4 നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പിൽനിന്ന് അവരെ ഓടിച്ചുകളഞ്ഞശേഷം, “എന്റെ നീതി നിമിത്തമാണ് ഈ ദേശം അവകാശമാക്കാൻ യഹോവ എന്നെ കൊണ്ടുവന്നത്” എന്നു നീ നിന്റെ ഹൃദയത്തിൽ പറയരുത്. അല്ല, ഈ ജനതകളുടെ ദുഷ്ടതനിമിത്തമാണ് യഹോവ അവരെ നിന്റെ മുമ്പിൽനിന്നും ഓടിച്ചുകളഞ്ഞത്. 5 നീ അവരുടെ ദേശം കൈവശമാക്കാൻ പോകുന്നത് നിന്റെ നീതിയോ ഹൃദയപരമാർഥതയോകൊണ്ടല്ല, പ്രത്യുത, ഈ ജനതകളുടെ ദുഷ്ടതനിമിത്തവും നിന്റെ പിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോട് യഹോവ ശപഥംചെയ്ത വചനം നിറവേറ്റേണ്ടതിനും ആകുന്നു നിങ്ങളുടെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നും ഓടിച്ചുകളയുന്നത്. 6 അതുകൊണ്ട് ആ നല്ലദേശം യഹോവയായ ദൈവം നിനക്ക് അവകാശമായി നൽകുന്നതു നിന്റെ നീതികൊണ്ടല്ലെന്ന് നീ അറിയണം; നീ ദുശ്ശാഠ്യമുള്ള ജനതയാണല്ലോ.
11 നാൽപ്പതുരാവും നാൽപ്പതുപകലും കഴിഞ്ഞശേഷമാണ് ഉടമ്പടിയുടെ ഫലകങ്ങളായ ആ രണ്ടു ശിലാഫലകങ്ങൾ യഹോവ എനിക്കു നൽകിയത്. 12 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “എഴുന്നേൽക്കുക, വേഗം ഇവിടെനിന്ന് ഇറങ്ങിച്ചെല്ലുക. നീ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ മലിനപ്പെടുത്തിയിരിക്കുന്നു. ഞാൻ അവരോടു കൽപ്പിച്ച വഴിയിൽനിന്ന് അതിവേഗം വ്യതിചലിച്ച് അവർക്കുവേണ്ടി ഒരു വിഗ്രഹം വാർത്തുണ്ടാക്കിയിരിക്കുന്നു.”
13 യഹോവ വീണ്ടും എന്നോട് അരുളിച്ചെയ്തു: “ഞാൻ ഈ ജനത്തെ ദുശ്ശാഠ്യക്കാരായി കണ്ടിരിക്കുന്നു! 14 എന്നെ വിടുക. അവരെ നശിപ്പിച്ച് ആകാശത്തിനുകീഴേനിന്ന് അവരുടെ നാമം ഞാൻ മായിച്ചുകളയും. അതിനുശേഷം നിന്നെ ഞാൻ അവരെക്കാൾ ശക്തിയും അസംഖ്യവുമായ ഒരു ജനതയാക്കും.”
15 അങ്ങനെ ഞാൻ തിരിഞ്ഞ് പർവതത്തിൽനിന്ന് ഇറങ്ങിവന്നു. അപ്പോൾ പർവതത്തിൽ തീ കത്തിക്കൊണ്ടിരുന്നു. ഉടമ്പടിയുടെ പലക രണ്ടും എന്റെ കൈകളിൽ ഉണ്ടായിരുന്നു. 16 ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി പാപംചെയ്ത്; നിങ്ങൾക്കുവേണ്ടി ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി. യഹോവ കൽപ്പിച്ച വഴിയിൽനിന്ന് എത്രവേഗത്തിലാണ് നിങ്ങൾ വ്യതിചലിച്ചുപോയിരിക്കുന്നത്. 17 അപ്പോൾ ഞാൻ നിങ്ങളുടെ കണ്മുമ്പിൽവെച്ച് ആ രണ്ടു ഫലകങ്ങളും എടുത്ത് എറിഞ്ഞു പൊട്ടിച്ചുകളഞ്ഞു.
18 പിന്നെ ഞാൻ ആദ്യം ചെയ്തതുപോലെ നാൽപ്പതുരാവും നാൽപ്പതുപകലും യഹോവയുടെ സന്നിധിയിൽ സാഷ്ടാംഗം വീണുകിടന്നു. യഹോവയെ പ്രകോപിപ്പിക്കാൻ തക്കവിധം നിങ്ങൾ അവിടത്തെ ദൃഷ്ടിയിൽ തിന്മയായി ചെയ്ത സകലപാപങ്ങളും ഹേതുവായി ഞാൻ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല. 19 യഹോവ നിങ്ങളെ നശിപ്പിക്കുംവിധം നിങ്ങളുടെനേരേ യഹോവയ്ക്കുണ്ടായ കോപവും ക്രോധവും എന്നെ ഭയപ്പെടുത്തി. എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു. 20 അഹരോനെ നശിപ്പിക്കുംവിധം യഹോവ അവനോടും വളരെയധികം കോപിച്ചു. അപ്പോൾ ഞാൻ അവനുവേണ്ടിയും അപേക്ഷിച്ചു. 21 നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കിടാവിനെ ഞാൻ എടുത്ത് തീയിൽ ഇട്ടു ചുട്ടുകളഞ്ഞു. അത് അരച്ചു നേരിയ പൊടിയാക്കി. തുടർന്ന് ആ പൊടി പർവതത്തിൽനിന്നും ഒഴുകിവരുന്ന അരുവിയിൽ എറിഞ്ഞു.
22 തബേരയിലും മസ്സായിലും കിബ്രോത്ത്-ഹത്താവയിലുംവെച്ച് നിങ്ങൾ യഹോവയെ പ്രകോപിപ്പിച്ചു.
23 “ഞാൻ നിങ്ങൾക്കു നൽകിയ ദേശം പോയി കൈവശമാക്കുക,” എന്നു കൽപ്പിച്ച്, യഹോവ നിങ്ങളെ കാദേശ്-ബർന്നേയയിൽനിന്ന് അയച്ചപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനയോടു മത്സരിച്ചു. അവിടത്തെ വിശ്വസിക്കുകയോ അവിടത്തെ വചനം പ്രമാണിക്കുകയോ ചെയ്തില്ല. 24 ഞാൻ നിങ്ങളെ അറിഞ്ഞ ദിവസംമുതൽ നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.