഖ്യമാക്കുകയും ചെയ്യും. അങ്ങനെ അവർ യഹോവയിലേക്കു തിരിയും. അവിടന്ന് അവരുടെ യാചന ശ്രദ്ധിക്കുകയും അവരെ സൗഖ്യമാക്കുകയും ചെയ്യും.
23 ആ കാലത്ത് ഈജിപ്റ്റിൽനിന്ന് അശ്ശൂരിലേക്ക് ഒരു രാജവീഥിയുണ്ടാകും. അശ്ശൂര്യർ ഈജിപ്റ്റിലേക്കും ഈജിപ്റ്റുകാർ അശ്ശൂരിലേക്കും പോകും. ഈജിപ്റ്റുകാർ, അശ്ശൂര്യർ ഇവർ ഇരുവരും ഒത്തുചേർന്ന് ആരാധിക്കും. 24 അന്നാളിൽ മൂന്നാമനായ ഇസ്രായേൽ, ഭൂമിയുടെ മധ്യേ ഈജിപ്റ്റിനും അശ്ശൂരിനും ഒരു അനുഗ്രഹമായിരിക്കും. 25 “എന്റെ ജനമായ ഈജിപ്റ്റും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ ഇസ്രായേലും അനുഗൃഹീതർ,” എന്ന് അരുളിച്ചെയ്തുകൊണ്ട് സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിക്കും.