Link to home pageLanguagesLink to all Bible versions on this site
10
കൊർന്നേല്യൊസും പത്രോസും
1 കൈസര്യയിൽ കൊർന്നേല്യൊസ് എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ “ഇറ്റാലിയൻ വ്യൂഹം” എന്നറിയപ്പെട്ടിരുന്ന സൈനികവിഭാഗത്തിൽ ശതാധിപനായിരുന്നു.*അതായത്, നൂറുപേരടങ്ങുന്ന സൈന്യത്തിന്റെ അധിപൻ. 2 അദ്ദേഹവും കുടുംബാംഗങ്ങൾ എല്ലാവരും ഭക്തിയും ദൈവഭയവും ഉള്ളവരായിരുന്നു; അദ്ദേഹം ഉദാരമനസ്സോടെ ദാനധർമം ചെയ്യുകയും പതിവായി ദൈവത്തോടു പ്രാർഥിക്കുകയും ചെയ്തുവന്നു. 3 ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടടുത്ത് ഒരു ദൈവദൂതൻ വന്ന്, “കൊർന്നേല്യൊസേ” എന്നു വിളിക്കുന്നത് ഒരു ദർശനത്തിൽ അദ്ദേഹം വ്യക്തമായിക്കണ്ടു.

4 കൊർന്നേല്യൊസ് ഭയചകിതനായി ആ ദൂതനെ ഉറ്റുനോക്കി. “കർത്താവേ, എന്താണ്?” അദ്ദേഹം ചോദിച്ചു.

അതിനു ദൂതൻ, “നിന്റെ പ്രാർഥനകളും ദാനധർമങ്ങളും ഒരനുസ്മരണയാഗമായി ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു. 5 ഇപ്പോൾത്തന്നെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചിരുന്ന ശിമോൻ എന്നയാളെ വരുത്തുക. 6 അയാൾ തുകൽപ്പണിക്കാരനായ ശിമോനോടുകൂടെ താമസിക്കുന്നു. അവന്റെ വീട് കടൽത്തീരത്തിനടുത്താണ്” എന്നു പറഞ്ഞു.

7 തന്നോടു സംസാരിച്ച ദൂതൻ പോയശേഷം കൊർന്നേല്യൊസ് തന്റെ വേലക്കാരിൽ രണ്ടുപേരെയും പടയാളികളിൽ ഭക്തനായ ഒരു അംഗരക്ഷകനെയും വിളിച്ചു. 8 സംഭവിച്ചതെല്ലാം അദ്ദേഹം അവരോടു വിവരിച്ചിട്ട് അവരെ യോപ്പയിലേക്കയച്ചു.

പത്രോസിന്റെ ദർശനം
9 അവർ യാത്രചെയ്ത് പിറ്റേന്ന് ഉച്ചസമയത്തോടെ യോപ്പാനഗരത്തിനടുത്തെത്തി. അതേസമയംതന്നെ പത്രോസ് പ്രാർഥിക്കാനായി വീടിന്റെ മുകൾനിലയിൽ കയറിയിരിക്കുകയായിരുന്നു. 10 വിശന്നതിനാൽ എന്തെങ്കിലും ഭക്ഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. വീട്ടിൽ ഭക്ഷണം തയ്യാറായിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ആത്മവിവശനായി. 11 സ്വർഗം തുറന്നിരിക്കുന്നതും നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം ഭൂമിയിലേക്ക് ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു. 12 അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലികളും ഇഴജന്തുക്കളും ആകാശത്തിലെ പക്ഷികളും ഉണ്ടായിരുന്നു. 13 ഒരു അശരീരി അദ്ദേഹത്തോടു പറഞ്ഞത്, “പത്രോസേ, എഴുന്നേറ്റ് കൊന്നുതിന്നുക.”

14 “എനിക്കതിനു കഴിയില്ല കർത്താവേ, അശുദ്ധമോ മലിനമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ,” പത്രോസ് മറുപടി പറഞ്ഞു.

15 “ദൈവം ശുദ്ധീകരിച്ചതൊന്നും അശുദ്ധമെന്നു കരുതരുത്” ആ അശരീരി രണ്ടാമതും ഉണ്ടായി.

16 മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടൻതന്നെ ആ പാത്രം സ്വർഗത്തിലേക്കു തിരികെ എടുക്കപ്പെട്ടു.

17 എന്തായിരിക്കും ഈ ദർശനത്തിന്റെ അർഥമെന്ന് പത്രോസ് ചിന്തിച്ചു കുഴങ്ങുമ്പോൾ കൊർന്നേല്യൊസ് അയച്ചിരുന്ന പുരുഷന്മാർ ശിമോന്റെ വീട് തേടിത്തേടി ഒടുവിൽ വീടിന്റെ പടിവാതിൽക്കലെത്തി. 18 “പത്രോസ് എന്നറിയപ്പെടുന്ന ശിമോൻ ഇവിടെയാണോ താമസിക്കുന്നത്?” എന്ന് അവർ വിളിച്ചുചോദിച്ചു.

19 പത്രോസ് ദർശനത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവ് അദ്ദേഹത്തോട്, “ശിമോനേ, മൂന്നുപേർ നിന്നെ അന്വേഷിക്കുന്നു. 20 എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക. അവരോടുകൂടെ പോകാൻ മടിക്കേണ്ടാ; ഞാനാണ് അവരെ അയച്ചിരിക്കുന്നത്” എന്നു പറഞ്ഞു.

21 അദ്ദേഹം താഴേക്കുചെന്ന് അവരോടു ചോദിച്ചു, “നിങ്ങൾ അന്വേഷിക്കുന്ന ആൾ ഞാൻതന്നെ. നിങ്ങൾ വന്ന കാര്യം എന്ത്?”

22 “ശതാധിപനായ കൊർന്നേല്യൊസിന്റെ അടുക്കൽനിന്നാണു ഞങ്ങൾ വരുന്നത്. അദ്ദേഹം നീതിനിഷ്ഠനും ദൈവഭക്തനും എല്ലാ യെഹൂദരാലും ബഹുമാനിക്കപ്പെടുന്നവനുമാണ്. അങ്ങയുടെസന്ദേശം കേൾക്കാൻ അങ്ങയെ അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുത്തണമെന്ന്, ഒരു വിശുദ്ധദൂതനിൽനിന്ന് അദ്ദേഹത്തിന് അരുളപ്പാടുണ്ടായി,” എന്നു പറഞ്ഞു. 23 അപ്പോൾ പത്രോസ് അവരെ വീടിനുള്ളിലേക്കു ക്ഷണിച്ച് അന്ന് അവിടെ താമസിപ്പിച്ചു.

പത്രോസ് കൊർന്നേല്യൊസിന്റെ ഭവനത്തിൽ
പിറ്റേദിവസം പത്രോസ് അവരോടുകൂടെ കൊർന്നേല്യൊസിന്റെ ഭവനത്തിലേക്ക് യാത്രപുറപ്പെട്ടു. യോപ്പയിലെ ഏതാനും സഹോദരന്മാരും അദ്ദേഹത്തോടൊപ്പം യാത്രയായി. 24 അടുത്തദിവസം അവർ കൈസര്യയിലെത്തി. കൊർന്നേല്യൊസ് അവരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു; ബന്ധുക്കളെയും ഉറ്റസുഹൃത്തുക്കളെയും അദ്ദേഹം അവിടെ വിളിച്ചുകൂട്ടിയിരുന്നു. 25 പത്രോസ് ഭവനത്തിൽ പ്രവേശിച്ചപ്പോൾ കൊർന്നേല്യൊസ് അദ്ദേഹത്തെ കണ്ട് ആദരപൂർവം കാൽക്കൽവീണു വന്ദിച്ചു. 26 പത്രോസ് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചുകൊണ്ട്, “എഴുന്നേൽക്കുക, ഞാനും ഒരു മനുഷ്യനാണ്” എന്നു പറഞ്ഞു.

27 കൊർന്നേല്യൊസിനോട് സംസാരിച്ചുകൊണ്ടു പത്രോസ് അകത്തേക്കു ചെന്നു. അവിടെ ഒരു വലിയ ജനക്കൂട്ടം സന്നിഹിതരായിരുന്നു. 28 അദ്ദേഹം അവരോടു പറഞ്ഞു: “ഒരു യെഹൂദൻ യെഹൂദേതരനായ ഒരാളോടു സഹകരിക്കുകയോ അവനെ സന്ദർശിക്കുകയോ ചെയ്യുന്നതു ഞങ്ങളുടെ ന്യായപ്രമാണത്തിനു വിരുദ്ധമാണെന്നു നിങ്ങൾക്കറിയാമല്ലോ! എന്നാൽ ഒരാളെപ്പോലും അശുദ്ധരെന്നോ മലിനരെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. 29 അതുകൊണ്ടാണ് എനിക്കായി ആളയച്ചപ്പോൾ യാതൊരു എതിർപ്പും പറയാതെ ഞാൻ വന്നത്. ഇനി പറയുക, നിങ്ങൾ എന്തിനാണ് എന്നെ വിളിപ്പിച്ചത്?”

30 കൊർന്നേല്യൊസ് ഇങ്ങനെ മറുപടി പറഞ്ഞു: “നാലു ദിവസംമുമ്പ് ഉച്ചയ്ക്ക്, ഏകദേശം മൂന്നുമണിക്ക് ഞാൻ എന്റെ വീട്ടിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, മിന്നുന്ന വസ്ത്രം ധരിച്ച ഒരു മനുഷ്യൻ എന്റെ മുമ്പിൽനിന്നുകൊണ്ട്, 31 ‘കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർഥന കേൾക്കുകയും നിന്റെ ദാനധർമങ്ങൾ ഓർക്കുകയും ചെയ്തിരിക്കുന്നു. 32 ഇപ്പോൾ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചുവരുന്ന ശിമോനെ വരുത്തുക. അദ്ദേഹം കടലോരത്ത് തുകൽപ്പണിക്കാരനായ ശിമോന്റെ വീട്ടിൽ അതിഥിയായി താമസിക്കുന്നു’ എന്ന് എന്നോടു പറഞ്ഞു. 33 ഉടനെതന്നെ ഞാൻ അങ്ങേക്കായി ആളെ അയച്ചു. അങ്ങു വന്നതു വലിയ ഉപകാരം. ഞങ്ങളോടു പറയുന്നതിനായി കർത്താവ് അങ്ങയോടു കൽപ്പിച്ചിട്ടുള്ളസന്ദേശം കേൾക്കാൻ ഞങ്ങൾ ഇതാ ദൈവസന്നിധിയിൽ കൂടിയിരിക്കുന്നു.”

34 പത്രോസ് തന്റെ പ്രഭാഷണം ഇങ്ങനെ ആരംഭിച്ചു: “ദൈവത്തിനു പക്ഷഭേദമില്ലെന്നും 35 ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ, അവർ ഏതു ജനവിഭാഗത്തിലുള്ളവരായിരുന്നാലും അവിടന്ന് അംഗീകരിക്കുന്നു എന്നും ഉള്ള യാഥാർഥ്യം ഞാനിപ്പോൾ മനസ്സിലാക്കുന്നു. 36 എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുവിലൂടെ സമാധാനത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ട് ദൈവം ഇസ്രായേൽമക്കൾക്കു നൽകിയ സന്ദേശം ഇതാണ്: 37 സ്നാനത്തെക്കുറിച്ച് യോഹന്നാൻ പ്രസംഗം ആരംഭിച്ചതുമുതൽ, ഗലീലയിൽ തുടങ്ങി യെഹൂദ്യപ്രവിശ്യയിൽ എല്ലായിടത്തും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്കറിവുള്ളതാണല്ലോ. 38 നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകംചെയ്തു. ദൈവം തന്നോടുകൂടെയിരുന്നതിനാൽ അദ്ദേഹം നന്മചെയ്തും പിശാചിന്റെ ശക്തിക്ക് അധീനരായിരുന്നവരെ സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചു.

39 “യെഹൂദരുടെ ദേശത്തെല്ലായിടവും ജെറുശലേമിലും അദ്ദേഹം പ്രവർത്തിച്ച എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ സാക്ഷികളാണ്. അദ്ദേഹം കുരിശിൽത്തറച്ച് കൊല്ലപ്പെടുകയും 40 മൂന്നാംദിവസം മരിച്ചവരിൽനിന്ന് ദൈവം അദ്ദേഹത്തെ ഉയിർത്തെഴുന്നേൽപ്പിച്ചു പ്രത്യക്ഷനാക്കുകയും ചെയ്തു. 41 എല്ലാവർക്കുമല്ല, പിന്നെയോ, സാക്ഷികളായിരിക്കാൻ ദൈവം നേരത്തേതന്നെ തെരഞ്ഞെടുത്തിരുന്നവരായ ഞങ്ങൾക്കാണ് അദ്ദേഹത്തെ ദൈവം പ്രത്യക്ഷനാക്കിയത്. അദ്ദേഹം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം അദ്ദേഹത്തോടൊപ്പം ഞങ്ങൾ ഭക്ഷണപാനീയങ്ങൾ കഴിച്ചു. 42 ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവം നിയോഗിച്ചിരിക്കുന്നത് അദ്ദേഹത്തെയാണെന്ന് സാക്ഷ്യപ്പെടുത്തി ജനങ്ങളോടു പ്രസംഗിക്കാൻ അവിടന്നു ഞങ്ങൾക്ക് കൽപ്പന നൽകിയിരിക്കുന്നു. 43 യേശുകർത്താവിൽ വിശ്വസിക്കുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ നാമത്തിലൂടെ പാപമോചനം ലഭിക്കുമെന്ന് എല്ലാ പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.”

44 പത്രോസ് ഈ വാക്കുകൾ പ്രസ്താവിക്കുമ്പോൾത്തന്നെ, വചനം ശ്രവിച്ചുകൊണ്ടിരുന്ന എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു. 45 യെഹൂദേതരരുടെമേലും പരിശുദ്ധാത്മാവ് എന്ന ദാനം പകർന്നതിൽ, പത്രോസിനോടൊപ്പം വന്ന യെഹൂദന്മാരായമൂ.ഭാ. പരിച്ഛേദനക്കാരായ വിശ്വാസികൾ വിസ്മയഭരിതരായി. 46 കാരണം, യെഹൂദേതരരും വിവിധ ഭാഷകളിൽ സംസാരിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് അവർ കേട്ടു.

അപ്പോൾ പത്രോസ്, 47 “നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവ് ലഭിച്ചിരിക്കുന്ന ഇവർക്ക് ജലസ്നാനം വിലക്കാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു. 48 തുടർന്ന് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിക്കാൻ അദ്ദേഹം കൽപ്പിച്ചു. തങ്ങളോടൊപ്പം ഏതാനും ദിവസം താമസിക്കണമെന്ന് അവിടെയുള്ളവർ പത്രോസിനോട് അപേക്ഷിച്ചു.

<- അപ്പൊ.പ്രവൃത്തികൾ 9അപ്പൊ.പ്രവൃത്തികൾ 11 ->