Link to home pageLanguagesLink to all Bible versions on this site

1 ഞാൻ പറഞ്ഞുവരുന്നത്, അവകാശി ശൈശവഘട്ടത്തിൽ ആയിരിക്കുന്നതുവരെ, സകലത്തിന്റെയും യഥാർഥ ഉടമസ്ഥനെങ്കിലും, പിതൃസ്വത്തിന്മേൽ യാതൊരവകാശവും ഉന്നയിക്കാൻ കഴിയാത്ത ഒരു ദാസനു തുല്യനാണ്. 2 തന്റെ പിതാവു നിശ്ചയിച്ചിരിക്കുന്ന ദിവസംവരെ അയാൾ സംരക്ഷകരുടെയും കാര്യസ്ഥരുടെയും അധീനതയിലായിരിക്കും. 3 അതുപോലെതന്നെ, നാമും ആത്മികശൈശവഘട്ടത്തിൽ ലോകത്തിന്റെ പ്രാഥമികശക്തികൾക്ക് അടിമകളായിരുന്നു. 4 എന്നാൽ ദൈവം, സ്ത്രീയുടെ സന്തതിയായി ജനിച്ച് ന്യായപ്രമാണത്തിന്ന് കീഴിൽ ജീവിക്കാനായി, നിയോഗിക്കപ്പെട്ടിരുന്ന സമയത്തുതന്നെ അവിടത്തെ പുത്രനെ അയച്ചു. 5 ഇത് ന്യായപ്രമാണത്തിൻ കീഴിലുള്ളവരെയെല്ലാം വിലയ്ക്കു വാങ്ങുന്നതിനും നമുക്ക് പുത്രത്വം ലഭ്യമാക്കേണ്ടതിനും ആയിരുന്നു. 6 ദൈവം അവിടത്തെ പുത്രന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചതോ, മക്കളായ നാം ദൈവത്തെ “അബ്ബാ,[a] പിതാവേ” എന്നു വിളിക്കേണ്ടതിനാണ്. 7 നിങ്ങൾ ഇനിമേൽ ദാസരല്ല, മക്കളാണ്;[b] മക്കൾ ആയതിലൂടെ ദൈവം നിങ്ങളെ അവിടത്തെ അവകാശികളും ആക്കിയിരിക്കുന്നു.

ഗലാത്യരെക്കുറിച്ച് പൗലോസിനുള്ള ഉത്കണ്ഠ
8 മുമ്പേ, നിങ്ങൾ ദൈവത്തെക്കുറിച്ച് അറിവില്ലാത്തവർ ആയിരുന്നതിനാൽ; ദൈവങ്ങൾ അല്ലാത്ത എന്തിനൊക്കെയോ അടിമപ്പെട്ട് അവയെ സേവിച്ചുവരികയായിരുന്നു. 9 എന്നാൽ, ഇപ്പോഴോ ദൈവത്തെ അറിഞ്ഞ നിങ്ങൾ—ദൈവം നിങ്ങളെയും അറിഞ്ഞിരിക്കെ—നിഷ്‌പ്രയോജനവും മൂല്യഹീനവുമായ ചില പ്രാഥമികശക്തികളിലേക്ക് പിന്നെയും തിരിയുന്നതെങ്ങനെ? അവയ്ക്ക് വീണ്ടും അടിമപ്പെടാനാണോ നിങ്ങളുടെ ആഗ്രഹം? 10 നിങ്ങൾ സവിശേഷദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും ആചരിക്കുന്നു! 11 നിങ്ങൾക്കുവേണ്ടി അധ്വാനിച്ച എന്റെ പ്രയത്നമെല്ലാം വെറുതേയായിപ്പോയോ എന്നു ഞാൻ ഭയപ്പെടുന്നു!

12 സഹോദരങ്ങളേ, ഞാൻ നിങ്ങളെപ്പോലെ ആയതുപോലെ നിങ്ങളും എന്നെപ്പോലെ ആകാൻ ഞാൻ നിങ്ങളോട് വിനീതമായി അപേക്ഷിക്കുന്നു. നിങ്ങൾ എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല. 13 ഞാൻ ആദ്യം നിങ്ങളോടു സുവിശേഷം പ്രസംഗിക്കാൻ സംഗതിയായത് എന്റെ ശരീരത്തിലെ ബലഹീനത നിമിത്തമായിരുന്നു എന്നു നിങ്ങൾക്കറിയാമല്ലോ. 14 എന്റെ ശരീരത്തിന്റെ അവസ്ഥ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു എങ്കിലും നിങ്ങൾ എന്നെ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല; മറിച്ച് ഒരു ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെതന്നെ, എന്നെ സ്വീകരിച്ചല്ലോ. 15 അന്നത്തെ നിങ്ങളുടെ ആനന്ദം ഇപ്പോൾ എവിടെ? അന്ന് നിങ്ങൾ നിങ്ങളുടെ കണ്ണുകൾതന്നെയും ചൂഴ്‌ന്നെടുത്ത് എനിക്കു തരുമായിരുന്നു എന്ന് എനിക്കുറപ്പുണ്ട്. 16 എന്നാൽ, സത്യം സംസാരിക്കുന്നതു നിമിത്തം ഞാൻ ഇന്ന് നിങ്ങളുടെ ശത്രുവായിത്തീർന്നോ?

17 യെഹൂദാമതാനുസാരികൾ സദുദ്ദേശ്യത്തോടുകൂടിയല്ല നിങ്ങളോട് അമിതതാത്പര്യം കാട്ടുന്നത്; നിങ്ങളെ എന്നിൽനിന്ന് അകറ്റി അവരുടെ ഉപദേശത്തിലേക്കു നിങ്ങളെ ആകർഷിക്കുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യം. 18 സദുദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിലുള്ള വ്യഗ്രത നല്ലതുതന്നെ, അതു ഞാൻ നിങ്ങളോടുകൂടെ ഉള്ളപ്പോൾമാത്രമല്ല, എപ്പോഴും അങ്ങനെയാകണമെന്നുമാത്രം. 19 എന്റെ കുഞ്ഞുങ്ങളേ! നിങ്ങൾ ക്രിസ്തുവിന്റെ യഥാർഥ അനുയായികൾ ആകുന്നതുവരെ,[c] പ്രസവവേദനയനുഭവിക്കുന്ന ഒരു അമ്മയെപ്പോലെ അതികഠിനമായി ഞാൻ പിന്നെയും ക്ലേശം സഹിക്കുന്നു. 20 ഞാൻ ഇപ്പോൾ നിങ്ങളുടെ അരികെ ആയിരുന്നെങ്കിൽ എന്നു ഞാൻ എത്ര ആശിച്ചുപോകുന്നു! അങ്ങനെയെങ്കിൽ ഒരുപക്ഷേ നിങ്ങളോടുള്ള സംഭാഷണത്തിന്റെ സ്വരം മാറിയേനെ. കാരണം, നിങ്ങളെ ഓർത്ത് ഞാൻ വളരെ അസ്വസ്ഥനാണ്.

ഹാഗറും സാറയും
21 നിങ്ങൾ എന്നോടു പറയുക, ന്യായപ്രമാണത്തിനു കീഴ്പ്പെട്ടിരിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾ ന്യായപ്രമാണം എന്തുപറയുന്നു എന്നു വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടോ? 22 ന്യായപ്രമാണത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തുന്നത്: അബ്രാഹാമിന് ദാസിയിൽനിന്നു ജനിച്ച ഒരുവനും സ്വതന്ത്രയിൽനിന്നു ജനിച്ച ഒരുവനുമായി രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. 23 ദാസിയിൽനിന്നു ജനിച്ച മകൻ മനുഷ്യതാത്പര്യത്താൽമാത്രം ജനിച്ചതും സ്വതന്ത്രയിൽനിന്നു ജനിച്ച മകൻ ദൈവികവാഗ്ദാനനിവൃത്തിയുമാകുന്നു.

24 ഈ രണ്ട് സ്ത്രീകൾ രണ്ട് ദൈവികഉടമ്പടികളുടെ പ്രതീകങ്ങളാണ്. ഒന്നാമത്തെ സ്ത്രീ ഹാഗർ, അടിമകളായ മക്കളെ പ്രസവിക്കുന്ന, സീനായിമലയുടെ പ്രതീകമാണ്. 25 ഹാഗർ എന്നത് അറേബ്യയിലെ സീനായി പർവതമാണ് സൂചിപ്പിക്കുന്നത്. അത് ഇപ്പോഴത്തെ ജെറുശലേമിനെ കുറിക്കുന്നു. കാരണം, അവർ അവളുടെ മക്കളോടുകൂടെ ഇപ്പോൾ അടിമത്തത്തിലാണു കഴിയുന്നത്. 26 സാറയോ, സ്വർഗീയജെറുശലേമിന്റെ പ്രതീകമാണ്. സ്വതന്ത്രയായ അവളാണ് നമ്മുടെ മാതാവ്. 27 കാരണം, തിരുവെഴുത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

“വന്ധ്യയായവളേ ആനന്ദിക്കുക;
ഒരു കുഞ്ഞിനും ജന്മം നൽകിയിട്ടില്ലാത്തവളേ,
പ്രസവവേദന എന്തെന്ന് അറിയാത്തവളേ,
ആനന്ദത്താൽ ആർത്തുഘോഷിക്കുക!
കാരണം, പരിത്യക്തയുടെ മക്കൾ
ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം.”[d]

28 എന്നാൽ സഹോദരങ്ങളേ, നാമോ യിസ്ഹാക്കിനെപ്പോലെ വാഗ്ദാനസന്തതികളാണ്. 29 മനുഷ്യതാത്പര്യത്താൽ ജനിച്ചവൻ അന്ന്, വാഗ്ദാനനിവൃത്തിയായി[e] ജനിച്ചവനെ ഉപദ്രവിച്ചതുപോലെയാണ് ഇപ്പോഴും സംഭവിക്കുന്നത്. 30 എന്നാൽ, തിരുവെഴുത്ത് എന്തുപറയുന്നു? “ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനുമായി ഒരിക്കലും ഓഹരി പങ്കിടാതിരിക്കേണ്ടതിന് ആ ദാസിയെയും അവളുടെ മകനെയും പുറത്താക്കിക്കളയണം”[f] എന്നാണല്ലോ. 31 ആകയാൽ സഹോദരങ്ങളേ, നാം ദാസിയുടെയല്ല; സ്വതന്ത്രയുടെ മക്കളാണ്.

<- ഗലാത്യർ 3ഗലാത്യർ 5 ->