5 എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഭക്തരായ യെഹൂദർ അപ്പോൾ ജെറുശലേമിൽ വന്നു താമസിക്കുന്നുണ്ടായിരുന്നു. 6 ഈ ശബ്ദംകേട്ട് ജനങ്ങൾ വന്നുകൂടി; വന്നുകൂടിയ ഓരോരുത്തരുടെയും മാതൃഭാഷയിലുള്ള സംസാരം കേട്ട് അവർ സംഭ്രാന്തരായി. 7 അത്ഭുതപരതന്ത്രരായ അവർ ആശ്ചര്യത്തോടെ ഇങ്ങനെ പരസ്പരം പറഞ്ഞു: “നോക്കൂ, ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലേ? 8 പിന്നെ നാം ഓരോരുത്തരും ജനിച്ച നമ്മുടെ സ്വന്തംഭാഷയിൽ ഇവർ സംസാരിച്ചുകേൾക്കുന്നതെങ്ങനെ? 9 പാർഥ്യരും മേദ്യരും ഏലാമ്യരും; മെസൊപ്പൊത്താമിയ, യെഹൂദ്യാ, കപ്പദോക്യ, 10 പൊന്തൊസ്, ഏഷ്യാപ്രവിശ്യ,[c] ഫ്രുഗ്യ, പംഫുല്യ, ഈജിപ്റ്റ്, കുറേനയ്ക്കു[d] സമീപമുള്ള ലിബ്യാപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജീവിക്കുന്നവരും; റോമിൽനിന്ന് വന്ന സന്ദർശകരായ യെഹൂദരും യെഹൂദാമതം സ്വീകരിച്ചവരും ക്രേത്തരും അറബികളും ആയ നാം 11 നമ്മുടെ ഭാഷകളിൽ ദൈവത്തിന്റെ അത്ഭുതകാര്യങ്ങൾ, ഇവർ പ്രസ്താവിക്കുന്നതു കേൾക്കുന്നു!” 12 എല്ലാവരും അത്ഭുതവും പരിഭ്രാന്തിയും നിറഞ്ഞവരായി “ഇത് എന്തായിരിക്കുമോ?” എന്നു പരസ്പരം ചോദിച്ചു.
13 എന്നാൽ മറ്റുചിലർ, “പുതുവീഞ്ഞിനാൽ ഇവർ ഉന്മത്തരായിരിക്കുന്നു” എന്നു പറഞ്ഞ് പരിഹസിച്ചു.
22 “ഇസ്രായേൽജനമേ, ഈ വാക്കുകൾ കേട്ടാലും: നസറെത്തുകാരനായ[h] യേശു, ദൈവം അദ്ദേഹത്തിലൂടെ നിങ്ങളുടെ മധ്യത്തിൽ ചെയ്ത വീര്യപ്രവൃത്തികളും അത്ഭുതങ്ങളും ചിഹ്നങ്ങളുംമുഖേന ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയ വ്യക്തി ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ. 23 ദൈവം തന്റെ നിശ്ചിതപദ്ധതിയാലും പൂർവജ്ഞാനത്താലും അദ്ദേഹത്തെ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നു. എന്നാൽ യെഹൂദേതരരുടെ[i] സഹായത്തോടെ നിങ്ങൾ അദ്ദേഹത്തെ ക്രൂശിന്മേൽ തറച്ചുകൊന്നു. 24 എന്നാൽ, മരണത്തിന്റെ അതിതീവ്രവേദനയിൽ അടക്കിവെക്കാതെ അതിന്റെ ബന്ധനങ്ങളഴിച്ച് ദൈവം അദ്ദേഹത്തെ ഉയിർപ്പിച്ചു; മരണത്തിന് അദ്ദേഹത്തെ ബന്ധിതനാക്കിവെക്കുന്നത് അസാധ്യമായിരുന്നു. 25 ക്രിസ്തുവിനെക്കുറിച്ച് ദാവീദ് പറയുന്നത് ഇപ്രകാരമാണ്:
29 “സഹോദരങ്ങളേ, പൂർവപിതാവായ ദാവീദിനെക്കുറിച്ച്, അദ്ദേഹം മരിച്ചുവെന്നും അടക്കപ്പെട്ടുവെന്നും എനിക്ക് നിങ്ങളോട് ഉറപ്പായി പറയാൻകഴിയും; അദ്ദേഹത്തിന്റെ കല്ലറ ഇന്നുവരെ നമ്മുടെ മധ്യേ ഇവിടെ ഉണ്ടല്ലോ. 30 ദാവീദ് ഒരു പ്രവാചകൻ ആയിരുന്നു: തന്റെ സിംഹാസനത്തിൽ അദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരുവനെ ഇരുത്തുമെന്ന് ദൈവം അദ്ദേഹത്തോട് ആണയിട്ട് ശപഥംചെയ്ത കാര്യം ദാവീദിന് അറിയാമായിരുന്നു. 31 ‘അദ്ദേഹത്തെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അദ്ദേഹത്തിന്റെ ശരീരം ജീർണത കണ്ടതുമില്ല’ എന്നു ദാവീദ് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട് പ്രവചിച്ചു. 32 ഈ യേശുവിനെ ദൈവം ഉയിർപ്പിച്ചു; അതിനു ഞങ്ങളെല്ലാവരും സാക്ഷികളാകുന്നു. 33 അദ്ദേഹം ദൈവത്തിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടിട്ട്, പരിശുദ്ധാത്മാവ് എന്ന വാഗ്ദാനം പിതാവിൽനിന്ന് സ്വീകരിച്ച്, സമൃദ്ധമായി നൽകിയതാണ് നിങ്ങൾ ഈ കാണുകയും കേൾക്കുകയുംചെയ്യുന്നത്. 34 ദാവീദ് സ്വർഗാരോഹണം ചെയ്തില്ലല്ലോ! എങ്കിലും അദ്ദേഹം പറയുന്നതിങ്ങനെയാണ്:
36 “അതുകൊണ്ട്, നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചിരിക്കുന്നു എന്ന് ഇസ്രായേൽജനം മുഴുവനും നിസ്സന്ദേഹം അറിഞ്ഞുകൊള്ളട്ടെ.”
37 ഇതു കേട്ട ജനം ഹൃദയത്തിൽ മുറിവേറ്റവരായി പത്രോസിനോടും മറ്റ് അപ്പൊസ്തലന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു.
38 പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോരുത്തരും പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്കു മടങ്ങുകയും[m] യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുകയുംചെയ്യുക; അപ്പോൾ നിങ്ങളുടെ പാപങ്ങൾ മോചിക്കപ്പെടും, പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങൾക്കു ലഭിക്കും. 39 നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുത്തേക്കു വിളിക്കുന്ന എല്ലാവർക്കുംവേണ്ടി ഉള്ളതാണ് ഈ വാഗ്ദാനം—നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുംമാത്രമല്ല, വിദൂരസ്ഥരായ എല്ലാവർക്കുംകൂടിയാണ്.”
40 ഇതുമാത്രമല്ല, മറ്റനേകം വാക്കുകളിലൂടെ പത്രോസ് അവർക്കു സാക്ഷ്യം നൽകുകയും “വക്രതയുള്ള ഈ തലമുറയിൽനിന്നു രക്ഷിക്കപ്പെടുക,” എന്നു പ്രബോധിപ്പിക്കുകയും ചെയ്തു. 41 അദ്ദേഹത്തിന്റെ സന്ദേശം അംഗീകരിച്ചവർ സ്നാനം സ്വീകരിച്ചു. അന്നു മൂവായിരത്തോളംപേർ അവരോടു ചേർന്നു.
- a പെസഹാപ്പെരുന്നാളിന്, അതായത്, യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിന് അൻപതാമത്തെ ദിവസമാണ് പെന്തക്കൊസ്ത് എന്ന ഉത്സവം. ആഴ്ചകളുടെ പെരുന്നാൾ അഥവാ, വാരോത്സവം, എന്നു വിളിക്കപ്പെട്ട ഇതു പിന്നീട് പെന്തക്കൊസ്ത് ഉത്സവം എന്നു വിളിക്കപ്പെട്ടു. പുറ. 34:22;ലേവ്യ. 23:15-22 കാണുക. ഇന്ന് ഇത് ഷാവുആത് അഥവാ, ഷബുഒത് എന്നപേരിൽ അറിയപ്പെടുന്നു.
- b മൂ.ഭാ. നിറഞ്ഞവരായി
- c ആധുനിക തുർക്കിയുടെ പശ്ചിമഭാഗത്തുള്ള ചില പട്ടണങ്ങൾ ഉൾപ്പെടുന്നതാണ് പുരാതന റോമൻ സാമ്രാജ്യത്തിലെ ഏഷ്യാപ്രവിശ്യ അഥവാ, സംസ്ഥാനം.
- d ആഫ്രിക്കയുടെ വടക്കൻതീരത്തുള്ള ഒരു ഗ്രാമം.
- e മൂ.ഭാ. മൂന്നാംമണി
- f ഇത് യെഹൂദരുടെ പ്രാർഥനാസമയമായിരുന്നു; സാധാരണ ഇതിനുശേഷമാണ് അവർ പ്രഭാതഭക്ഷണം കഴിച്ചിരുന്നത്. ഭക്ഷണംപോലും കഴിച്ചിട്ടില്ലാത്തതിനാൽ ആ സമയത്ത് അവർ മദ്യപിച്ചിട്ടില്ല എന്നാണ് പത്രോസ് ഉദ്ദേശിക്കുന്നത്.
- g യോവേ. 2:28-32
- h മത്താ. 2:23
- i മൂ.ഭാ. പ്രമാണരഹിതരായവരുടെ
- j സങ്കീ. 16:8-11
- k അതായത്, പിതാവായ ദൈവം യേശുകർത്താവിനോട്
- l സങ്കീ. 110:1
- m അഥവാ, മാനസാന്തരപ്പെടുക