Link to home pageLanguagesLink to all Bible versions on this site

സഭാപ്രസംഗി

1
സകലതും അർഥശൂന്യം
1 ജെറുശലേം രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗിയുടെ വാക്കുകൾ:
2 “അർഥശൂന്യം! അർഥശൂന്യം!”
സഭാപ്രസംഗി പറയുന്നു.
“നിശ്ശേഷം അർഥശൂന്യം!
സകലതും അർഥശൂന്യമാകുന്നു.”
 
3 സൂര്യനുകീഴിൽ അധ്വാനിക്കുന്ന മനുഷ്യൻ
തന്റെ പ്രയത്നത്തിൽനിന്നും എന്തു നേടുന്നു?
4 തലമുറകൾ വരുന്നു, തലമുറകൾ പോകുന്നു;
എന്നാൽ ഭൂമി ശാശ്വതമായി നിലനിൽക്കുന്നു.
5 സൂര്യൻ ഉദിക്കുകയും സൂര്യൻ അസ്തമിക്കുകയും ചെയ്യുന്നു,
അത് അതിന്റെ ഉദയസ്ഥാനത്തേക്കു ദ്രുതഗതിയിൽ മടങ്ങിപ്പോകുകയും ചെയ്യുന്നു.
6 കാറ്റ് തെക്കോട്ട് വീശുന്നു,
വടക്കോട്ടത് തിരിഞ്ഞുകറങ്ങുന്നു;
നിരന്തരം തന്റെ ഗതി ആവർത്തിച്ച്
ചുറ്റിച്ചുറ്റി കറങ്ങുന്നു.
7 എല്ലാ നീരൊഴുക്കുകളും സമുദ്രത്തിലേക്കൊഴുകുന്നു,
എന്നിട്ടും സമുദ്രമൊരിക്കലും നിറയുന്നില്ല.
അരുവികൾ എവിടെനിന്ന് ആരംഭിച്ചുവോ
അവിടേക്കുതന്നെ അവ പിന്നെയും മടങ്ങിപ്പോകുന്നു.
8 എല്ലാ വസ്തുതകളും ക്ലേശഭരിതമാണ്,
അത് ഒരാൾക്ക് വർണിക്കാവുന്നതിലുമധികം.
കണ്ടിട്ടു കണ്ണിന് മതിവരികയോ
കേട്ടിട്ടു ചെവിക്ക് തൃപ്തിവരികയോ ചെയ്യുന്നില്ല.
9 ഒരിക്കൽ ഉണ്ടായിരുന്നതു പിന്നെയും ഉണ്ടാകും,
മുൻകാലചെയ്തികൾ പിന്നെയും ആവർത്തിക്കും;
സൂര്യനുകീഴിൽ പുതിയതായി ഒന്നുംതന്നെയില്ല.
10 ഏതിനെയെങ്കിലും ചൂണ്ടി ആർക്കെങ്കിലും പറയാൻ കഴിയുമോ,
“നോക്കൂ! ഇതു തികച്ചും പുത്തനായ ഒന്നാണ്?”
പണ്ടുപണ്ടേ ഇത് ഇവിടെ ഉണ്ടായിരുന്നു;
നമ്മുടെ കാലത്തിനുമുമ്പുതന്നെ ഇത് ഇവിടെ ഉണ്ടായിരുന്നു.
11 പോയ തലമുറയെക്കുറിച്ച് ആരും ഓർക്കുന്നില്ല,
വരാനിരിക്കുന്ന തലമുറയെ,
അവരുടെ പിന്നാലെ വരുന്നവരും
സ്മരിക്കുന്നില്ല.
ജ്ഞാനം അർഥശൂന്യം
12 സഭാപ്രസംഗിയായ ഞാൻ ജെറുശലേമിൽ ഇസ്രായേലിന്റെ രാജാവായിരുന്നു. 13 ആകാശത്തിനു കീഴിലുള്ള പ്രയത്നങ്ങളെല്ലാം പഠിക്കുന്നതിനും ജ്ഞാനത്തോടെ അപഗ്രഥിക്കുന്നതിനും ഞാൻ ബദ്ധശ്രദ്ധനായിരുന്നു. മാനവരാശിയുടെമേൽ ദൈവം എത്ര ഭീമയായ ഭാരമാണ് വെച്ചിരിക്കുന്നത്! 14 സൂര്യനുകീഴിൽ നിറവേറ്റപ്പെടുന്ന എല്ലാം ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം അർഥശൂന്യമാണ്; കാറ്റിനുപിന്നാലെയുള്ള ഓട്ടമാണ്.
15 വളഞ്ഞതിനെ നേരേയാക്കാൻ സാധിക്കുകയില്ല;
ഇല്ലാത്തത് എണ്ണിത്തിട്ടപ്പെടുത്താനും കഴിയുകയില്ല.

16 ഞാൻ എന്നോടുതന്നെ പറഞ്ഞു: “നോക്കൂ, എനിക്കുമുമ്പേ ജെറുശലേമിൽ ഭരണം നടത്തിയ മറ്റാരെക്കാളും അധികം ജ്ഞാനത്തിൽ ഞാൻ മുന്നേറിയിരിക്കുന്നു. അവരെക്കാളധികം ജ്ഞാനവും പരിജ്ഞാനവും എന്റെ ഹൃദയം സമ്പാദിച്ചിരിക്കുന്നു.” 17 പിന്നെ ഞാൻ ജ്ഞാനം ഗ്രഹിക്കാൻ ബദ്ധശ്രദ്ധനായി, അതോടൊപ്പം മതിഭ്രമവും ഭോഷത്വവും. എന്നാൽ ഇതും കാറ്റിനുപിന്നാലെയുള്ള ഓട്ടമാണെന്ന് ഞാൻ പഠിച്ചു.

18 ജ്ഞാനം ഏറുന്നതോടെ ശോകവും ഏറുന്നു;
പരിജ്ഞാനത്തിന്റെ ആധിക്യം അധികവ്യഥയും നൽകുന്നു.

സഭാപ്രസംഗി 2 ->