Link to home pageLanguagesLink to all Bible versions on this site
20
അബ്രാഹാമും അബീമെലെക്കും
1 പിന്നെ അബ്രാഹാം തെക്കേ ദേശത്തേക്കു പോയി; അവിടെ കാദേശിനും ശൂരിനും മധ്യേ താമസിച്ചു. ഇതിനുശേഷം അദ്ദേഹം ഗെരാരിലേക്കുപോയി, അവിടെ പ്രവാസിയായി താമസിക്കുമ്പോൾ 2 അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്; “അവൾ എന്റെ സഹോദരി” എന്നു പ്രസ്താവിച്ചു. അപ്പോൾ ഗെരാർരാജാവായ അബീമെലെക്ക് ആളയച്ച് സാറയെ കൂട്ടിക്കൊണ്ടുപോയി.

3 എന്നാൽ, ഒരു രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമെലെക്കിന്റെ അടുക്കൽവന്ന് അവനോട്: “നീ സ്വന്തമാക്കിയിരിക്കുന്ന സ്ത്രീനിമിത്തം നീ മരിക്കും; അവൾ വിവാഹിതയാണ്” എന്ന് അരുളിച്ചെയ്തു.

4 അബീമെലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല. അദ്ദേഹം ദൈവത്തോട്; “കർത്താവേ, അവിടന്ന് കുറ്റം ചെയ്യാത്ത ഒരു ജനതയെ നശിപ്പിക്കുമോ? 5 ‘അവൾ എന്റെ സഹോദരി’ എന്ന് അയാൾ എന്നോടു പറഞ്ഞില്ലയോ? ‘അയാൾ എന്റെ സഹോദരൻ’ എന്ന് അവളും പറഞ്ഞിരുന്നല്ലോ! ശുദ്ധമനസ്സാക്ഷിയോടും നിർമലമായ കൈകളോടുംകൂടി ഞാൻ ഇതു ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.

6 അപ്പോൾ ദൈവം സ്വപ്നത്തിൽ അദ്ദേഹത്തോട്: “നീ ശുദ്ധമനസ്സാക്ഷിയോടെ ഇതു ചെയ്തു എന്നു ഞാൻ അറിയുന്നു, അതുകൊണ്ടാണ് എനിക്കെതിരേ പാപംചെയ്യാതിരിക്കാൻ ഞാൻ നിന്നെ തടഞ്ഞത്; അവളെ തൊടാൻ ഞാൻ നിന്നെ അനുവദിക്കാതിരുന്നത്. 7 നീ ഇപ്പോൾ ആ മനുഷ്യന് അവന്റെ ഭാര്യയെ തിരിച്ചുകൊടുക്കുക; അവൻ ഒരു പ്രവാചകനാണ്; അവൻ നിനക്കുവേണ്ടി പ്രാർഥിക്കും; അങ്ങനെ നീ ജീവിച്ചിരിക്കുകയും ചെയ്യും. അവളെ തിരികെക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ള സകലരും മരിക്കുമെന്ന് നിശ്ചയമായും അറിഞ്ഞുകൊള്ളുക” എന്ന് അരുളിച്ചെയ്തു.

8 പിറ്റേന്ന് അതിരാവിലെ അബീമെലെക്ക് തന്റെ എല്ലാ ഉദ്യോഗസ്ഥന്മാരെയും വിളിച്ചുകൂട്ടി, സംഭവിച്ചതെല്ലാം അവരെ പറഞ്ഞുകേൾപ്പിച്ചു; അവർ ഭയന്നുവിറച്ചു. 9 പിന്നെ അബീമെലെക്ക് അബ്രാഹാമിനെ അകത്തേക്കു വിളിച്ച്, “നീ ഞങ്ങളോട് ഈ ചെയ്തത് എന്താണ്? നീ എന്റെയും എന്റെ രാജ്യത്തിന്റെയുംമേൽ ഇത്രവലിയ അപരാധം വരുത്താൻ ഞാൻ നിന്നോട് എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യങ്ങളത്രേ നീ എന്നോടു ചെയ്തിരിക്കുന്നത്” എന്നു പറഞ്ഞു. 10 “ഇങ്ങനെ പ്രവർത്തിക്കാനുള്ള കാരണം എന്താണ്?” എന്ന് അബീമെലെക്ക് അബ്രാഹാമിനോട് ആരാഞ്ഞു.

11 അതിന് അബ്രാഹാം ഇങ്ങനെ മറുപടി പറഞ്ഞു: “ ‘ഈ സ്ഥലത്തു നിശ്ചയമായും ദൈവഭയം തീരെയില്ല എന്നും എന്റെ ഭാര്യ നിമിത്തം അവർ എന്നെ കൊല്ലുമെന്നും’ ഞാൻ വിചാരിച്ചു. 12 തന്നെയുമല്ല, അവൾ വാസ്തവത്തിൽ എന്റെ സഹോദരിയാണ്; ഞങ്ങൾ രണ്ടുപേരുടെയും പിതാവ് ഒന്നാണ്, എന്നാൽ ഒരമ്മയിൽനിന്നു ജനിച്ചവരുമല്ല; അവൾ എന്റെ ഭാര്യയായിത്തീർന്നു. 13 എന്നാൽ, എന്റെ പിതൃഭവനം വിട്ടു ദേശാടനം ചെയ്യാൻ ദൈവം എന്നോട് കൽപ്പിച്ചപ്പോൾ, ഞാൻ അവളോട്: ‘നാം ചെല്ലുന്നേടത്തെല്ലാം “അദ്ദേഹം എന്റെ സഹോദരൻ” എന്നു നീ പറയണം, അങ്ങനെയാണു നിനക്ക് എന്നോടുള്ള സ്നേഹം വെളിപ്പെടുത്തേണ്ടത്’ എന്നു പറഞ്ഞിരുന്നു.”

14 പിന്നെ അബീമെലെക്ക് ആടുമാടുകളെയും ദാസീദാസന്മാരെയും കൊണ്ടുവന്ന് അബ്രാഹാമിനു കൊടുത്തു; അദ്ദേഹത്തിന്റെ ഭാര്യയായ സാറയെയും തിരികെ ഏൽപ്പിച്ചു. 15 അബീമെലെക്ക് അബ്രാഹാമിനോട്, “എന്റെ ദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ഇഷ്ടമുള്ളേടത്തു താമസിച്ചുകൊൾക” എന്നു പറഞ്ഞു.

16 പിന്നെ അദ്ദേഹം സാറായോട്, “ഞാൻ നിന്റെ സഹോദരന് ആയിരം ശേക്കേൽ[a] വെള്ളി കൊടുക്കുന്നു, ഇതു ഞാൻ നിന്നോടുചെയ്ത കുറ്റത്തിനു നഷ്ടപരിഹാരമായി നിന്നോടുകൂടെയുള്ളവരെ സാക്ഷിയാക്കി നൽകുന്നതാണ്; നീ തികച്ചും കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു.

17 അപ്പോൾ അബ്രാഹാം ദൈവത്തോടു പ്രാർഥിച്ചു; ദൈവം അബീമെലെക്കിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും വെപ്പാട്ടിമാരെയും സൗഖ്യമാക്കി. അവർക്കു കുട്ടികൾ ജനിച്ചു. 18 അബ്രാഹാമിന്റെ ഭാര്യയായ സാറനിമിത്തം യഹോവ അബീമെലെക്കിന്റെ ഭവനത്തിൽ എല്ലാ സ്ത്രീകളുടെയും ഗർഭം അടച്ചിരുന്നു.

<- ഉൽപ്പത്തി 19ഉൽപ്പത്തി 21 ->