6-7 നിങ്ങളുടെ ദേശത്തിന്റെ ഒരു അതിർമുതൽ മറ്റേ അതിരുവരെ അടുത്തോ അകലെയോ ഉള്ളതും, നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തതുമായ ചുറ്റുപാടുള്ള “ജനതകളുടെ ദേവന്മാരെ നാം ചെന്ന് ആരാധിക്ക,” എന്നു നിന്റെ സ്വന്തം സഹോദരനോ മകനോ മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ ഉറ്റസുഹൃത്തോ രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിച്ചാൽ 8 നീ അതിനു വഴങ്ങുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്യരുത്. അങ്ങനെയുള്ളവരോടു നിങ്ങൾക്കു കരുണ തോന്നരുത്. അവരെ വെറുതേവിടുകയോ സംരക്ഷിക്കുകയോ ചെയ്യരുത്. 9 അങ്ങനെയുള്ളവരെ നിശ്ചയമായും നീ കൊന്നുകളയണം. അയാളെ കൊല്ലുന്നതിന് ആദ്യം നിന്റെ കരം ഉയരണം, പിന്നെ ജനമെല്ലാം കരം ഉയർത്തണം. 10 അടിമനാടായ ഈജിപ്റ്റിൽനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയിൽനിന്ന് നിന്നെ വ്യതിചലിപ്പിക്കാൻ അവർ ശ്രമിച്ചതുകൊണ്ട് അവരെ കല്ലെറിഞ്ഞുകൊല്ലണം. 11 അങ്ങനെ എല്ലാ ഇസ്രായേലും ഇതു കേട്ട് ഭയപ്പെടേണ്ടതിനും നിങ്ങൾക്കിടയിൽ ഇനിയാരും ഈ തിന്മ പ്രവർത്തിക്കാതിരിക്കേണ്ടതിനുമാണ് ഇത്.
12 നിന്റെ ദൈവമായ യഹോവ നിനക്കു പാർക്കാൻ നൽകുന്ന നഗരങ്ങളിലൊന്നിൽ 13 ദുഷ്ടത പ്രവർത്തിക്കുന്നവർ എഴുന്നേറ്റ്, “അന്യദേവന്മാരെ നമുക്കു സേവിക്കാം” എന്നു നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെക്കുറിച്ച് പറഞ്ഞ് നഗരവാസികളെ വശീകരിക്കുന്നു എന്നു കേട്ടാൽ 14 നീ അതേപ്പറ്റി വിശദമായി അന്വേഷിക്കുകയും പരിശോധിച്ച് നല്ലവണ്ണം വിസ്തരിക്കുകയും വേണം. അങ്ങനെയുള്ള ഒരു ദുഷ്ടത നിങ്ങളുടെ ഇടയിൽ ഉണ്ടായി എന്ന വസ്തുത സത്യമെന്നു തെളിയിക്കപ്പെട്ടാൽ 15 ആ നഗരവാസികളെ നീ നിശ്ചയമായും വാളിന് ഏൽപ്പിക്കണം. അതിലെ സകലജനത്തെയും കന്നുകാലികളെയും പൂർണമായി നശിപ്പിക്കണം. 16 അതിലുള്ള കൊള്ളവസ്തുക്കൾ നഗരത്തിലെ പൊതുസ്ഥലത്തു കൂട്ടിയിട്ട് നഗരവും അതിലെ കൊള്ളവസ്തുക്കളും നിന്റെ ദൈവമായ യഹോവയ്ക്കു ഹോമയാഗമായി ചുട്ടുകളയണം. അത് എന്നും നാശകൂമ്പാരമായി കിടക്കണം. പിന്നെ അതു പുനർനിർമിക്കുകയും അരുത്. 17 ശപഥാർപ്പിതമായ ഒരു വസ്തുപോലും നീ സ്വന്തമാക്കരുത്. അപ്പോൾ യഹോവ തന്റെ കഠിനകോപത്തിൽനിന്നു പിന്മാറി നിന്നോടു കരുണയും ദയയും കാണിക്കുകയും നിന്റെ പിതാക്കന്മാരോടു വാഗ്ദാനംചെയ്ത സത്യമനുസരിച്ചു നിന്നെ വർധിപ്പിക്കുകയും ചെയ്യും. 18 ആകയാൽ, നിന്റെ ദൈവമായ യഹോവയെ അനുസരിച്ച് ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന അവിടത്തെ കൽപ്പനകൾ എല്ലാം പാലിച്ച് നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു പ്രവർത്തിക്കണം.
<- ആവർത്തനം 12ആവർത്തനം 14 ->