2 ദാവീദ് മോവാബ്യരെയും തോൽപ്പിച്ചു. അദ്ദേഹം അവരെ തറയിൽ നിരത്തിക്കിടത്തി ഒരു ചരടിന്റെ നിശ്ചിത നീളംവെച്ച് അളന്നു. ഓരോ നിരയിലും മൂന്നിൽരണ്ടു ഭാഗത്തുമുള്ള ആളുകളെ വധിക്കുകയും ഓരോ മൂന്നിൽ ഒരു ഭാഗത്തുള്ളവരെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്തു. അങ്ങനെ മോവാബ്യർ ദാവീദിന് അടിമകളായി കപ്പംകൊടുത്തു.[a]
3 കൂടാതെ, സോബാരാജാവും രെഹോബിന്റെ മകനുമായ ഹദദേസർ യൂഫ്രട്ടീസ് നദീതീരത്തുള്ള തന്റെ ആധിപത്യം[b] ഉറപ്പിക്കാൻ പുറപ്പെട്ടപ്പോൾ ദാവീദ് അദ്ദേഹത്തെയും കീഴടക്കി. 4 അദ്ദേഹത്തിന്റെ ആയിരം രഥങ്ങളെയും ഏഴായിരം[c] കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു. നൂറു രഥക്കുതിരകളെ ഒഴിച്ച് ബാക്കിവന്ന എല്ലാറ്റിനെയും ദാവീദ് കുതിഞരമ്പു ഛേദിച്ചു മുടന്തരാക്കി.
5 ദമസ്കോസിൽനിന്നുള്ള അരാമ്യർ സോബാരാജാവായ ഹദദേസറിനെ സഹായിക്കാനെത്തിയപ്പോൾ അവരിൽ ഇരുപതിനായിരംപേരെ ദാവീദ് സംഹരിച്ചു. 6 അരാമ്യരുടെ രാജ്യത്തുള്ള ദമസ്കോസിൽ അദ്ദേഹം ഒരു കാവൽസേനാകേന്ദ്രം സ്ഥാപിച്ചു. അരാമ്യർ ദാവീദിന് അടിമകളായിത്തീർന്ന്, കപ്പം കൊടുത്തുപോന്നു. ദാവീദു ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
7 ഹദദേസറിന്റെ സൈന്യാധിപന്മാർക്കുണ്ടായിരുന്ന സ്വർണപ്പരിചകൾ ദാവീദ് പിടിച്ചെടുത്ത് ജെറുശലേമിലേക്കു കൊണ്ടുവന്നു. 8 ഹദദേസറിന്റെ അധീനതയിലെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും[d] ബെരോതായിൽനിന്നും ദാവീദുരാജാവ് ധാരാളം വെങ്കലവും കൈവശപ്പെടുത്തി.
9 ദാവീദ് ഹദദേസറിന്റെ സകലസൈന്യത്തെയും തോൽപ്പിച്ചു എന്ന് ഹമാത്ത് രാജാവായ തോയി[e] കേട്ടപ്പോൾ, 10 ദാവീദുരാജാവിനെ അഭിവാദനം ചെയ്യുന്നതിനും യുദ്ധത്തിൽ അദ്ദേഹം ഹദദേസരിന്മേൽ നേടിയ വിജയത്തിൽ അഭിനന്ദിക്കുന്നതിനുമായി തോയി തന്റെ മകനായ യോരാമിനെ[f] അയച്ചു. ഹദദേസർ തോയി രാജാവുമായി കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. സ്വർണം, വെള്ളി, വെങ്കലം ഇവകൊണ്ടുള്ള ഉപകരണങ്ങളും യോരാം കാഴ്ചയായി കൊണ്ടുവന്നിരുന്നു.
11-12 താൻ കീഴടക്കിയ ഏദോമ്യർ,[g] മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിവരുടെ രാജ്യങ്ങളിൽനിന്ന് പിടിച്ചെടുത്ത സ്വർണവും വെള്ളിയുംപോലെതന്നെ യോരാം കൊണ്ടുവന്ന സാധനങ്ങളും ദാവീദ് രാജാവ് യഹോവയ്ക്കായി സമർപ്പിച്ചു. സോബാരാജാവും രെഹോബിന്റെ മകനുമായ ഹദദേസരിൽനിന്നും അപഹരിച്ചിരുന്ന കൊള്ളമുതലും അദ്ദേഹം യഹോവയ്ക്കായി സമർപ്പിച്ചു.
13 ഉപ്പുതാഴ്വരയിൽവെച്ച് പതിനെണ്ണായിരം ഏദോമ്യരെ[h] സംഹരിച്ചു മടങ്ങിയെത്തിയപ്പോൾ ദാവീദ് ഏറ്റവും പ്രശസ്തനായിത്തീർന്നു.
14 അദ്ദേഹം ഏദോമിൽ ഉടനീളം കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു; ഏദോമ്യരെല്ലാം ദാവീദിന്റെ അടിമകളായിത്തീർന്നു. ദാവീദ് ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
- a ചക്രവർത്തിയുടെ ഭരണത്തിൻകീഴേയുള്ള രാജ്യങ്ങളിലെ രാജാക്കന്മാർ വർഷംതോറും ചക്രവർത്തിക്ക് കൊടുത്തുവന്നിരുന്ന നികുതി.
- b അഥവാ, സ്മാരകം
- c ചി.കൈ.പ്ര. 1,700
- d ചി.കൈ.പ്ര. ബേതഹിൽനിന്നും 1 ദിന. 18:8 കാണുക.
- e തൂ, തോയി എന്നതിന്റെ മറ്റൊരുരൂപം.
- f ഹദോരാം, യോരാം എന്നതിന്റെ മറ്റൊരുരൂപം.
- g ചി.കൈ.പ്ര. അരാമ്യർ
- h ചി.കൈ.പ്ര. അരാമ്യരെ
- i അതായത്, ഭരണസംബന്ധമായ കണക്കുകളും സംഭവങ്ങളും എഴുതി സൂക്ഷിക്കുന്നയാൾ.
- j അഥവാ, രാജകീയ ഉപദേഷ്ടാക്കന്മാരായിരുന്നു. 1 ദിന. 18:17 കാണുക.