8 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വ്യാജസംസാരവും കബളിപ്പിക്കുന്ന ദർശനവുംമൂലം ഞാൻ നിങ്ങൾക്ക് എതിരായിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. 9 വ്യാജദർശനങ്ങൾ കാണുകയും കബളിപ്പിക്കുന്ന ദേവപ്രശ്നം അറിയിക്കുകയും ചെയ്യുന്ന പ്രവാചകന്മാർക്ക് എന്റെ ഭുജം എതിരായിരിക്കും. എന്റെ ജനത്തിന്റെ ആലോചനാസഭയിൽ അവർക്കു സ്ഥാനം ഉണ്ടായിരിക്കുകയോ ഇസ്രായേൽഗൃഹത്തിന്റെ പേരുവിവരപ്പട്ടികയിൽ അവരുടെ പേര് എഴുതപ്പെടുകയോ അവർ ഇസ്രായേൽദേശത്തു കടക്കുകയോ ചെയ്യുകയില്ല. അങ്ങനെ, ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്നു നിങ്ങൾ അറിയും.
10 “ ‘സമാധാനം ഇല്ലാതിരിക്കെ “സമാധാനം,” എന്ന് ഉദ്ഘോഷിച്ച് അവർ എന്റെ ജനത്തെ വഴിതെറ്റിച്ചുകളയുകയാലും ബലമില്ലാത്ത ഒരു മതിൽ പണിത് അവർ അതിനു വെള്ളപൂശുകയാലുമാണ് ഇപ്രകാരം സംഭവിക്കുന്നത്. 11 അതുകൊണ്ട്, വെള്ളപൂശുന്നവരോട് ആ മതിൽ വേഗം ഇടിഞ്ഞുവീഴും എന്നു പറയുക. മലവെള്ളപ്പാച്ചിൽപോലെ മഴപെയ്യും; മഞ്ഞുകട്ടകൾ വർഷിക്കും; കൊടുങ്കാറ്റ് ചീറിയടിക്കും. 12 അങ്ങനെ മതിൽ നിലംപൊത്തുമ്പോൾ “നിങ്ങൾ പൂശിയ കുമ്മായം എവിടെ എന്ന് നിങ്ങളോട് ആളുകൾ ചോദിക്കുകയില്ലേ?”
13 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ക്രോധത്തിൽ ഞാൻ ഒരു കൊടുങ്കാറ്റ് അഴിച്ചുവിടും; എന്റെ കോപത്തിൽ മഞ്ഞുകട്ടകളും മഴവെള്ളപ്പാച്ചിലും വിനാശകാരിയായ രൗദ്രത്തോടെ പതിക്കും. 14 നിങ്ങൾ വെള്ളപൂശിയ മതിൽ, അതിന്റെ അടിത്തറ തെളിഞ്ഞുകാണുന്നവിധം ഞാൻ ഇടിച്ചുകളയും. അതു[b] വീഴുമ്പോൾ അതിന്റെ നടുവിൽ നിങ്ങൾ നാശമടയും; ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയുകയും ചെയ്യും. 15 അങ്ങനെ ആ മതിലിന്മേലും അതിനു വെള്ളപൂശിയവരുടെമേലും എന്റെ ക്രോധം ഞാൻ നിറവേറ്റും; “മതിലും അതിനു വെള്ളപൂശിയവരും നീങ്ങിപ്പോയിരിക്കുന്നു, എന്നു ഞാൻ നിങ്ങളെ അറിയിക്കും. 16 ജെറുശലേമിനോടു പ്രവചിക്കുകയും സമാധാനമില്ലാതിരിക്കെ അതിനു സമാധാനം ദർശിക്കുകയും ചെയ്യുന്ന ഇസ്രായേലിലെ പ്രവാചകന്മാരും ഇല്ലാതെയായിരിക്കുന്നു എന്നു കർത്താവായ യഹോവയുടെ അരുളപ്പാട്.” ’
17 “ഇപ്പോൾ മനുഷ്യപുത്രാ, സ്വന്തം ഭാവനയ്ക്കനുസരിച്ചു പ്രവചിക്കുന്ന അങ്ങയുടെ ജനത്തിന്റെ പുത്രിമാരുടെ നേരേ മുഖം തിരിക്കുക. അവർക്കെതിരേ പ്രവചിച്ച് 18 പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജനത്തെ കെണിയിൽപ്പെടുത്തുന്നതിന് എല്ലാ കൈത്തണ്ടകളിലും കെട്ടുന്നതിനുള്ള മാന്ത്രികച്ചരടു നെയ്യുകയും പല അളവുകളിലുള്ള ശിരോവസ്ത്രം നിർമിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് അയ്യോ കഷ്ടം! നിങ്ങൾ എന്റെ ജനത്തിന്റെ ജീവൻ കെണിയിൽ അകപ്പെടുത്തുകയും നിങ്ങളുടെ സ്വന്തം ജനത്തെ സംരക്ഷിക്കുകയും ചെയ്യുമെന്നോ? 19 എന്റെ ജനത്തിന്റെ മധ്യത്തിൽ ഒരുപിടി യവത്തിനും[c] ഏതാനും അപ്പക്കഷണങ്ങൾക്കുംവേണ്ടി നിങ്ങൾ എന്നെ അശുദ്ധമാക്കിയിരിക്കുന്നു. വ്യാജം ശ്രദ്ധിക്കുന്നവരായ എന്റെ ജനത്തോടു നിങ്ങൾ വ്യാജം പറഞ്ഞുകൊണ്ട്, വധിക്കപ്പെടാൻ പാടില്ലാത്തവരെ വധിക്കുകയും ജീവിച്ചിരിക്കാൻ പാടില്ലാത്തവരെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്തു.
20 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പക്ഷികളെയെന്നപോലെ ആളുകളെ കെണിയിൽപ്പെടുത്തുന്ന നിങ്ങളുടെ മാന്ത്രികച്ചരടുകളോടു ഞാൻ എതിർത്തുനിൽക്കുന്നു. നിങ്ങളുടെ കൈകളിൽനിന്ന് ഞാൻ അവയെ ചീന്തിക്കളയും; പക്ഷികളെയെന്നപോലെ നിങ്ങൾ വേട്ടയാടിയ ജീവിതങ്ങളെ ഞാൻ വിടുവിക്കും. 21 നിങ്ങളുടെ മൂടുപടങ്ങളെയും ഞാൻ ചീന്തിക്കളഞ്ഞ് എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും. മേലാൽ വേട്ടയാടപ്പെടേണ്ടതിന് അവർ നിങ്ങൾക്ക് അധീനരായിരിക്കുകയില്ല; അങ്ങനെ, ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. 22 നീതിനിഷ്ഠർക്കു ഞാൻ ദുഃഖം വരുത്താതിരിക്കെ, നിങ്ങൾ വ്യാജംപറഞ്ഞ് അവരെ ദുഃഖിപ്പിക്കും. ദുഷ്ടർ തങ്ങളുടെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവരുടെ ജീവൻ നിങ്ങൾ സംരക്ഷിക്കുന്നതുകൊണ്ട്, 23 നിങ്ങൾ മേലാൽ വ്യാജദർശനങ്ങൾ കാണുകയോ ദേവപ്രശ്നംവെക്കുകയോ ചെയ്യുകയില്ല; എന്റെ ജനത്തെ ഞാൻ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ”
<- യെഹെസ്കേൽ 12യെഹെസ്കേൽ 14 ->