5 വിവാഹംകഴിഞ്ഞ ഉടൻ ഒരു പുരുഷനെ യുദ്ധത്തിന് അയയ്ക്കുകയോ അവന്റെമേൽ മറ്റ് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയോ ചെയ്യരുത്. അവൻ ഒരുവർഷം സ്വതന്ത്രനായി വീട്ടിൽ താമസിച്ച് താൻ വിവാഹംകഴിച്ച ഭാര്യയെ സന്തുഷ്ടയാക്കണം.
6 തിരികല്ലോ അതിന്റെ മേൽക്കല്ലോ പണയമായി വാങ്ങരുത്. അതുമൂലം ഒരുവന്റെ ഉപജീവനമാണ് പണയമായി വാങ്ങുന്നത്.
7 ആരെങ്കിലും തന്റെ സഹയിസ്രായേല്യരിൽ ഒരാളെ തട്ടിക്കൊണ്ടുപോയി അയാളോട് അടിമയോടെന്നപോലെ പെരുമാറുകയോ അയാളെ വിൽക്കുകയോ ചെയ്താൽ തട്ടിക്കൊണ്ടുപോയ വ്യക്തി മരിക്കണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.
8 കുഷ്ഠംപോലുള്ള[a] രോഗം ബാധിച്ചവരുടെ കാര്യത്തിൽ ലേവ്യരായ പുരോഹിതന്മാർ നിങ്ങളോടു നിർദേശിച്ചിട്ടുള്ളതു കൃത്യമായി ചെയ്യാൻ ജാഗ്രത കാണിക്കണം. ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ളതെല്ലാം ജാഗ്രതയോടെ നിങ്ങൾ ചെയ്യണം. 9 നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം വഴിയിൽവെച്ച് നിന്റെ ദൈവമായ യഹോവ മിര്യാമിനോടു ചെയ്തത് ഓർക്കണം.
10 നീ അയൽവാസിക്ക് എന്തെങ്കിലും വായ്പ കൊടുക്കുമ്പോൾ അയാൾ നിനക്കു നൽകാമെന്നു സമ്മതിച്ച പണയം വാങ്ങാൻ നീ ആ മനുഷ്യന്റെ വീടിനുള്ളിൽ പോകരുത്. 11 നീ പുറത്തു നിൽക്കുക, വായ്പ വാങ്ങുന്നവ്യക്തി പണയം നിന്റെ അടുക്കൽ പുറത്തുകൊണ്ടുവരണം. 12 അയൽവാസി ദരിദ്രനെങ്കിൽ അയാളുടെ പണയവസ്തുവായ കുപ്പായംകൊണ്ട് നീ ഉറങ്ങരുത്. 13 അയാൾക്കു തന്റെ പുറങ്കുപ്പായം പുതച്ച് ഉറങ്ങേണ്ടതിനു സൂര്യൻ അസ്തമിക്കുമ്പോൾ അയാളുടെ കുപ്പായം നീ തിരികെ നൽകണം. അപ്പോൾ അവർ നിന്നോടു നന്ദിയുള്ളവരായിരിക്കും. നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ അത് ഒരു നീതിപ്രവൃത്തിയായിരിക്കും.
14 ഇസ്രായേല്യരായ നിന്റെ സഹോദരന്മാരുടെ കൂട്ടത്തിലോ നിന്റെ നഗരത്തിൽ പാർക്കുന്ന പ്രവാസികളുടെ കൂട്ടത്തിലോ ഉള്ള ദരിദ്രരും ബുദ്ധിമുട്ടുള്ളവരുമായ കൂലിക്കാരെ പീഡിപ്പിക്കരുത്. 15 അവർ ദരിദ്രരും കൂലി ആശ്രയിച്ചു കഴിയുന്നവരുമാകുകയാൽ അവരുടെ കൂലി ഓരോ ദിവസവും സൂര്യൻ അസ്തമിക്കുന്നതിനുമുമ്പു നൽകണം. അല്ലെങ്കിൽ അവർ യഹോവയോടു നിനക്കു വിരോധമായി നിലവിളിക്കും, അതിൽ നീ കുറ്റക്കാരനായിത്തീരും.
16 മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം.
17 പ്രവാസിക്കും അനാഥർക്കും നീതി നിഷേധിക്കരുത്. വിധവയുടെ പുറങ്കുപ്പായം പണയമായി എടുക്കരുത്. 18 നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നും നിന്നെ നിന്റെ ദൈവമായ യഹോവ അവിടെനിന്ന് വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.
19 നിന്റെ വയൽ കൊയ്യുമ്പോൾ ഒരു കറ്റ വയലിൽ മറന്നുപോയാൽ അതെടുക്കാൻ തിരികെപ്പോകരുത്. നിന്റെ കൈകളുടെ എല്ലാ പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, അതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമായി ഉപേക്ഷിക്കണം. 20 നീ ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ രണ്ടാംതവണയും കൊമ്പുകൾ തപ്പിപ്പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. 21 നിന്റെ മുന്തിരിത്തോപ്പിൽനിന്ന് മുന്തിരിപ്പഴം ശേഖരിക്കുമ്പോൾ രണ്ടാമതും പോയി തീർത്തു പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്. 22 നിങ്ങൾ ഈജിപ്റ്റിൽ അടിമകളായിരുന്നു എന്ന് ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.
<- ആവർത്തനം 23ആവർത്തനം 25 ->- a ത്വക്കിനെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്ക് കുഷ്ഠം എന്നതിനുപയോഗിക്കുന്ന എബ്രായപദം ഉപയോഗിച്ചിരുന്നു.