Link to home pageLanguagesLink to all Bible versions on this site
3
ഇസ്രായേലിനെതിരേ സാക്ഷികളെ ക്ഷണിക്കുന്നു
1 ഇസ്രായേൽജനമേ, നിനക്കെതിരേയും ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന സർവ കുടുംബത്തിനെതിരേയുമുള്ള യഹോവയുടെ അരുളപ്പാടു ശ്രദ്ധിക്കുക:
2 “ഭൂമിയിലെ സകലകുടുംബങ്ങളിലുംവെച്ചു
ഞാൻ നിന്നെമാത്രമേ തെരഞ്ഞെടുത്തിട്ടുള്ളൂ;
അതുകൊണ്ടു നിന്റെ സകലപാപങ്ങൾക്കും
ഞാൻ നിന്നെ ശിക്ഷിക്കും.”
 
3 തമ്മിൽ യോജിച്ചിട്ടല്ലാതെ,
രണ്ടുപേർ ഒരുമിച്ചു നടക്കുമോ?
4 ഇരയില്ലാതിരിക്കുമ്പോൾ
സിംഹം കാട്ടിൽ അലറുമോ?
ഒന്നും പിടിക്കാതിരിക്കുമ്പോൾ
അതു ഗുഹയിൽ മുരളുമോ?
5 കുടുക്കില്ലാതിരുന്നാൽ
പക്ഷി നിലത്തെ കെണിയിൽ വീഴുമോ?
എന്തെങ്കിലും അകപ്പെടാതെ
കെണി നിലത്തുനിന്നു പൊങ്ങുമോ?
6 പട്ടണത്തിൽ കാഹളം ധ്വനിക്കുമ്പോൾ
ജനം വിറയ്ക്കുകയില്ലയോ?
യഹോവ വരുത്തീട്ടല്ലാതെ
ഒരു പട്ടണത്തിൽ അനർഥം വരുമോ?
 
7 തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു
താൻ ചെയ്യാനിരിക്കുന്നതു വെളിപ്പെടുത്താതെ
കർത്താവായ യഹോവ ഒന്നും ചെയ്യുകയില്ല.
 
8 സിംഹം ഗർജിച്ചിരിക്കുന്നു,
ആരെങ്കിലും ഭയപ്പെടാതിരിക്കുമോ?
കർത്താവായ യഹോവ അരുളിച്ചെയ്തിരിക്കുന്നു,
ആര് പ്രവചിക്കാതിരിക്കും?
 
9 അശ്ദോദിലെയും ഈജിപ്റ്റിലെയും
കോട്ടകളിൽ വിളംബരംചെയ്യുക:
“ശമര്യാപർവതങ്ങളിൽ കൂടിവരിക;
അവളുടെ വലിയ അസ്വസ്ഥതയും
അവളുടെ ജനത്തിന്റെ പീഡയും നേരിൽ കാണുക.
 
10 “തങ്ങളുടെ കോട്ടകളിൽ കൊള്ളയും അന്യായമുതലും
ശേഖരിച്ചുവെച്ചിരിക്കുന്ന അവർക്ക്
ന്യായം പ്രവർത്തിക്കാൻ അറിഞ്ഞുകൂടാ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

11 അതുകൊണ്ടു, കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഒരു ശത്രു നിങ്ങളുടെ ദേശം കീഴടക്കും,
അവൻ നിങ്ങളുടെ സുരക്ഷിതസ്ഥാനങ്ങൾ തകർക്കും
നിങ്ങളുടെ കോട്ടകൾ കൊള്ളയടിക്കും.”

12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഒരു ഇടയൻ, സിംഹത്തിന്റെ വായിൽനിന്ന്
രണ്ടു കാലിന്റെ എല്ലുകളോ കാതിന്റെ ഒരു കഷണമോ വലിച്ചെടുക്കുന്നതുപോലെ,
ശമര്യയിൽ കിടക്കയുടെ അറ്റത്തും
ദമസ്കോസിൽ കട്ടിലുകളിലും
ഇരിക്കുന്ന ഇസ്രായേൽജനം മോചിക്കപ്പെടും.”

13 “നിങ്ങൾ ഇതു കേട്ട് യാക്കോബ് ഗൃഹത്തിനെതിരേ സാക്ഷ്യം പറയുക,” എന്നു സൈന്യങ്ങളുടെ ദൈവം, യഹോവയായ കർത്താവുതന്നെ അരുളിച്ചെയ്യുന്നു.

14 “ഞാൻ ഇസ്രായേലിനെ അവളുടെ പാപങ്ങൾനിമിത്തം ശിക്ഷിക്കുമ്പോൾ,
ഞാൻ ബേഥേലിലെ ബലിപീഠങ്ങളെ നശിപ്പിക്കും;
ബലിപീഠത്തിന്റെ കൊമ്പുകൾ ഛേദിക്കപ്പെട്ടു
നിലത്തു വീഴും.
15 ഞാൻ വേനൽക്കാല വസതികളെയും
ശൈത്യകാല വസതികളെയും പൊളിച്ചുകളയും;
ദന്താലംകൃത മന്ദിരങ്ങളെയും ഞാൻ നശിപ്പിക്കും
ഞാൻ കൊട്ടാരങ്ങളെയും പൊളിച്ചുകളയും,”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.

<- ആമോസ് 2ആമോസ് 4 ->