1 യിസ്ഹാക്ക് വൃദ്ധനായി; അദ്ദേഹത്തിന്റെ കണ്ണുകൾ മങ്ങി: കാഴ്ച തീരെ ഇല്ലാതായി. അദ്ദേഹം മൂത്തമകനായ ഏശാവിനെ “എന്റെ മോനേ,” എന്നു വിളിച്ചു.
2 യിസ്ഹാക്ക് അവനോട്, “ഇതാ ഞാൻ വൃദ്ധനായിരിക്കുന്നു, എന്റെ മരണദിവസം എനിക്ക് അറിഞ്ഞുകൂടാ. 3 നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ ആവനാഴിയും വില്ലും എടുത്ത് വെളിമ്പ്രദേശത്തേക്കു ചെന്ന് എനിക്കുവേണ്ടി വേട്ടയാടുക. 4 എനിക്ക് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി എന്റെ അടുക്കൽ കൊണ്ടുവരിക; ഞാൻ അതു ഭക്ഷിച്ച് മരിക്കുന്നതിനുമുമ്പ് നിന്നെ അനുഗ്രഹിക്കാം” എന്നു പറഞ്ഞു.
5 യിസ്ഹാക്ക് തന്റെ മകനായ ഏശാവിനോടു സംസാരിക്കുന്നത് റിബേക്ക കേട്ടു. ഏശാവു വേട്ടയാടിക്കൊണ്ടുവരാൻ വെളിമ്പ്രദേശത്തേക്കു പോയപ്പോൾ. 6 റിബേക്ക തന്റെ മകനായ യാക്കോബിനോട് പറഞ്ഞു: “ഇതാ, നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോട്, 7 ‘വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭക്ഷണം തയ്യാറാക്കിത്തരിക, ഞാൻ മരിക്കുന്നതിനുമുമ്പ് യഹോവയുടെ സന്നിധിയിൽ ഞാൻ നിന്നെ അനുഗ്രഹിക്കാം’ എന്നു പറയുന്നതു ഞാൻ കേട്ടു. 8 അതുകൊണ്ട് മകനേ, ഇപ്പോൾ നീ ശ്രദ്ധിച്ചുകേട്ട് ഞാൻ പറയുന്നതുപോലെ ചെയ്യണം. 9 നീ ആട്ടിൻപറ്റത്തിലേക്കു ചെന്ന് നല്ല രണ്ട് ആട്ടിൻകുട്ടികളെ കൊണ്ടുവരണം. ഞാൻ അതുകൊണ്ട് നിന്റെ അപ്പന് ഇഷ്ടപ്പെടുന്നവിധത്തിൽ സ്വാദിഷ്ഠമായ ഭക്ഷണം തയ്യാറാക്കാം. 10 നീ അതു കൊണ്ടുപോയി നിന്റെ അപ്പനു ഭക്ഷിക്കാൻ കൊടുക്കണം; അപ്പൻ അതു തിന്ന് മരണത്തിനുമുമ്പ് നിന്നെ അനുഗ്രഹിക്കും.”
11 എന്നാൽ, യാക്കോബ് തന്റെ അമ്മയായ റിബേക്കയോട്: “എന്റെ സഹോദരനായ ഏശാവ് രോമം ഉള്ളവനും ഞാൻ രോമം ഇല്ലാത്തവനുമാണ്. 12 അപ്പൻ എന്നെ തൊട്ടുനോക്കിയാൽ എന്തുചെയ്യും? ഞാൻ അദ്ദേഹത്തെ കബളിപ്പിക്കുകയാണെന്നു വരും. അതെനിക്ക് അനുഗ്രഹത്തിനുപകരം ശാപത്തിനു കാരണമാകും” എന്നു പറഞ്ഞു.
13 അവന്റെ അമ്മ അവനോട്, “എന്റെ മകനേ, ആ ശാപം എന്റെമേൽ വന്നുകൊള്ളട്ടെ; ഞാൻ പറയുന്നതു ചെയ്യുക, നീ ചെന്ന് ആട്ടിൻകുട്ടികളെ കൊണ്ടുവരിക” എന്നു പറഞ്ഞു.
14 അങ്ങനെ അവൻ പോയി, അവയെ അമ്മയുടെ അടുക്കൽ കൊണ്ടുവന്നു. അവൾ അവന്റെ അപ്പന് ഇഷ്ടപ്പെടുന്നതരത്തിൽ രുചിയുള്ള ഭക്ഷണം തയ്യാറാക്കി. 15 പിന്നെ റിബേക്ക മൂത്തമകൻ ഏശാവിന്റേതായി വീട്ടിൽ സൂക്ഷിച്ചുവെച്ചിരുന്ന ഏറ്റവും നല്ല വസ്ത്രം എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു. 16 അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും അവൾ ആട്ടിൻകുട്ടിയുടെ തുകൽകൊണ്ടു മറച്ചു; 17 പിന്നെ താൻ ഉണ്ടാക്കിയിരുന്ന രുചികരമായ ഭക്ഷണവും അപ്പവും ഇളയമകനായ യാക്കോബിനെ ഏൽപ്പിച്ചു.
18 അങ്ങനെ അവൻ അപ്പന്റെ അടുക്കൽച്ചെന്ന്, “അപ്പാ” എന്നു വിളിച്ചു.
19 യാക്കോബ് തന്റെ അപ്പനോട്, “ഞാൻ അങ്ങയുടെ ആദ്യജാതനായ ഏശാവാണ്. എന്നോടു പറഞ്ഞതുപോലെ ഞാൻ ചെയ്തിരിക്കുന്നു. എഴുന്നേറ്റിരുന്ന് ഞാൻ കൊണ്ടുവന്ന വേട്ടയിറച്ചിയിൽനിന്ന് ഭക്ഷിച്ച് എന്നെ അനുഗ്രഹിക്കുക.” എന്നു പറഞ്ഞു.
20 യിസ്ഹാക്ക് തന്റെ മകനോട്, “മോനേ, നിനക്ക് ഇത്ര വേഗത്തിൽ ഇതു കിട്ടിയതെങ്ങനെ?” എന്നു ചോദിച്ചു.
21 അപ്പോൾ യിസ്ഹാക്ക് യാക്കോബിനോട്: “മോനേ, അടുത്തുവരൂ, നീ എന്റെ മകനായ ഏശാവുതന്നെയോ എന്നു ഞാൻ തൊട്ടുനോക്കട്ടെ” എന്നു പറഞ്ഞു.
22 യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ അടുത്തേക്കുചെന്നു. അദ്ദേഹം അവനെ തൊട്ടുകൊണ്ട്: “ശബ്ദം യാക്കോബിന്റേത്; എന്നാൽ, കൈകൾ ഏശാവിന്റേത്” എന്നു പറഞ്ഞു. 23 അവന്റെ കൈകൾ ഏശാവിന്റെ കൈകൾപോലെ രോമം നിറഞ്ഞതായിരുന്നതുകൊണ്ട്, അദ്ദേഹം അവനെ തിരിച്ചറിഞ്ഞില്ല; അങ്ങനെ യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു. 24 “നീ എന്റെ മകനായ ഏശാവുതന്നെയോ?” എന്ന് അദ്ദേഹം ചോദിച്ചു.
25 “മോനേ, നിന്റെ വേട്ടയിറച്ചിയിൽ കുറെ എനിക്കു തരൂ, ഞാൻ ഭക്ഷിച്ച് നിന്നെ അനുഗ്രഹിക്കട്ടെ,” അദ്ദേഹം പറഞ്ഞു.
27 അവൻ അടുത്തുചെന്ന് അദ്ദേഹത്തെ ചുംബിച്ചു. അവന്റെ വസ്ത്രം മണത്തുനോക്കി യിസ്ഹാക്ക് അവനെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു:
30 യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചുകഴിഞ്ഞപ്പോൾ അവൻ തന്റെ പിതാവിന്റെ മുമ്പിൽനിന്ന് കഷ്ടിച്ച് പുറത്തുപോയി. ഉടൻതന്നെ അവന്റെ സഹോദരനായ ഏശാവ് വേട്ടകഴിഞ്ഞ് മടങ്ങിയെത്തി. 31 അവനും രുചികരമായ ഭക്ഷണം തയ്യാറാക്കി അപ്പന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ അപ്പനോട്, “അപ്പാ, എഴുന്നേറ്റിരുന്ന് ഞാൻ കൊണ്ടുവന്ന വേട്ടയിറച്ചിയിൽനിന്നു ഭക്ഷിച്ച്, എന്നെ അനുഗ്രഹിക്കണമേ” എന്നു പറഞ്ഞു.
32 അവന്റെ പിതാവായ യിസ്ഹാക്ക് അവനോട്: “നീ ആരാണ്?” എന്നു ചോദിച്ചു.
33 യിസ്ഹാക്ക് സംഭ്രമിച്ച് നടുങ്ങിപ്പോയി, അദ്ദേഹം പറഞ്ഞു: “അങ്ങനെയെങ്കിൽ എനിക്ക് വേട്ടയിറച്ചി കൊണ്ടുവന്നു തന്നതാരായിരുന്നു? നീ വരുന്നതിനു തൊട്ടുമുമ്പ് ഞാൻ അതു തിന്നുകയും അവനെ അനുഗ്രഹിക്കുകയും ചെയ്തു, അതേ, അവൻ വാസ്തവമായി അനുഗ്രഹിക്കപ്പെട്ടിരിക്കും!”
34 പിതാവിന്റെ വാക്കുകൾ കേട്ട് ഏശാവ് അതീവദുഃഖത്തോടെ ഉറക്കെക്കരഞ്ഞു. “അപ്പാ, എന്നെ, എന്നെക്കൂടി അനുഗ്രഹിക്കണമേ,” അവൻ അപേക്ഷിച്ചു.
35 എന്നാൽ യിസ്ഹാക്ക്, “നിന്റെ സഹോദരൻ ഉപായത്തിൽവന്നു നിനക്കുള്ള അനുഗ്രഹം തട്ടിയെടുത്തു” എന്നു പറഞ്ഞു.
36 അതിന് ഏശാവ്: “അവന് യാക്കോബ് എന്നു പേരിട്ടിരിക്കുന്നതു ശരിതന്നെയല്ലോ! രണ്ടുപ്രാവശ്യവും അവൻ എന്നെ ചതിച്ചു. നേരത്തേ അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു, ഇപ്പോഴിതാ, എനിക്കുള്ള അനുഗ്രഹവും തട്ടിയെടുത്തിരിക്കുന്നു!” എന്നു പറഞ്ഞു. പിന്നെ അവൻ: “അങ്ങ്, എനിക്ക് ഒരനുഗ്രഹംപോലും കരുതിവെച്ചിട്ടില്ലയോ?” എന്നു ചോദിച്ചു.
37 യിസ്ഹാക്ക് ഏശാവിനോട്: “ഞാൻ അവനെ നിനക്കു പ്രഭുവാക്കി: അവന്റെ സഹോദരന്മാരെയെല്ലാം അവന്റെ സേവകരാക്കി; ധാന്യവും വീഞ്ഞും അവനു നൽകി. ഇനി, മകനേ, നിനക്കുവേണ്ടി എനിക്കെന്തു ചെയ്യാൻ കഴിയും?” എന്നു പറഞ്ഞു.
38 ഏശാവ് അപ്പനോട്: “അപ്പാ, അങ്ങേക്ക് ഒറ്റ അനുഗ്രഹമേ ഉള്ളോ? എന്നെയുംകൂടെ അനുഗ്രഹിക്കണമേ, അപ്പാ” എന്നു പറഞ്ഞ് ഉറക്കെ കരഞ്ഞു.
39 അതിനുത്തരമായി അവന്റെ അപ്പനായ യിസ്ഹാക്ക് അവനോട്:
41 യാക്കോബിനെ തന്റെ പിതാവ് അനുഗ്രഹിച്ചതുകൊണ്ട് ഏശാവിന് യാക്കോബിനോടു പകയുണ്ടായി. “എന്റെ പിതാവിനെച്ചൊല്ലി വിലപിക്കേണ്ട ദിവസങ്ങൾ അടുത്തുവരുന്നു, അതിനുശേഷം ഞാൻ എന്റെ സഹോദരൻ യാക്കോബിനെ കൊല്ലും,” അവൻ വിദ്വേഷത്തോടെ പറഞ്ഞു.
42 ഏശാവിന്റെ വാക്കുകളെക്കുറിച്ചു റിബേക്കയ്ക്ക് അറിവുകിട്ടിയപ്പോൾ അവൾ തന്റെ ഇളയമകനായ യാക്കോബിനെ ആളയച്ചുവരുത്തി അവനോട്, “നിന്റെ സഹോദരനായ ഏശാവ് നിന്നെ കൊന്നു പകവീട്ടാൻ ആഗ്രഹിക്കുകയാണ്. 43 അതുകൊണ്ട് മകനേ, ഞാൻ പറയുന്നതു കേൾക്കുക, ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുത്തേക്ക് ഓടിപ്പോകുക. 44 നിന്റെ സഹോദരന്റെ ക്രോധം ശമിക്കുന്നതുവരെ കുറെക്കാലം അവിടെ താമസിക്കുക. 45 നിന്റെ സഹോദരന് നിന്നോടുള്ള കോപം ശമിക്കുകയും നീ അവനോടു ചെയ്തത് മറക്കുകയും ചെയ്യട്ടെ. അപ്പോൾ ഞാൻ ആളയച്ച് നിന്നെ മടക്കിവരുത്താം. നിങ്ങൾ രണ്ടുപേരെയും എനിക്ക് ഒരേദിവസം നഷ്ടമാകുന്നതെന്തിന്?” എന്നു പറഞ്ഞു.
46 പിന്നെ റിബേക്ക യിസ്ഹാക്കിനോട്, “ഈ ഹിത്യസ്ത്രീകൾനിമിത്തം എനിക്കു ജീവിതം മടുത്തു. ഈ നാട്ടുകാരികളായ ഇവരെപ്പോലെയുള്ള ഹിത്യസ്ത്രീകളിൽനിന്ന് ഒരുവളെ യാക്കോബ് വിവാഹംചെയ്താൽ പിന്നെ ഞാൻ എന്തിനു ജീവിക്കണം?” എന്നു പറഞ്ഞു.
<- ഉൽപ്പത്തി 26ഉൽപ്പത്തി 28 ->