7 അതിനുശേഷം മോശ യോശുവയെ വിളിച്ചുവരുത്തി എല്ലാ ഇസ്രായേലിന്റെയും സാന്നിധ്യത്തിൽ അവനോടു പറഞ്ഞു: “ബലവും ധൈര്യവും ഉള്ളവനായിരിക്കുക. അവരുടെ പിതാക്കന്മാർക്കു നൽകുമെന്ന് യഹോവ ശപഥംചെയ്ത ദേശത്തേക്ക് നീ ഈ ജനത്തോടുകൂടെ പോകണം; അവരുടെ അവകാശമായി അവർക്ക് അതു വിഭാഗിച്ചു നൽകണം. 8 യഹോവതന്നെ നിനക്കുമുമ്പായി പുറപ്പെടും, അവിടന്ന് നിന്നോടുകൂടെ ഇരിക്കും. അവിടന്ന് നിന്നെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല. ഭയപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്.”
15 അതിനുശേഷം യഹോവ കൂടാരത്തിൽ മേഘസ്തംഭത്തിൽ പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നിലകൊണ്ടു. 16 യഹോവ മോശയോടു കൽപ്പിച്ചു: “നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കാൻപോകുന്നു. ഈ ജനത വേഗത്തിൽ അവർ പ്രവേശിക്കുന്ന ദേശത്ത് അന്യദേവന്മാരുമായി പരസംഗം ചെയ്യും. അവർ എന്നെ ഉപേക്ഷിക്കുകയും ഞാൻ അവരോടു ചെയ്ത ഉടമ്പടി ലംഘിക്കുകയും ചെയ്യും. 17 അന്ന് ഞാൻ അവരോടു കോപിച്ച് അവരെ ഉപേക്ഷിച്ചുകളയും. ഞാൻ എന്റെ മുഖം അവരിൽനിന്നും മറയ്ക്കും, അവർ നശിച്ചുപോകും. അനവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരും. ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടല്ലേ ഈ അത്യാഹിതം നമുക്കു വന്നത്?’ എന്ന് ആ ദിവസം അവർ ചോദിക്കും. 18 അവർ അന്യദേവന്മാരിലേക്കു പിന്തിരിഞ്ഞ് ചെയ്ത സകലദുഷ്ടതകളുംനിമിത്തം ആ ദിവസം ഞാൻ എന്റെ മുഖം അവരിൽനിന്നും നിശ്ചയമായും മറയ്ക്കും.
19 “ഇപ്പോൾ നീ തന്നെ ഈ ഗീതം എഴുതി ഇസ്രായേൽമക്കളെ പഠിപ്പിക്കുക. ഇസ്രായേൽജനം ഈ ഗീതം ആലപിക്കട്ടെ. അങ്ങനെ ഈ ഗീതം ഇസ്രായേൽമക്കൾക്കെതിരേ എനിക്കുള്ള ഒരു സാക്ഷ്യമായിരിക്കും. 20 ഞാൻ അവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ശപഥത്താൽ വാഗ്ദാനംചെയ്ത പാലും തേനും ഒഴുകുന്ന ദേശത്ത് ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ ഭക്ഷിച്ചു തൃപ്തരായി ചീർത്തിരിക്കുമ്പോൾ അവർ അന്യദേവന്മാരിലേക്കു തിരിഞ്ഞ് അവയെ ആരാധിക്കുകയും എന്നോടുള്ള ഉടമ്പടി ലംഘിച്ച് എന്നെ ഉപേക്ഷിക്കുകയും ചെയ്യും. 21 നിരവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരുമ്പോൾ ഈ ഗീതം അവർക്കെതിരേ സാക്ഷ്യമായിരിക്കും. കാരണം അവരുടെ സന്തതികൾ ഇതു മറന്നുപോകുകയില്ല. ഞാൻ അവർക്കു നൽകുമെന്ന് ശപഥംചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവരുന്നതിനു മുമ്പുതന്നെ അവർ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കാര്യങ്ങൾ ഞാൻ അറിഞ്ഞിരിക്കുന്നു.” 22 അങ്ങനെ മോശ ആ ദിവസംതന്നെ ഈ ഗീതം എഴുതി ഇസ്രായേല്യരെ പഠിപ്പിച്ചു.
23 യഹോവ നൂന്റെ മകനായ യോശുവയ്ക്ക് ഈ കൽപ്പന നൽകി: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക. ഞാൻ ഇസ്രായേൽജനത്തോട്, അവർക്കു നൽകുമെന്നു വാഗ്ദാനംചെയ്ത ദേശത്ത് നീ അവരെ എത്തിക്കും. ഞാൻ നിന്നോടുകൂടെ ഇരിക്കും.”
24 മോശ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങൾ ആദ്യവസാനം ഒരു പുസ്തകത്തിൽ എഴുതിത്തീർന്നശേഷം 25 യഹോവയുടെ ഉടമ്പടിയുടെ പേടകം വഹിക്കുന്ന ലേവ്യരോട് മോശെ ഇങ്ങനെ കൽപ്പിച്ചു: 26 “ഈ ന്യായപ്രമാണഗ്രന്ഥം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനു സമീപം വെക്കുക. അത് അവിടെ നിനക്കെതിരേ സാക്ഷ്യമായിരിക്കും. 27 നിങ്ങൾ എത്ര മൽസരികളും ദുശ്ശാഠ്യമുള്ളവരും ആണെന്ന് എനിക്കറിയാം. ഞാൻ നിങ്ങളോടുകൂടെ ജീവിച്ചിരിക്കുമ്പോൾത്തന്നെ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നെങ്കിൽ എന്റെ മരണശേഷം അത് എത്ര അധികം! 28 നിങ്ങളുടെ സകലഗോത്രങ്ങളിലെയും നേതാക്കന്മാരെയും ഉദ്യോഗസ്ഥരെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുക. ഞാൻ ഈ വചനങ്ങൾ അവർ കേൾക്കേണ്ടതിനു പ്രസ്താവിക്കും, അവർക്കുനേരേ സാക്ഷിയായി ആകാശത്തെയും ഭൂമിയെയും വിളിക്കും. 29 എന്റെ മരണശേഷം, നിങ്ങൾ ഉറപ്പായും വഷളത്തം പ്രവർത്തിക്കുകയും ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ള വഴി വിട്ടുമാറുകയും ചെയ്യുമെന്ന് എനിക്കറിയാം. നിങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ച് നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് അവിടത്തെ കോപിപ്പിക്കുന്നതുകൊണ്ട് ഭാവിയിൽ അത്യാഹിതം നിങ്ങളുടെമേൽ വരും.”