Link to home pageLanguagesLink to all Bible versions on this site
10
ദാവീദ് അമ്മോന്യരെ തോൽപ്പിക്കുന്നു
1 പിന്നീട് അമ്മോന്യരുടെ രാജാവു മരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ മകനായ ഹാനൂൻ അനന്തരാവകാശിയായി രാജ്യഭാരമേറ്റു. 2 അപ്പോൾ ദാവീദ് വിചാരിച്ചു: “ഹാനൂന്റെ പിതാവായ നാഹാശ് എന്നോടു ദയ കാണിച്ചതുപോലെ ഞാനും ഹാനൂനോടു ദയ കാണിക്കേണ്ടതാണ്.” അതിനാൽ പിതാവിന്റെ നിര്യാണത്തിൽ ഹാനൂനോടുള്ള അനുശോചനം പ്രകടിപ്പിക്കുന്നതിന് ദാവീദ് ഒരു പ്രതിനിധിസംഘത്തെ അവിടേക്ക് അയച്ചു.
ദാവീദ് അയച്ച ആളുകൾ അമ്മോന്യരുടെ ദേശത്ത് എത്തി. 3 അപ്പോൾ അമ്മോന്യപ്രഭുക്കന്മാർ അവരുടെ രാജാവായ ഹാനൂനോടു പറഞ്ഞു: “സഹതാപം പ്രകടിപ്പിക്കുന്നതിന് അങ്ങയുടെ അടുത്തേക്ക് പ്രതിനിധികളെ അയയ്ക്കുകവഴി ദാവീദ് അങ്ങയുടെ പിതാവിനോടുള്ള ബഹുമാനം കാണിക്കുകയാണ് എന്ന് അങ്ങു വിചാരിക്കുന്നുണ്ടോ? നഗരത്തെ പര്യവേക്ഷണംചെയ്യുന്നതിനും അതിനെതിരേ ചാരപ്രവർത്തനം നടത്തുന്നതിനും അതിനെ അട്ടിമറിക്കുന്നതിനുമല്ലോ അയാൾ ആളുകളെ അയച്ചിരിക്കുന്നത്?” 4 അതിനാൽ ഹാനൂൻ ദാവീദിന്റെ സ്ഥാനപതികളെ പിടിച്ച് അവരുടെ താടി പകുതി ക്ഷൗരംചെയ്യിപ്പിച്ച് വസ്ത്രം നിതംബമധ്യത്തിൽവെച്ചു മുറിപ്പിച്ച് വിട്ടയച്ചു.

5 ദാവീദ് ഇക്കാര്യം അറിഞ്ഞു. ആ മനുഷ്യർ അത്യന്തം അപമാനിതരായിരുന്നതിനാൽ അവരുടെ അടുത്തേക്ക് അദ്ദേഹം ദൂതന്മാരെ അയച്ച് ഇങ്ങനെ പറയിച്ചു: “നിങ്ങൾ യെരീഹോവിൽ പാർക്കുക. നിങ്ങളുടെ താടിവളർന്ന് പഴയതുപോലെ ആകുമ്പോൾ മടങ്ങിവരികയും ചെയ്യുക.”

6 തങ്ങൾ ദാവീദിന്റെ വെറുപ്പിനു പാത്രമായിത്തീർന്നു എന്ന് അമ്മോന്യർക്കു ബോധ്യമായി. അവർ ബേത്ത്-രാഹോബിൽനിന്നും സോബയിൽനിന്നുമായി ഇരുപതിനായിരം അരാമ്യ കാലാളുകളെയും മയഖാ രാജാവിനോട് ആയിരം പടയാളികളെയും തോബിൽനിന്നു പന്തീരായിരം പടയാളികളെയും വാടകയ്ക്കു വരുത്തി.

7 ഇതു കേട്ടിട്ട്, ദാവീദ് യോദ്ധാക്കളുടെ സർവസൈന്യത്തോടുംകൂടി യോവാബിനെ അയച്ചു. 8 അമ്മോന്യർ വെളിയിൽവന്ന് നഗരകവാടത്തിൽ, യുദ്ധമുറയനുസരിച്ച് അണിനിരന്നു. എന്നാൽ സോബയിൽനിന്നും രെഹോബിൽനിന്നുമുള്ള അരാമ്യരും തോബിൽനിന്നും മയഖായിൽനിന്നുമുള്ള പടയാളികൾ—അവർമാത്രമായി—വെളിമ്പ്രദേശത്ത് നിലയുറപ്പിച്ചു.

9 തന്റെ മുന്നിലും പിന്നിലും പടയാളികൾ അണിനിരന്നിരിക്കുന്നതായി യോവാബു കണ്ടു. അതിനാൽ അദ്ദേഹം ഇസ്രായേല്യരിൽ ഏറ്റവും ശൂരന്മാരായ കുറെ പടയാളികളെ തെരഞ്ഞെടുത്ത് അവരെ അരാമ്യർക്കെതിരേ അണിനിരത്തി. 10 ശേഷം പടയാളികളെ അദ്ദേഹം തന്റെ സഹോദരനായ അബീശായിയുടെ ആധിപത്യത്തിലാക്കി, അമ്മോന്യർക്കെതിരേയും അണിനിരത്തി. 11 എന്നിട്ടു യോവാബു പറഞ്ഞു: “എനിക്കു നേരിടാൻ കഴിയാത്തവിധം അരാമ്യർ പ്രാബല്യം പ്രാപിച്ചാൽ നീ എന്റെ രക്ഷയ്ക്കായി വന്നെത്തണം. മറിച്ച് അമ്മോന്യർ, നിനക്കു നേരിടാൻ കഴിയാത്തവിധം, പ്രാബല്യം പ്രാപിച്ചാൽ ഞാൻ നിന്റെ രക്ഷയ്ക്കായി വന്നെത്തും. 12 ശക്തനായിരിക്കുക! നമ്മുടെ ജനങ്ങൾക്കും നമ്മുടെ ദൈവത്തിന്റെ നഗരങ്ങൾക്കുംവേണ്ടി നമുക്കു ധീരമായി പൊരുതാം. അവിടത്തെ ദൃഷ്ടിയിൽ നന്മയായുള്ളത് യഹോവ ചെയ്യട്ടെ!”

13 അതിനെത്തുടർന്ന് യോവാബും അദ്ദേഹത്തോടൊപ്പമുള്ള പടയാളികളും അരാമ്യരോടു പൊരുതാൻ മുന്നേറി. അരാമ്യർ അവരുടെമുമ്പിൽനിന്ന് തോറ്റോടി. 14 അരാമ്യർ പലായനം ചെയ്യുന്നതായി കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്നോടി പട്ടണത്തിനുള്ളിൽ പ്രവേശിച്ചു. അതിനാൽ യോവാബ് അമ്മോന്യരുമായുള്ള പോരിൽനിന്നും പിൻവാങ്ങി ജെറുശലേമിലേക്കു മടങ്ങിപ്പോന്നു.

15 ഇസ്രായേല്യർ തങ്ങളെ തോൽപ്പിച്ചോടിച്ചെന്നു കണ്ടിട്ട് അരാമ്യർ വീണ്ടും സംഘംചേർന്നു. 16 യൂഫ്രട്ടീസ് നദിക്ക് അപ്പുറമുള്ള അരാമ്യരെയും ഹദദേസർ വരുത്തിയിരുന്നു. ഹദദേസറിന്റെ സൈന്യാധിപനായ ശോബക്ക് അവരെ നയിച്ചു; അവർ ഹേലാമിലേക്കു ചെന്നു.

17 ഇതേപ്പറ്റി ദാവീദിന് അറിവുകിട്ടിയപ്പോൾ അദ്ദേഹം ഇസ്രായേൽസൈന്യത്തെയെല്ലാം വിളിച്ചുകൂട്ടി. അവർ യോർദാൻനദികടന്ന് ഹേലാമിൽ എത്തി. ദാവീദിനെ നേരിടുന്നതിനായി അരാമ്യർ സൈന്യത്തെ അണിനിരത്തി അദ്ദേഹത്തോടു പൊരുതി. 18 എന്നാൽ അവർ ഇസ്രായേലിന്റെ മുമ്പിൽനിന്ന് തോറ്റോടി. അവരുടെ തേരാളികളിൽ എഴുനൂറു പേരെയും കാലാളുകളിൽ[a] നാൽപ്പതിനായിരം പേരെയും ദാവീദ് സംഹരിച്ചു. അദ്ദേഹം അവരുടെ സൈന്യാധിപനായ ശോബക്കിനെയും അദ്ദേഹം വധിച്ചു. 19 ഇസ്രായേല്യർ തങ്ങളെ പരാജയപ്പെടുത്തി എന്നുകണ്ടപ്പോൾ, ഹദദേസരിനു കീഴ്പ്പെട്ടിരുന്ന രാജാക്കന്മാരെല്ലാം ഇസ്രായേലുമായി സമാധാനസന്ധിചെയ്തു. അവർ ഇസ്രായേലിനു കീഴ്പ്പെട്ടു ജീവിച്ചു.

അതിനുശേഷം അമ്മോന്യരെ തുടർന്നും സഹായിക്കാൻ അരാമ്യർ ഭയപ്പെട്ടു.

<- 2 ശമുവേൽ 92 ശമുവേൽ 11 ->