9 മോശയും ലേവ്യരായ പുരോഹിതന്മാരും എല്ലാ ഇസ്രായേൽജനത്തോടും ഇപ്രകാരം പറഞ്ഞു: “ഇസ്രായേലേ, നിശ്ശബ്ദരായിരുന്നു ശ്രവിക്കുക, ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ ജനമായിത്തീർന്നിരിക്കുന്നു. 10 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനങ്ങൾ അനുസരിക്കുകയും ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന അവിടത്തെ സകലനിയമങ്ങളും ഉത്തരവുകളും പ്രമാണിക്കുകയും വേണം.”
11 ആ ദിവസം മോശ വീണ്ടും ജനത്തോടു കൽപ്പിച്ചു:
12 നിങ്ങൾ യോർദാൻനദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കാൻ ഗെരിസീം പർവതത്തിൽ നിൽക്കേണ്ട ഗോത്രങ്ങൾ ഇവരാണ്: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ. 13 ശാപം ഉച്ചരിക്കാൻ ഏബാൽപർവതത്തിൽ നിൽക്കേണ്ട ഗോത്രങ്ങൾ ഇവരാണ്: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.
14 ലേവ്യർ എല്ലാ ഇസ്രായേല്യരോടും ഇപ്രകാരം ഉറക്കെ വിളിച്ചുപറയണം:
15 “ശില്പിയുടെ കരകൗശലമായി യഹോവയ്ക്ക് വെറുപ്പുള്ള പ്രതിമ കൊത്തിയുണ്ടാക്കുകയോ വിഗ്രഹം വാർത്തുണ്ടാക്കുകയോ ചെയ്ത് അവയെ രഹസ്യമായി പ്രതിഷ്ഠിക്കുന്നവർ ശപിക്കപ്പെട്ടവർ.”
16 “പിതാവിനെയോ മാതാവിനെയോ ബഹുമാനിക്കാത്തവർ ശപിക്കപ്പെട്ടവർ.”
17 “അയൽവാസിയുടെ അതിർത്തിക്കല്ലു നീക്കുന്നവർ ശപിക്കപ്പെട്ടവർ.”
18 “അന്ധരെ വഴിതെറ്റിക്കുന്നവർ ശപിക്കപ്പെട്ടവർ.”
19 “പ്രവാസികളുടെയും അനാഥരുടെയും വിധവയുടെയും ന്യായം മറച്ചുകളയുന്നവർ ശപിക്കപ്പെട്ടവർ.”
20 “പിതാവിന്റെ ഭാര്യയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ, പിതാവിന്റെ കിടക്ക മലിനപ്പെടുത്തിയതുകൊണ്ട് ശപിക്കപ്പെട്ടവർ.”
21 “ഏതെങ്കിലും മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.”
22 “പിതാവിന്റെ മകളോ മാതാവിന്റെ മകളോ ആയ തന്റെ സഹോദരിയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.”
23 “അമ്മായിയമ്മയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.”
24 “അയൽവാസിയെ രഹസ്യമായി കൊല്ലുന്നവർ ശപിക്കപ്പെട്ടവർ”
25 “നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലുന്നതിനു കൈക്കൂലി വാങ്ങുന്നവർ ശപിക്കപ്പെട്ടവർ.”
26 “ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണിച്ച് അനുസരിക്കാത്തവർ ശപിക്കപ്പെട്ടവർ.”