Link to home pageLanguagesLink to all Bible versions on this site

1 നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും എന്നെ അഭിമുഖമായി കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി ഞാൻ എത്രയധികം പോരാടുന്നുണ്ടെന്ന് നിങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. 2 സർവ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും നിധികൾ മറഞ്ഞിരിക്കുന്ന ദൈവരഹസ്യമായ ക്രിസ്തുവിനെക്കുറിച്ച് അവർക്ക് അറിയാൻ കഴിയേണ്ടതിന് പരിജ്ഞാനത്തിന്റെ പരിപൂർണനിശ്ചയം സമൃദ്ധമായി ലഭിക്കാൻ, അവർ ഹൃദയത്തിൽ ഉത്സാഹമുള്ളവരും സ്നേഹത്തിൽ ഏകീഭവിച്ചവരും ആകണം എന്നാണ് ഞാൻ അഭിലഷിക്കുന്നത്. 3 കാരണം, എല്ലാ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നു. 4 പ്രലോഭനവാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാനാണ് ഞാൻ ഇതു പറയുന്നത്. 5 ശാരീരികമായി അകലെയാണെങ്കിലും മനസ്സുകൊണ്ട് ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഇപ്രകാരം നിങ്ങളുടെ ചിട്ടയായ ജീവിതവും ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ട് ഞാൻ ആനന്ദിക്കുന്നു.

ക്രിസ്തുവിലുള്ള പൂർണജീവിതം
6 ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി സ്വീകരിച്ചിരിക്കുന്നതിനാൽ അവിടത്തോടുള്ള കൂട്ടായ്മയിൽ ജീവിക്കുക. 7 ക്രിസ്തുവിൽ നിങ്ങളുടെ വേരുകൾ ആഴത്തിൽ ഇറങ്ങിച്ചെല്ലട്ടെ; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലായിരിക്കട്ടെ നിങ്ങളുടെ ജീവിതം പണിതുയർത്തുന്നത്. നിങ്ങളെ ഉപദേശിച്ചിട്ടുള്ളതുപോലെ വിശ്വാസത്തിൽ ഉറച്ചുകൊണ്ട് നിങ്ങളിൽ സ്തോത്രം നിറഞ്ഞുകവിയട്ടെ.

8 തത്ത്വജ്ഞാനവും അർഥശൂന്യവും വഞ്ചന നിറഞ്ഞതുമായ മാനുഷികപാരമ്പര്യങ്ങളുംകൊണ്ട് ആരും നിങ്ങളെ അടിമപ്പെടുത്താതിരിക്കാൻ സൂക്ഷിക്കുക. അവ ക്രിസ്തുവിനല്ല അനുരൂപമായിരിക്കുന്നത്, മറിച്ച് ലോകത്തിന്റെ ആദ്യപാഠങ്ങൾക്കാണ്.[a]

9 ക്രിസ്തുവിലല്ലയോ സർവദൈവികസത്തയും ഒരു മനുഷ്യശരീരമായി വസിക്കുന്നത്; 10 എല്ലാ ഭരണത്തിനും അധികാരത്തിനും ശിരസ്സായ ക്രിസ്തുവിൽ നിങ്ങൾ പൂർണത പ്രാപിക്കുകയുംചെയ്തിരിക്കുന്നു. 11 നിങ്ങൾ ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ നിങ്ങളുടെ ജന്മനാലുള്ള പാപസ്വഭാവത്തെ നീക്കംചെയ്യുന്ന ഒരു ആത്മികപരിച്ഛേദനം നിങ്ങൾക്കു ലഭിച്ചിരിക്കുന്നു. ഇത് ഒരു ശാരീരികപ്രക്രിയ അല്ല. 12 നിങ്ങൾ ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെടുകയും ക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസത്താൽ, ക്രിസ്തുവിനോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ചെയ്തു എന്നതാണ് സ്നാനത്താൽ പ്രകടമാക്കുന്നത്.

13 അതിക്രമങ്ങളിലും പരിച്ഛേദനം ഏൽക്കാത്ത പാപപ്രകൃതിയിലും മരിച്ചവരായിരുന്ന നിങ്ങളെ[b] ദൈവം ക്രിസ്തുവിനോടുകൂടെ ജീവനുള്ളവരാക്കി. അതിക്രമങ്ങളെല്ലാം നമ്മോടു ക്ഷമിച്ചു; 14 അനുഷ്ഠാനങ്ങളുടെ ലംഘനത്താൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന ലിഖിതങ്ങളെ അവിടന്ന് മായിച്ചുകളയുകയും ക്രൂശിൽ തറച്ചു നമ്മുടെ മധ്യത്തിൽനിന്ന് നീക്കിക്കളയുകയും ചെയ്തു. 15 അവിടന്ന് ഭരണങ്ങളെയും അധികാരങ്ങളെയും നിരായുധരാക്കി ക്രൂശിൽ അവയുടെമേൽ ജയോത്സവം കൊണ്ടാടി; അവയെ പരസ്യമായ പ്രദർശനമാക്കി.

മാനുഷികവ്യവസ്ഥയിൽനിന്നുള്ള മോചനം
16 അതുകൊണ്ട് ഭക്ഷണപാനീയങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, അമാവാസി, ശബ്ബത്ത്[c] എന്നിവയുടെ ആചരണം സംബന്ധിച്ചോ ആരും നിങ്ങളെ വിധിക്കാൻ ഇടയാകരുത്. 17 ഇവ വരാനിരുന്നവയുടെ പ്രതിരൂപംമാത്രമാണ്; എന്നാൽ യാഥാർഥ്യം ക്രിസ്തുവാണ്. 18 സ്വന്തദർശനങ്ങളിൽ ആശ്രയിച്ച്, ജഡത്തിൽ ദുരഭിമാനംപൂണ്ട്, ശിരസ്സായവനിൽ മുറുകെ പിടിക്കാതെ കപടവിനയത്തിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിക്കുന്ന ഒരാളും നിങ്ങളെ പ്രതിഫലം നേടുന്നതിൽനിന്ന് അയോഗ്യരാക്കരുത്. 19 ശിരസ്സായ ക്രിസ്തുവിൽനിന്നാണല്ലോ ശരീരംമുഴുവനും സന്ധിബന്ധങ്ങളാലും നാഡീഞരമ്പുകളാലും ഏകീഭവിച്ചും പോഷണം സ്വീകരിച്ചും ദൈവത്തിൽനിന്നുള്ള വളർച്ച പ്രാപിക്കുന്നത്.

20 നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഈ ലോകത്തിന്റെ പ്രാഥമികപ്രമാണങ്ങൾക്കു മരിച്ചുവെങ്കിൽ,[d] എന്തുകൊണ്ട് ലൗകികരെപ്പോലെ ജീവിച്ചുകൊണ്ട്, 21 “തൊടരുത്! രുചിക്കരുത്! പിടിക്കരുത്!” എന്നിങ്ങനെയുള്ള ചട്ടങ്ങൾക്ക് ഇപ്പോഴും കീഴ്പ്പെടുന്നു. 22 ഇവയെല്ലാം മാനുഷികകൽപ്പനകളെയും ഉപദേശങ്ങളെയും ആശ്രയിച്ചുള്ളവയും ഉപയോഗത്താൽ നശിച്ചുപോകുന്നവയുമാണ്. 23 സ്വനിർമിതങ്ങളായ ആചാരങ്ങളും കപടവിനയം, ശരീരപീഡനം എന്നിവയും പ്രത്യക്ഷത്തിൽ മഹാജ്ഞാനമായി തോന്നിയേക്കാം. എന്നാൽ, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്നതിന് ഇവയൊന്നും പര്യാപ്തമല്ല.

<- കൊലോസ്യർ 1കൊലോസ്യർ 3 ->