Link to home pageLanguagesLink to all Bible versions on this site
6
മൊർദെഖായി ആദരിക്കപ്പെടുന്നു
1 അന്നുരാത്രി രാജാവിന് ഉറങ്ങാൻ കഴിഞ്ഞില്ല, അതുകൊണ്ടു തനിക്കു വായിച്ചുകേൾക്കേണ്ടതിനു തന്റെ വാഴ്ചക്കാലത്തെ സംഭവങ്ങൾ രേഖപ്പെടുത്തിയ ദിനവൃത്താന്തപുസ്തകം കൊണ്ടുവരാൻ കൽപ്പനകൊടുത്തു. 2 അതിൽ രാജാവിന്റെ രണ്ടു സേവകരും വാതിൽകാവൽക്കാരുമായ ബിഗ്ദ്ധാനയും തേരേശും അഹശ്വേരോശ് രാജാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതും മൊർദെഖായി അതു വെളിവാക്കിയതും രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു.

3 അപ്പോൾ രാജാവു ചോദിച്ചു: “ഇതിന് എന്തു ബഹുമതിയും അംഗീകാരവുമാണ് നാം മൊർദെഖായിക്ക് നൽകിയത്?”

“ഒന്നും നൽകിയിട്ടില്ല,” എന്നു ഭൃത്യന്മാർ മറുപടി പറഞ്ഞു.

4 “പുറത്തെ അങ്കണത്തിൽ ആരുണ്ട്?” രാജാവു ചോദിച്ചു. അപ്പോൾ മൊർദെഖായിക്കായി ഒരുക്കിയ തൂക്കുമരത്തിൽ അദ്ദേഹത്തെ തൂക്കണമെന്ന് അപേക്ഷിക്കാൻ ഹാമാൻ അങ്കണത്തിനു പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.

5 “ഹാമാൻ അങ്കണത്തിൽ നിൽക്കുന്നു,” രാജഭൃത്യന്മാർ അറിയിച്ചു.

“അവനെ അകത്തേക്കു കൊണ്ടുവരിക,” രാജാവ് കൽപ്പിച്ചു.

6 ഹാമാൻ അകത്തു പ്രവേശിച്ചപ്പോൾ രാജാവ് അവനോട്, “രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യന് എന്താണ് ചെയ്തുകൊടുക്കേണ്ടത്?” എന്നു ചോദിച്ചു.

“എന്നെയല്ലാതെ മറ്റാരെയാണ് രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്നത്?” എന്ന് ഹാമാൻ ഉള്ളിൽ കരുതി. 7 അതിനാൽ അവൻ ഉത്തരം പറഞ്ഞു: “രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനുവേണ്ടി, 8 രാജാവ് ധരിക്കുന്ന രാജവസ്ത്രവും രാജാവ് സഞ്ചരിക്കുന്ന കുതിരയും രാജശിരസ്സിൽ വെക്കുന്ന കിരീടവും കൊണ്ടുവരട്ടെ. 9 വസ്ത്രവും കുതിരയും രാജാവിന്റെ ശ്രേഷ്ഠന്മാരായ പ്രഭുക്കന്മാരിൽ ഒരുവനെ ഏൽപ്പിക്കണം. രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനെ രാജവസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്തു കയറ്റി, ‘രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനോട് ഇങ്ങനെ ചെയ്യുന്നു!’ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് പട്ടണവീഥികളിലൂടെ ആനയിക്കണം.”

10 രാജാവ് ഹാമാനോടു കൽപ്പിച്ചു: “വേഗം നീ പോയി, പറഞ്ഞതുപോലെ രാജവസ്ത്രവും കുതിരയും കൊണ്ടുവന്ന് രാജകവാടത്തിൽ ഇരിക്കുന്ന മൊർദെഖായി എന്ന യെഹൂദന് ഇതെല്ലാം ചെയ്യുക. നീ പറഞ്ഞതിൽ ഒരു കുറവും വരുത്തരുത്.”

11 അങ്ങനെ ഹാമാൻ രാജവസ്ത്രവും കുതിരയും കൊണ്ടുവന്ന്, മൊർദെഖായിയെ വസ്ത്രം അണിയിച്ച് കുതിരപ്പുറത്തു കയറ്റി പട്ടണവീഥികളിലൂടെ ആനയിച്ച് ഇങ്ങനെ വിളിച്ചുപറഞ്ഞു: “രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനോട് ഇങ്ങനെ ചെയ്യുന്നു!”

12 പിന്നീട് മൊർദെഖായി രാജകവാടത്തിലേക്കു മടങ്ങി. ഹാമാനാകട്ടെ വിലപിച്ച്, തലമൂടി വീട്ടിലേക്ക് ഓടിപ്പോയി. 13 തനിക്കു സംഭവിച്ചതൊക്കെയും ഭാര്യയായ സേരെശിനെയും സകലസ്നേഹിതരെയും അറിയിച്ചു.

അവന്റെ ഉപദേഷ്ടാക്കളും ഭാര്യയായ സേരെശും അവനോട്: “മൊർദെഖായിയുടെമുമ്പിൽ നിന്റെ പതനം ആരംഭിച്ചിരിക്കുന്നു. അദ്ദേഹം യെഹൂദാവംശത്തിൽപ്പെട്ടവനാകുകയാൽ നിനക്ക് അദ്ദേഹത്തിനെതിരേ നിൽക്കാൻ കഴിയുകയില്ല. അദ്ദേഹത്തിന്റെമുമ്പിൽ നീ വീണുപോകും” എന്നു പറഞ്ഞു. 14 അവർ അവനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ രാജാവിന്റെ ഷണ്ഡന്മാർ വന്ന് എസ്ഥേർ ഒരുക്കിയിരിക്കുന്ന വിരുന്നിനു സംബന്ധിക്കാൻ ഹാമാനെ തിടുക്കത്തിൽ വിളിച്ചുകൊണ്ടുപോയി.

<- എസ്ഥേർ 5എസ്ഥേർ 7 ->