Link to home pageLanguagesLink to all Bible versions on this site
33
1 യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: “നീയും ഈജിപ്റ്റിൽനിന്ന് നീ പുറപ്പെടുവിച്ചുകൊണ്ടുവന്ന ഈ ജനവും ഈ സ്ഥലംവിട്ട്, ‘ഞാൻ നിന്റെ സന്തതിക്കു നൽകും’ എന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ശപഥംചെയ്ത ദേശത്തേക്കു പോകുക. 2 ഞാൻ ഒരു ദൂതനെ നിനക്കുമുമ്പായി അയയ്ക്കും, കനാന്യരെയും അമോര്യരെയും ഹിത്യരെയും പെരിസ്യരെയും ഹിവ്യരെയും യെബൂസ്യരെയും ദേശത്തുനിന്ന് ഓടിച്ചുകളയും. 3 പാലും തേനും ഒഴുകുന്ന ദേശത്തേക്കു പോകുക. വഴിയിൽവെച്ചു ഞാൻ നിങ്ങളെ നശിപ്പിക്കാതിരിക്കേണ്ടതിന് ഞാൻ നിങ്ങളോടുകൂടെ വരികയില്ല; നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.”

4 ദുഃഖകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും ആഭരണമൊന്നും ധരിച്ചില്ല. 5 “നിങ്ങൾ ദുശ്ശാഠ്യമുള്ള ജനമാകുന്നു. ഞാൻ ഒരു നിമിഷമെങ്കിലും നിങ്ങളോടുകൂടെ നടന്നാൽ നിങ്ങളെ നശിപ്പിക്കാൻ ഇടയായേക്കും; ഇപ്പോൾ നിങ്ങളുടെ ആഭരണങ്ങൾ നീക്കിക്കളയുക; നിങ്ങളോട് എന്തു ചെയ്യണമെന്ന് ഞാൻ നിശ്ചയിക്കും എന്നിങ്ങനെ ഇസ്രായേൽമക്കളോടു പറയുക,” എന്ന് യഹോവ മോശയോടു കൽപ്പിച്ചിരുന്നു. 6 അങ്ങനെ, ഹോരേബ്*സീനായി പർവതത്തിന്റെ മറ്റൊരുപേര്. പർവതത്തിങ്കൽ തുടങ്ങി ഇസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.

സമാഗമകൂടാരം
7 പാളയത്തിനു വെളിയിൽ അകലെയായി മോശ ഒരു കൂടാരമടിച്ചിരുന്നു. അതിനു “സമാഗമകൂടാരം” എന്നു പേരിട്ടു. യഹോവയെ അന്വേഷിക്കുന്നവരെല്ലാം പാളയത്തിനുപുറത്തു സമാഗമകൂടാരത്തിലേക്കു പോയിരുന്നു. 8 മോശ കൂടാരത്തിലേക്കു പോകുമ്പോഴെല്ലാം, സകലജനവും എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരവാതിൽക്കൽ നിന്നുകൊണ്ട്, മോശ കൂടാരത്തിൽ പ്രവേശിക്കുന്നതുവരെ, അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. 9 മോശ കൂടാരത്തിൽ പ്രവേശിക്കുമ്പോൾ, മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കുകയും യഹോവ മോശയോടു സംസാരിക്കുകയും ചെയ്യും. 10 മേഘസ്തംഭം കൂടാരവാതിൽക്കൽ നിൽക്കുന്നതു കാണുമ്പോഴെല്ലാം ജനം എഴുന്നേറ്റ് അവരവരുടെ കൂടാരവാതിൽക്കൽ നിന്നുകൊണ്ട് യഹോവയെ നമസ്കരിച്ചു. 11 ഒരു മനുഷ്യൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശയോട് അഭിമുഖമായി സംസാരിച്ചു. അതിനുശേഷം മോശ പാളയത്തിലേക്കു മടങ്ങിപ്പോകും. എന്നാൽ അവന്റെ ശുശ്രൂഷക്കാരനും നൂന്റെ പുത്രനുമായ യോശുവ എന്ന യുവാവു കൂടാരത്തെ വിട്ടുപിരിഞ്ഞില്ല.
മോശയും യഹോവയുടെ തേജസ്സും
12 മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു കൽപ്പിച്ചു: എന്നാൽ, ആരെയാണ് എന്നോടുകൂടെ അയയ്ക്കുന്നത് എന്ന് അങ്ങ് എന്നെ അറിയിച്ചിട്ടില്ല. ‘ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു,’ എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുമുണ്ട്. 13 അതുകൊണ്ട്, എന്നോടു പ്രസാദമുണ്ടെങ്കിൽ അങ്ങയുടെ വഴി എന്നെ അറിയിക്കണമേ; തുടർന്നും എന്നോടു കൃപയുണ്ടാകണം. ഈ ജനത അങ്ങയുടെ ജനമാകുന്നു എന്നും ഓർക്കണമേ.”

14 യഹോവ മറുപടി നൽകി: “എന്റെ സാന്നിധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥതനൽകും.”

15 അപ്പോൾ മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “അങ്ങയുടെ സാന്നിധ്യം ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ. 16 അങ്ങു ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ, എന്നോടും ഈ ജനത്തോടും അങ്ങേക്കു കൃപയുണ്ടെന്നു ഞങ്ങൾ അറിയുന്നതെങ്ങനെ? എന്നെയും അങ്ങയുടെ ഈ ജനത്തെയും ഭൂമുഖത്തു മറ്റു ജനങ്ങളിൽനിന്നു വ്യത്യസ്തരാക്കുന്നത് എന്താണ്?”

17 യഹോവ മോശയോടു കൽപ്പിച്ചു: “എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു: ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞുമിരിക്കുന്നു; അതുകൊണ്ടു നീ അപേക്ഷിച്ച ഈ കാര്യവും ഞാൻ ചെയ്യും.”

18 അപ്പോൾ മോശ, “അങ്ങയുടെ തേജസ്സ് എന്നെ കാണിക്കണമേ” എന്നപേക്ഷിച്ചു.

19 യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ നന്മമുഴുവനും നിനക്കു ദൃശ്യമാക്കും, യഹോവ എന്ന എന്റെ നാമം ഞാൻ നിന്റെ മുമ്പിൽ ഘോഷിക്കും; കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും. കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും. 20 എന്നാൽ, നിനക്ക് എന്റെ മുഖം കാണാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കുകയില്ല.”

21 യഹോവ വീണ്ടും അരുളിച്ചെയ്തു: “എന്റെ സമീപത്തുള്ള ഒരു സ്ഥലം ഉണ്ട്; ആ പാറമേൽ നീ നിൽക്കണം. 22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ ആ പാറയുടെ പിളർപ്പിൽ ആക്കി, ഞാൻ കടന്നുപോകുന്നതുവരെ എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും. 23 പിന്നീടു ഞാൻ എന്റെ കൈ മാറ്റും; അപ്പോൾ നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖം കാണപ്പെടാവുന്നതല്ല.”

<- പുറപ്പാട് 32പുറപ്പാട് 34 ->