Link to home pageLanguagesLink to all Bible versions on this site
21
യിസ്ഹാക്കിന്റെ ജനനം
1 ഇതിനുശേഷം യഹോവ, അവിടന്ന് അരുളിച്ചെയ്തിരുന്നതുപോലെ സാറയെ സന്ദർശിച്ചു; അവൾക്ക് അവിടന്നു നൽകിയിരുന്ന വാഗ്ദാനം നിറവേറ്റി. 2 അബ്രാഹാമിന്, വാർധക്യത്തിൽ, ദൈവം വാഗ്ദാനംചെയ്തിരുന്ന സമയത്തുതന്നെ, സാറാ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. 3 അബ്രാഹാം, സാറാ തനിക്കു പ്രസവിച്ച മകന് യിസ്ഹാക്ക്[a] എന്നു പേരിട്ടു. 4 ദൈവം തന്നോടു കൽപ്പിച്ചിരുന്നതുപോലെ അബ്രാഹാം, തന്റെ മകനായ യിസ്ഹാക്കിനെ എട്ടാംദിവസം പരിച്ഛേദനം ചെയ്തു. 5 അബ്രാഹാമിനു നൂറു വയസ്സായപ്പോഴാണ് അദ്ദേഹത്തിന്റെ മകനായ യിസ്ഹാക്കു ജനിക്കുന്നത്.

6 സാറ പറഞ്ഞു: “ദൈവം എനിക്കു ചിരിക്കാൻ വകയുണ്ടാക്കിയിരിക്കുന്നു. ഇതെക്കുറിച്ചു കേൾക്കുന്നവരെല്ലാവരും എന്നോടൊപ്പം ചിരിക്കും. 7 സാറ കുഞ്ഞുങ്ങളെ മുലയൂട്ടുമെന്ന് ആരെങ്കിലും അബ്രാഹാമിനോടു പറയുമായിരുന്നോ? എന്നിട്ടും അദ്ദേഹത്തിന്റെ വാർധക്യത്തിൽ ഞാൻ അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചിരിക്കുന്നു” എന്ന് അവൾ പറഞ്ഞു.

ഹാഗാറിനെയും യിശ്മായേലിനെയും പുറത്താക്കുന്നു
8 പൈതൽ വളർന്നു, മുലകുടി മാറ്റാനുള്ള സമയവും അടുത്തു; യിസ്ഹാക്കിന്റെ മുലകുടിമാറ്റിയ ദിവസം അബ്രാഹാം വലിയൊരു വിരുന്നു നടത്തി. 9 ഈജിപ്റ്റുകാരിയായ ഹാഗാറിൽ അബ്രാഹാമിനു ജനിച്ച മകൻ, തന്റെ മകനായ യിസ്ഹാക്കിനെ പരിഹസിക്കുന്നതായി സാറാ കണ്ടു. 10 അവൾ അബ്രാഹാമിനോട്, “ആ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കുമായി ഒരിക്കലും ഓഹരി പങ്കിടാതിരിക്കേണ്ടതിന് ആ ദാസിയെയും അവളുടെ മകനെയും പുറത്താക്കിക്കളയണം” എന്നു പറഞ്ഞു.

11 യിശ്മായേൽ തന്റെ മകൻ ആയതുകൊണ്ട്, ഈ കാര്യം അബ്രാഹാമിനെ വളരെയധികം അസ്വസ്ഥനാക്കി. 12 എന്നാൽ ദൈവം അബ്രാഹാമിനോടു പറഞ്ഞു, “ബാലനെയും ദാസിയെയും സംബന്ധിച്ച് വ്യാകുലപ്പെടരുത്. സാറ നിന്നോടു പറയുന്നതെന്തും ശ്രദ്ധയോടെ കേൾക്കുക. കാരണം, ‘യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും.’ 13 ദാസിയുടെ മകനെയും ഞാൻ ഒരു ജനതയാക്കിത്തീർക്കും; കാരണം അവൻ ഉത്ഭവിച്ചതും നിന്നിൽനിന്നാണല്ലോ.”

14 പിറ്റേദിവസം അതിരാവിലെ അബ്രാഹാം എഴുന്നേറ്റ്, കുറെ ഭക്ഷണവും ഒരു തുകൽക്കുടം നിറയെ വെള്ളവും എടുത്തു ഹാഗാറിനു കൊടുത്തു. അദ്ദേഹം അത് അവളുടെ തോളിൽ വെച്ചുകൊടുത്തിട്ട് അവളെയും കുട്ടിയെയും പറഞ്ഞയച്ചു. അവൾ യാത്രചെയ്ത് ബേർ-ശേബാ മരുഭൂമിയിലെത്തി അലഞ്ഞുനടന്നു.

15 കുടത്തിലെ വെള്ളം തീർന്നപ്പോൾ അവൾ ബാലനെ ഒരു കുറ്റിച്ചെടിയുടെ ചുവട്ടിലാക്കി. 16 പിന്നെ അവൾ പോയി, ഏകദേശം ഒരു അമ്പിൻപാട് അകലെ ഇരുന്നു. “ബാലൻ മരിക്കുന്നത് എനിക്കു കാണാൻ വയ്യ” എന്നു പറഞ്ഞുകൊണ്ട് അവനെതിരേ ഇരുന്ന് ഉറക്കെ കരഞ്ഞു.

17 ദൈവം കുട്ടിയുടെ കരച്ചിൽ കേട്ടു; ദൈവദൂതൻ ആകാശത്തുനിന്ന് ഹാഗാറിനെ വിളിച്ച് അവളോട്, “ഹാഗാറേ, നിനക്കെന്തുപറ്റി? ഭയപ്പെടേണ്ട, ബാലൻ കിടക്കുന്നിടത്തുനിന്നുള്ള അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. 18 നീ ചെന്ന് ബാലനെ താങ്ങി എഴുന്നേൽപ്പിച്ചുകൊൾക; ഞാൻ അവനെ വലിയൊരു ജനതയാക്കും” എന്ന് അരുളിച്ചെയ്തു.

19 പിന്നെ ദൈവം അവളുടെ കണ്ണ് തുറന്നു; അവളൊരു നീരുറവ കണ്ടു. അവൾ ചെന്നു കുടത്തിൽ വെള്ളം നിറച്ചുകൊണ്ടുവന്നു ബാലനു കുടിക്കാൻ കൊടുത്തു.

20 ബാലന്റെ വളർച്ചയിൽ ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു. അവൻ മരുഭൂമിയിൽ താമസിച്ചു മുതിർന്നപ്പോൾ ഒരു വില്ലാളിയായിത്തീർന്നു. 21 പാരാൻ മരുഭൂമിയിൽ താമസിച്ചിരുന്നകാലത്ത് അവന്റെ അമ്മ ഈജിപ്റ്റിൽനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു.

ബേർ-ശേബാ കരാർ
22 ആ കാലത്ത് അബീമെലെക്കും അയാളുടെ സൈന്യാധിപനായ ഫിക്കോലും അബ്രാഹാമിനോട്, “നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവം നിന്നോടുകൂടെയുണ്ട്. 23 നീ എന്നോടോ എന്റെ മക്കളോടോ എന്റെ പിൻഗാമികളോടോ വ്യാജം പ്രവർത്തിക്കുകയില്ലെന്ന് ഇപ്പോൾ ഇവിടെ ദൈവമുമ്പാകെ എന്നോടു ശപഥംചെയ്യണം. ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെതന്നെ നീ എന്നോടും നീ പ്രവാസിയായി വന്നുപാർക്കുന്ന ഈ ദേശത്തോടും കരുണ കാണിക്കുകയും വേണം” എന്നു പറഞ്ഞു.

24 അതിന് അബ്രാഹാം, “ഞാൻ അങ്ങനെതന്നെ ശപഥംചെയ്യുന്നു” എന്നു പറഞ്ഞു.

25 പിന്നെ അബ്രാഹാം അബീമെലെക്കിനോട്, അങ്ങയുടെ വേലക്കാർ എന്റെ വേലക്കാരിൽനിന്നും ഒരു കിണർ കൈവശപ്പെടുത്തിയതായി പരാതിപ്പെട്ടു. 26 അതിന് അബീമെലെക്ക്, “ആരാണ് ഇതു ചെയ്തതെന്ന് എനിക്ക് അറിഞ്ഞുകൂടാ. താങ്കൾ എന്നോടു പറഞ്ഞില്ലല്ലോ, ഇന്നാണു ഞാൻ ഇതിനെക്കുറിച്ചു കേൾക്കുന്നത്” എന്നു പറഞ്ഞു.

27 പിന്നെ അബ്രാഹാം ആടുമാടുകളെ കൊണ്ടുവന്ന് അബീമെലെക്കിനു കൊടുത്തു. അവർ ഇരുവരും ഒരു കരാറിലേർപ്പെടുകയും ചെയ്തു. 28 അബ്രാഹാം ആട്ടിൻപറ്റത്തിൽനിന്ന് ഏഴു പെണ്ണാട്ടിൻകുട്ടികളെ വേർതിരിച്ചു. 29 അബീമെലെക്ക് അബ്രാഹാമിനോട്, “ഈ ഏഴ് പെണ്ണാട്ടിൻകുട്ടികളെ വേർതിരിച്ചതുകൊണ്ടു നീ എന്താണ് ഉദ്ദേശിക്കുന്നത്” എന്നു ചോദിച്ചു.

30 “ഈ കിണർ ഞാനാണു കുഴിപ്പിച്ചത് എന്നതിനു സാക്ഷിയായി ഈ ഏഴു പെണ്ണാട്ടിൻകുട്ടികളെ എന്റെ കൈയിൽനിന്ന് വാങ്ങണം” അബ്രാഹാം മറുപടി പറഞ്ഞു.

31 ആ സ്ഥലത്തുവെച്ച് അങ്ങനെ അവർ ഇരുവരും ശപഥംചെയ്തതുകൊണ്ട് അതിന് ബേർ-ശേബാ[b] എന്നു പേരുണ്ടായി.

32 ബേർ-ശേബയിൽവെച്ചു സഖ്യം ചെയ്തതിനുശേഷം അബീമെലെക്കും അദ്ദേഹത്തിന്റെ സൈന്യാധിപനായ ഫിക്കോലും ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങി. 33 അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു; അവിടെവെച്ച് അദ്ദേഹം നിത്യദൈവമായ യഹോവയുടെ നാമത്തിൽ ആരാധന നടത്തി.[c] 34 അബ്രാഹാം ഫെലിസ്ത്യരുടെ ദേശത്ത് കുറെക്കാലം പ്രവാസിയായി താമസിച്ചു.

<- ഉൽപ്പത്തി 20ഉൽപ്പത്തി 22 ->