Link to home pageLanguagesLink to all Bible versions on this site
6
എല്ലാവർക്കും നന്മ ചെയ്യുക
1 സഹോദരങ്ങളേ, ആരെങ്കിലും പാപത്തിൽ പിടിക്കപ്പെടുകയാണെങ്കിൽ, ആത്മികരായ നിങ്ങളാണ് ആ വ്യക്തിയെ സൗമ്യമായി പുനരുദ്ധരിക്കേണ്ടത്. നിങ്ങളും പാപത്തിന്റെ പ്രലോഭനത്തിൽ അകപ്പെട്ടുപോകാതിരിക്കാൻ സൂക്ഷിക്കുക. 2 പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ കൽപ്പനകൾ പാലിക്കുക. 3 ഒരു വ്യക്തി, ആരുമല്ലാതിരിക്കെ, താൻ ആരോ ആണെന്നു ചിന്തിക്കുന്നെങ്കിൽ, അയാൾ സ്വയം വഞ്ചിക്കുകയാണ്. 4 ഓരോരുത്തരും സ്വന്തം പ്രവൃത്തികളെ വിലയിരുത്തട്ടെ. അങ്ങനെയുള്ളവർക്ക് തങ്ങളെ മറ്റാരുമായും താരതമ്യംചെയ്യാതെ സ്വയം അഭിമാനിക്കാൻ കഴിയും. 5 ഓരോരുത്തരും സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്. 6 തിരുവചനം പഠിക്കുന്നവരെല്ലാം പഠിപ്പിക്കുന്നയാൾക്ക് സർവനന്മയും പങ്കിടണം.

7 നിങ്ങളെത്തന്നെ വഞ്ചിക്കരുത്. ദൈവത്തെ കബളിപ്പിക്കുക അസാധ്യം. ഒരു മനുഷ്യൻ കൊയ്യുന്നത് അയാൾ വിതയ്ക്കുന്നതുതന്നെയായിരിക്കും. 8 പാപേച്ഛകളുടെ നിവൃത്തിമാത്രം ലക്ഷ്യമാക്കി വിതയ്ക്കുന്നവർ അതിൽനിന്നുതന്നെ നാശം കൊയ്യുകയും ദൈവാത്മാവിനെ പ്രസാദിപ്പിക്കാനായി വിതയ്ക്കുന്നവൻ ദൈവാത്മാവിൽനിന്നുതന്നെ നിത്യജീവനെ കൊയ്യുകയും ചെയ്യും. 9 നന്മ ചെയ്യുന്നതിൽ നാം ക്ഷീണിതരാകരുത്. നാം മടുത്തുപോകാതിരുന്നാൽ സമയം വരുമ്പോൾ വലിയ വിളവ് കൊയ്തെടുക്കും. 10 അതുകൊണ്ട്, അവസരം ലഭിക്കുമ്പോഴെല്ലാം എല്ലാ മനുഷ്യർക്കും നമ്മൾ നന്മ ചെയ്യുന്നവരാകണം; പ്രത്യേകിച്ച് വിശ്വാസകുടുംബങ്ങളിലെ അംഗങ്ങളോട്.

 
പരിച്ഛേദനമല്ല, പുതിയ സൃഷ്ടിയാണു വേണ്ടത്
11 നോക്കൂ, എന്റെ സ്വന്തം കൈയാൽ എത്ര വലിയ അക്ഷരങ്ങളിലാണ് ഞാൻ നിങ്ങൾക്കെഴുതുന്നത്!
 
12 മനുഷ്യരുടെ മതിപ്പു പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരാണ് പരിച്ഛേദനമേൽക്കാൻ നിങ്ങളെ നിർബന്ധിക്കുന്നത്. അവർ അങ്ങനെചെയ്യുന്നതിന് ഒരേയൊരു കാരണം ക്രിസ്തുവിന്റെ ക്രൂശിന്റെസന്ദേശം പ്രസംഗിക്കുമ്പോഴുണ്ടാകുന്ന പീഡനം ഒഴിവാക്കുക എന്നതാണ്. 13 പരിച്ഛേദനവാദികൾതന്നെയും ന്യായപ്രമാണം പൂർണമായും പ്രാവർത്തികമാക്കുന്നില്ല, എന്നിട്ടും പരിച്ഛേദനം എന്ന ശാരീരിക അനുഷ്ഠാനത്തിന് നിങ്ങളെ വിധേയപ്പെടുത്തി എന്നതിൽ അഭിമാനിക്കാനാണ് അവർ നിങ്ങളെ പരിച്ഛേദനം ഏൽപ്പിക്കാൻ പരിശ്രമിക്കുന്നത്. 14 ഞാനോ, കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ മറ്റൊന്നിലും പ്രശംസിക്കുകയില്ല; കാരണം, യേശുവിന്റെ ക്രൂശുമരണത്താൽ ലോകം എനിക്കു ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഞാൻ ലോകത്തിനും. 15 പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും അല്ല, പുതിയ സൃഷ്ടിയാകുക എന്നതാണ് പരമപ്രധാനം. 16 ഈ നിയമം പിൻതുടരുന്ന എല്ലാവർക്കും—ദൈവത്തിന്റെ ഇസ്രായേലിനും—കരുണയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
 
17 ഇനി എന്നെ ആരും വിഷമിപ്പിക്കരുത്; കാരണം യേശുവിന്റെ ചാപ്പ എന്റെ ശരീരത്തിൽ ഞാൻ വഹിക്കുന്നുണ്ടല്ലോ![a]
 
18 സഹോദരങ്ങളേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

<- ഗലാത്യർ 5